എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്നുകൊണ്ട് എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഒരു വിശ്വാസി അവിശ്വാസിയാകുന്നില്ല. ഒരു അവിശ്വാസിക്ക് വിശ്വാസിയെ അവിശ്വാസിയാക്കാനും കഴിയില്ല. കാരണം നമ്മളൊന്നും ഭക്തരായത് ഒരു ദിവസംകൊണ്ടൊ രണ്ടുദിവസംകൊണ്ടൊ അല്ല. നമ്മള് ജനിച്ചപ്പോള്‍ മുതല്‍ കണ്ടുവളര്‍ന്ന കാര്യങ്ങള്‍കൊണ്ട് നമ്മള് അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍കൊണ്ട് വിശ്വാസിയായവരാണ് നമ്മള്. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും ഇരുന്നുകൊണ്ട് ഗണപതി കെട്ടുകഥയാണ്, ശിവന് കെട്ടുകഥയാണ് ദേവി കെട്ടുകഥയാണ് എന്നൊക്കെ പറഞ്ഞാല്‍ വിശ്വാസിയെ അവിശ്വാസിയാക്കാന്‍ പറ്റുമോ? നമ്മുടെ വിശ്വാസങ്ങള്‍ നഷ്ടപ്പെടുമോ?
എന്തുകൊണ്ടാണ് എല്ലാവരും നമ്മളെ ദ്രോഹിക്കുന്നത്? നമ്മുടെ വിശ്വാസങ്ങളെ ഇങ്ങനെ മുറിവേല്‍പ്പിക്കുന്നത്? ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് വിശ്വസിക്കുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെയൊരു മിഥ്യാ ധാരണയുണ്ട് നമുക്ക് നട്ടെല്ലിന് കുറച്ച് ബലം കുറവാണെന്ന്. അതിനാല്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കണമെന്ന് തോന്നിയ സദസ്സാണിത്. ഇത്രയും പേര്‍ക്ക് ഇവിടെ വരാമെങ്കില്‍ നമുക്ക് നട്ടെല്ലുണ്ടെന്നാണ് പലര്‍ക്കും കാണിച്ചുകൊടുക്കേണ്ടത്. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഒരു വര്‍ഗീയവാദവുമല്ല ഞാന്‍ സംസാരിക്കുന്നത്. രാഷ്ട്രീയ കാര്യവുമല്ല പറയുന്നത്.
എന്റെ അനുഭവങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നും. എന്തിനാണ് നമ്മളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. നമ്മള് മറ്റുള്ളവരെ വിഷമിപ്പിക്കാന്‍ പോകുന്നില്ലല്ലോ. എല്ലാ പൗരന്റെയും അവകാശമാണ് അവരുടെ ആചാരങ്ങളെ അനുഷ്ഠാനങ്ങളെ സംരക്ഷിക്കുവാനുള്ള അവകാശം. എന്തിനാണ് മറ്റുള്ളവര്‍ നമ്മുടെ വികാരങ്ങളെ ഇങ്ങനെ വ്രണപ്പെടുത്തുന്നത്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കൂ.
എനിക്ക് യുട്യൂബ് ചാനലൊന്നുമില്ല. അതുകൊണ്ട് എനിക്ക് എവിടെ പ്രതികരിക്കണമെന്ന് അറിയില്ല. പണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായതു മുതല്‍ ഞാന്‍ വര്‍ഗീയവാദിയാണ്, തീവ്രവാദിയാണ് എല്ലാവര്ക്കും. ഭാരതാംബയായതിനു ശേഷം എന്റെ പേഴ്സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. പിന്നീട് അമ്പലത്തിന്റെ പ്രോഗ്രാമിനുമൊക്കെ വിളിക്കുമ്പോള്‍ മടിവരും പോകാന്‍. കാരണം എന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പലരും എന്റെയടുത്ത് ബിഹേവ് ചെയ്തത്, ഞാന്‍ പലയിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതൊക്കെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. പൊതുവെ ഞാന്‍ അറിഞ്ഞുകൊണ്ട് മാറിനില്‍ക്കുമായിരുന്നു.
പിന്നീട് എനിക്ക് തോന്നി എത്രകാലം നമ്മള് ഇങ്ങനെ പേടിക്കും? പിന്നെ എന്തിനാണ് ഞാന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിക്കുന്നു എന്നു പറയുന്നത്? നമ്മള് ആരെയാ പേടിക്കുന്നത്. ആരെയും പേടിക്കരുത്. ഞാന്‍ ഇങ്ങനെ പേടിക്കാന്‍ പോയിക്കഴിഞ്ഞാല്‍ ഓരോരുത്തരും ഇങ്ങനെ പേടിക്കും. അങ്ങനെയൊരു പേടി നമുക്കുണ്ടാവരുത്. എല്ലാവരും അവരുടെ മതത്തിലും വിശ്വാസത്തിലും വളര്‍ന്നവരാണ്. അതുപോലെയാണ് നമ്മളും. നമ്മള് ഹൈന്ദവരാണ്. നമ്മള് വിശ്വസിക്കുന്ന ഒരു വിശ്വാസം നമ്മള്‍ക്കുണ്ട്. അതുമായി നമ്മള് മുന്‍പോട്ടു പോയ്ക്കോട്ടെ. നമ്മളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ അനുവദിക്കുക. അങ്ങനെയൊരു അപേക്ഷ മാത്രമേയുള്ളൂ. അല്ലാതെ പ്രതിഷേധമോ ആക്രമണമോ വര്‍ഗീയവാദമോ ഒന്നുമല്ല. ഞങ്ങള്‍ വിശ്വാസങ്ങളുമായി മുന്‍പോട്ടു പോയ്ക്കോട്ടെ. ഞങ്ങളെ ഉപദ്രവിക്കാന്‍ വരരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.
ചില സമയത്തു തോന്നും ആരെങ്കിലും എവിടെയെങ്കിലുമൊക്കെ ഒരു കൊട്ടുകൊട്ടുന്നത് നല്ലതാണെന്ന്. ഈ ഒരു ഐക്യം കാണാനുള്ള സാഹചര്യമാണല്ലോ ഒരുക്കുന്നത്. അതോര്‍ക്കുമ്പോള്‍ മാത്രമാണ് ഇതൊരു പോസിറ്റീവ് സെന്‍സില്‍ എടുക്കുന്നത്. കാരണം ഞങ്ങള്‍ നട്ടെല്ലില്ലാത്തവരല്ലെന്നും ഞങ്ങളുടെ നട്ടെല്ലിന് ബലമുണ്ടെന്നും, പ്രതിഷേധിക്കേണ്ടി വന്നാല്‍ ഞങ്ങള്‍ നല്ല രീതിയില്‍ പ്രതിഷേധിക്കുമെന്നും പ്രതികരണം അറിയിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ധൈര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.
എന്റെ മതത്തെ, എന്റെ വിശ്വാസത്തെ ഹനിക്കുന്ന എന്തു പ്രവൃത്തിയുണ്ടായാലും ഞാന്‍ എന്റെതായ രീതിയില്‍ പ്രതികരിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. അതിന് ഗണപതി ഭഗവാനും ഞാന്‍ വിശ്വസിക്കുന്ന മറ്റ് ദൈവങ്ങളുടെയും എനിക്ക് എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് തന്ന സദസ്സായി ഞാന്‍ ഇതിനെ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: