മാറനല്ലൂര്‍: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും ക്രൈംബ്രാഞ്ച് പോലീസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ 2020 മുതല്‍ സേവനമനുഷ്ഠിക്കുന്ന ക്രൈംബ്രാഞ്ച് ഡ്രൈവര്‍ സാബുവിനെതിരെയാണ് മാറനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതി. ഇതിനെത്തുടര്‍ന്ന് നരുവാമൂട് പോലീസാണ് ക്രൈംബ്രാഞ്ച് ഡ്രൈവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ എലിപ്പനി ബാധിച്ചു മരിച്ച ഫോര്‍ട്ട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ബിനുകുമാറിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. മുന്‍പ് സാബുവിന്റെ ഭാര്യയുടെ പേരിലുള്ള വസ്തു ആറേകാല്‍ ലക്ഷം രൂപ നല്കി ബിനുവും ബിനുവിന്റെ ഭാര്യയും ചേര്‍ന്ന് വാങ്ങിയിരുന്നു. മരണശേഷം വസ്തു വാങ്ങിയ വകയില്‍ ഇനിയും പണം നല്കാന് ഉണ്ട് എന്നു പറഞ്ഞാണ് ക്രൈംബാഞ്ച് ഡ്രൈവറായ സാബു ബിനുവിന്റെ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ബിനുവിന്റെ ഭാര്യ ജയ നല്കിയ പരാതിയില്‍ പറയുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറിയതിനും അസഭ്യം പറഞ്ഞതിനും ഗൂഢാലോചന നടത്തിയതിനും എതിരെയാണ് സാബുവിനെതിരെ ഇപ്പോള്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കോവളത്തെ വിദേശവനിതയുടെ വധക്കേസുമായി ബന്ധപ്പെട്ട് പ്രധാന തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥനായിരുന്നു ബിനുകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: