ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിന് ചെറുകിട സംരംഭങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. ചെറുകിട സംരംഭങ്ങള്‍ (എംഎസ്എംഇ) അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രയോജനം നല്‍കും, അദ്ദേഹം പറഞ്ഞു. ലഘു ഉദ്യോഗ് ഭാരതി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഉദ്യമി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാല്‍.
വലിയ കമ്പനികള്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രം തൊഴിലാണ് വ്യാവസായിക മേഖലയില്‍ നല്‍കുന്നത്. അത്തരം തൊഴിലുകള്‍ 90 ശതമാനവും നല്‍കുന്നത് ചെറുകിട സംരംഭങ്ങളാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍, ജനസംഖ്യയും പരിസ്ഥിതിയും പരിഗണിച്ച് ചെറുകിട സംരംഭങ്ങള്‍ക്കായി നയം രൂപീകരിക്കണം, അദ്ദേഹം അഭിപ്രായപ്പെട്ടു.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ ജനസംഖ്യയുടെ 58 ശതമാനവും കൃഷിയെ ആശ്രയിക്കുന്നവരാണ്. 60 കോടിയോളം ആളുകള്‍ക്ക് തുച്ഛമായ വരുമാനമാണുള്ളത്. വന്‍കിട വ്യവസായങ്ങള്‍ ജനങ്ങളെ നഗരങ്ങളിലെ ചേരികളില്‍ ദയനീയ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പ്രതിവര്‍ഷം 15 ലക്ഷം എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്നു. അവരില്‍ വലിയൊരു വിഭാഗത്തിനും ജോലിയില്ല. ഇവരെ തൊഴില്‍ ശക്തിയുടെ ഭാഗമാക്കണം. നമ്മുടെ സവിശേഷമായ സാമൂഹിക സാഹചര്യങ്ങള്‍ ഭരണഘടന വിലയിരുത്തിയിട്ടുണ്ട്. പക്ഷേ ഭരണഘടനയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല.
എംഎസ്എംഇകള്‍ സൃഷ്ടിക്കുന്ന മിക്ക ജോലികളും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരിലേക്കാണ് വരുമാനമെത്തിക്കുന്നത്. എംഎസ്എംഇകളിലെ സ്ത്രീത്തൊഴിലാളികളില്‍ 24 ശതമാനം എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എംഎസ്എംഇകള്‍ സാമൂഹിക പരിവര്‍ത്തനത്തിന് വലിയ സംഭാവനയാണ് ചെയ്യുന്നത്, ഡോ. കൃഷ്ണഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജോലികള്‍ കുറയുമ്പോള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ജോലികളും കുറയും. ഉദാഹരണത്തിന് റെയില്‍വെ കൂടുതല്‍ ജോലികളും പുറംകരാറിന് കൊടുക്കുകയാണ്. അവിടെ സംവരണമില്ല. ആ കുറവു നികത്താന്‍ സംവിധാനം വേണം. അതുകൊണ്ട് എംഎസ്എംഇകള്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്നവരില് ശ്രദ്ധ കേന്ദ്രീകരിക്കണം, സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ഇന്ന് ചെരുപ്പും ബ്രഷും വരെ വന്‍കിട കമ്പനികള്‍ വില്‍ക്കുന്നു. ടോയ്ലറ്റ് വൃത്തിയാക്കാന്‍ ബ്രാന്‍ഡഡ് ബ്രഷ് വേണോ? ഈ മേഖലകളില്‍ എങ്ങനെ തൊഴില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ബ്രാന്‍ഡ് ചെയ്യാത്ത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സംവരണം ആവശ്യമാണ്, കൃഷ്ണ ഗോപാല്‍ തുടര്‍ന്നു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, നിയമ സഹമന്ത്രി അര്ജുന് റാം മേഘ്വാള് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: