അച്ഛന്റെ മരണം ആകസ്മികമായിരുന്നു. തുഷാര പ്രീഡിഗ്രി ഫലം കാത്തിരിക്കുന്ന കാലം. ചെമ്പക പുഴയും കടത്തുവഞ്ചിയും നിശ്ചലമായി പോയ കറുത്ത ദിനം. പുഴയില്‍ തുഴയെറിയാന്‍ തുടങ്ങിയിട്ട് 50 വര്‍ഷത്തിന്റെ വലിയ പാരമ്പര്യം ഉണ്ടായിരുന്നു ഭാസ്‌കരേട്ടന്. ഭാര്യ വസുമതിയും മകള്‍ തുഷാരയും ജീവിച്ചതും വളര്‍ന്നതും ചെമ്പക പുഴയുടെ കാരുണ്യത്തിലായിരുന്നു.
അന്നത്തിന് വഴിമുട്ടിയ അനിശ്ചിതത്വം. തുഷാര തുഴയെറിയാന്‍ തന്നെ തീരുമാനിച്ചു. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന പുഴ. അമ്മ തുഷാരയെ വിലക്കി. അവള്‍ അമ്മയെ സാന്ത്വനിപ്പിച്ചു. അച്ഛനെ കാത്തതുപോലെ പുഴ മകളെയും കാക്കുമെന്ന് അമ്മയെ തലോടിക്കൊണ്ട് അവള്‍ സമാധാനിപ്പിച്ചു. ചിരിച്ചുകൊണ്ട് തുഷാര ജീവിതം തുഴഞ്ഞു. സ്‌കൂളിലെ പരുക്കന്‍ ഗ്രൗണ്ടിലൂടെ ചിരിച്ചുകൊണ്ട് ഓടി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ തുഷാരയ്‌ക്ക് ചെമ്പക പുഴ തുഴഞ്ഞു പോകാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.
ഒരു മധ്യാഹ്നം യാത്രികനായി ഒരു താടിക്കാരന്‍ വഞ്ചിയില്‍ കയറി. കുപ്പിവളകള്‍ ചിരിച്ചു രസിച്ചു നില്‍ക്കെ പാവാടക്കാരി കലാപരമായി തുഴയെറിഞ്ഞു.
മറുകരയിലിറങ്ങാന്‍ നേരത്ത് അയാള്‍ അവള്‍ക്ക് നേരെ ചോദ്യം എറിഞ്ഞു.
”പാട്ട് ഇഷ്ടമാണോ”?
അവള്‍ വിനയത്തോടെ ചിരിച്ചു. നല്ലൊരു നാണത്തോടെ അവള്‍ പ്രതികരിച്ചു.
”പാട്ടുമാത്രമല്ല… പാടുന്നവരെയും”
കണ്ണുകളില്‍ സൗന്ദര്യത്തിന്റെ തിളക്കം. ”അഭിനയമോ”? അയാള്‍ തുടരെ ചോദിച്ചു.
ജീവിതം നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്ന തുഷാര നായികാ പട്ടത്തിന്റെ ഭാവങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചു.
ചെമ്പകപ്പുഴയോരത്ത് പതിവില്ലാതെ നിറമുള്ള പൂക്കള്‍ വിരിയാന്‍ തുടങ്ങി. മഴ മാറിനിന്ന ചിങ്ങ മാസത്തില്‍ ചെമ്പകപ്പുഴയോരത്ത് വലിയ പുരുഷാരം. തുഷാരയെ നായികയാക്കി ‘കടത്തുകാരി’ എന്ന സിനിമയുടെ ചിത്രീകരണം. നായക വേഷത്തില്‍ സംവിധായകന്‍ ശ്യാം കൃഷ്ണ. അഭ്രപാളികളിലെത്താന്‍ ഏറെ സമയം വേണ്ടിവന്നില്ല. താര ജോഡികള്‍ക്ക് രാജകീയ വരവേല്‍പ്പ്. അഭിനയ വിസ്മയത്തെക്കുറിച്ച് എന്നും സജീവ ചര്‍ച്ചകള്‍.
വിഷു പുലരിയില്‍ തലസ്ഥാനത്തെ സൂര്യ തീയേറ്റര്‍ ജനനിബിഢമായിരുന്നു. 10 മണിക്ക് തന്നെ സാംസ്‌കാരിക മന്ത്രിയുടെ പ്രഖ്യാപനം ആ വര്‍ഷത്തെ മികച്ച സിനിമ ‘കടത്തുകാരി.’ മികച്ച നടി തുഷാര. ചെമ്പകപ്പുഴയുടെ കടത്തുകാരി നന്ദി പറയാന്‍ തുടങ്ങി. വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകി. ലഭിച്ച സ്വര്‍ണസമ്മാനം വഞ്ചിയില്‍ കയറിയ പഴയ താടിക്കാരന് സമര്‍പ്പിച്ചുകൊണ്ട് അവള്‍ ശ്യാം കൃഷ്ണന്റെ നെഞ്ചിലമര്‍ന്നു. ചെമ്പകപ്പുഴയില്‍ പുത്തനോളങ്ങള്‍ തിരയടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: