വയനാട്: തലപ്പുഴ കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടംതൊഴിലാളികളായ ഒന്‍പത് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. വാഹനത്തിന് യന്ത്രതകരാര്‍ ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. ക്രെയിന്‍ എത്തിച്ച് അപകടത്തില്‍പെട്ട ജീപ്പ് ഉയര്‍ത്തിയശേഷം വിശദമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ച മൂന്ന് സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് ആറ് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ എല്ലാവരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് വിവരം. തുടർന്ന് ഒന്‍പത് മൃതദേഹങ്ങളും മക്കിമല സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള 10,000 രൂപ ധനസഹായ വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക സഹായം നൽകും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ പറഞ്ഞു.
ഇന്നാലെ വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു യാത്രക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: