കോട്ടയം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുതുപ്പള്ളിയില്‍ മറുപടി പറയുമെന്ന് ജനങ്ങള്‍ കരുതിയെങ്കിലും അത് വെറുതെയായി. തെറ്റ് ചെയ്തിട്ടുണ്ടെന്ന ബോധ്യമാണ് മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കാന്‍ കാരണമെന്ന് മണര്‍കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സിപിഎം സെക്രട്ടറി മുഖ്യമന്ത്രിയേയും കുടുംബത്തെയും ന്യായീകരിക്കുകയാണ്. എം.വി. ഗോവിന്ദന് വീണാ വിജയന്റെ പിആര്‍ സെക്രട്ടറിയായി മാറി. കമ്പനികള്‍ തമ്മിലുള്ള ഇടപാടാണെങ്കില്‍ വീണയുടെ കമ്പനിയല്ലേ മറുപടി പറയേണ്ടത്. എക്സാലോജിക്ക് പറയേണ്ട കാര്യങ്ങള്‍ സിപിഎം സെക്രട്ടറി പറയുകയാണ്. എക്സാലോജിക്കുമായുള്ള സിപിഎമ്മിന്റെ ബന്ധം വ്യക്തമാവുകയാണ്. മാസപ്പടി ഇടപാടില്‍ സിപിഎമ്മിന് ബന്ധമുണ്ടെന്ന് ഗോവിന്ദന്റെ ന്യായീകരണത്തിലൂടെ വ്യക്തമായി. ഗോവിന്ദന് മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കസേര പണയം വെക്കുകയാണ്.
ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പിന് സമാനമായ അഴിമതിയാണ് കരുവന്നൂരില്‍ കണ്ടത്. മൂന്നോ നാലോ ഉദ്യോഗസ്ഥരോ രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളോ വിചാരിച്ചാല്‍ 300 കോടി തട്ടാനാവില്ലെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എ.സി. മൊയ്തീന് കുടുങ്ങിയപ്പോള്‍ അത് ബോധ്യമായി. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അഴിമതി നടന്നത്. തട്ടിപ്പുകാരെ ബാങ്കിന് പരിചയപ്പെടുത്തിയത് മൊയ്തീനാണ്. വിശദാംശങ്ങള്‍ പുറത്തുവരും മുമ്പ് എന്ത് അടിസ്ഥാനത്തിലാണ് സിപിഎം എ.സി. മൊയ്തീനെ ന്യായീകരിക്കുന്നത്? കേരളത്തിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ അഴിമതികള്‍ പുറത്തെത്തണം. സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അഴിമതികളില്‍ സിബിഐ അന്വേഷണം വേണമെന്നും എം.ടി. രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: