മാനന്തവാടി: കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മക്കിമല ആറാം നമ്പറിലെ പദ്മനാഭന് നഷ്ടമായത് ഭാര്യയും മകളും. പദ്മനാഭന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച ശാന്ത. ചിത്ര മകളാണ്. അന്നത്തിനുള്ള വകതേടി രാവിലെ തേയിലത്തോട്ടത്തില്‍ പണിക്കുപോയ ശാന്തയും ചിത്രയും ഇനിയില്ല എന്ന തിരിച്ചറിവില്‍ തരിച്ചിരിക്കയാണ് പദ്മനാഭന്. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മോഹാലസ്യം സംഭവിച്ചതുപോലെ തളര്‍ന്നിരിക്കുന്ന പദ്മനാഭന്, ഈ കാഴ്ചയ്ക്കു സാക്ഷികളായവരുടെയെല്ലാം വേദനയായി. പ്രിയപ്പെട്ടവരുടെ വേര്പാടിനെക്കുറിച്ചറിഞ്ഞ് ആറാം നമ്പര്‍ കോളനിയില്‍നിന്നു എത്തിയവരുടെ അലമുറ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിനെ ശോകസാന്ദ്രമാക്കി.
ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി
മാനന്തവാടി: തവിഞ്ഞാല്‍ കണ്ണോത്ത് മലയില്‍ ഒന്‍പതു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ റോഡിന്റെ വിശദപരിശോധന വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
റീടാറിങ് കാരണം റോഡും സംരക്ഷണഭിത്തിയും തമ്മിലുള്ള ഉയരം കുറഞ്ഞതും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായതായി കരുതുന്നു. ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ അപകടകാരണം കണ്ടെത്തും. ജീപ്പിന്റെ ബ്രേക്ക് ലൈന്‍ പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മറിഞ്ഞപ്പോള്‍ സംഭവിച്ചതാണോയെന്ന് പരിശോധിക്കണമെന്നും എംവിഡി പറഞ്ഞു.
സംഭവസ്ഥലം അപകടസാധ്യതാ മേഖലയെന്ന് സ്പെഷല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതായി പറയുന്നു. കഴിഞ്ഞ നവംബറില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ചെങ്കുത്തായ ഇറക്കവും വളവുമാണ് സ്ഥലത്തന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇറക്കത്തില്‍ വളവ് തിരിഞ്ഞു വന്ന ജീപ്പ് റോഡ് സൈഡിലെ കലുങ്ക് തകര്‍ത്ത് 25 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവര്‍ തെറിച്ചുപോയെന്നും ജീപ്പ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നുമാണ് പ്രാഥമിക നിഗമനം. ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: