ജോഹന്നാസ്ബര്‍ഗ്: ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഐഎസ്ആര്‍ഒ സംഘത്തോടൊപ്പം ചേര്‍ന്നു. വിജയകരമായ ലാന്‍ഡിംഗ് കഴിഞ്ഞയുടനെ പ്രധാനമന്ത്രി ടീമിനെ അഭിസംബോധന ചെയ്യുകയും ചരിത്ര നേട്ടത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു.
‘ഈ നിമിഷം അവിസ്മരണീയമാണ്, അഭൂതപൂര്‍വമാണ്. ഭാരതത്തിന്റെ വിജയാഹ്വാനമായ ‘വികസിത ഭാരതം” എന്ന ആഹ്വാനത്തിന്റെ നിമിഷമാണിത്, പ്രയാസങ്ങളുടെ മഹാസാഗരം കടന്ന് വിജയത്തിന്റെ ചന്ദ്രപഥത്തില്‍ സഞ്ചരിക്കുന്ന നിമിഷമാണിത്. 140 കോടി ഹൃദയമിടിപ്പുകളുടെ കഴിവിന്റെയും ഇന്ത്യയുടെ പുതിയ ഊര്‍ജത്തിന്റെ ആത്മവിശ്വാസത്തിന്റെയും നിമിഷമാണിത്. ഇത് ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന ഭാഗ്യത്തെ വിളിച്ചോതുന്ന നിമിഷമാണ്,’ പ്രധാനമന്ത്രി ആഹ്ലാദഭരിതനായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും കഴിവും കൊണ്ട് ലോകത്തെ ഒരു രാജ്യത്തിനും ഇന്നുവരെ എത്താന്‍ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യ എത്തിയിരിക്കുന്നു’, ചന്ദ്രനുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥകളും കഥകളും ഇനി മാറും. പഴഞ്ചൊല്ലുകള്‍ പുതുതലമുറയ്‌ക്ക് പുതിയ അര്‍ത്ഥം കണ്ടെത്തും.ചന്ദ്രനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇത് ഉപകരിക്കും. അമ്പിളിമാമന്‍ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തില്‍ അമ്മാമാര്‍ പറഞ്ഞുതരുന്നത്. എന്നാല്‍ ചന്ദ്രന്‍ അടുത്താണെന്ന് തെളിയിച്ചിരിക്കുന്നു. ചന്ദ്രന്‍ ഇപ്പോള്‍ വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്നത്ര ദൂരത്തിലായിരിക്കുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയുടെ വിജയകരമായ ചാന്ദ്രദൗത്യം ഇന്ത്യയുടെ മാത്രമല്ല. ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന വര്‍ഷമാണിത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഞങ്ങളുടെ സമീപനം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഈ മനുഷ്യകേന്ദ്രീകൃത സമീപനം സാര്‍വത്രികമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചാന്ദ്ര ദൗത്യവും മനുഷ്യ കേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ വിജയം എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. ഭാവിയില്‍ മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളെ ഇത് സഹായിക്കും. നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ‘ ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും അത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമുക്കെല്ലാവര്‍ക്കും ചന്ദ്രനും അതിനപ്പുറവും ആഗ്രഹിക്കാം.
. ‘നമ്മുടെ സൗരയൂഥത്തിന്റെ പരിധികള്‍ ഞങ്ങള്‍ പരീക്ഷിക്കും, കൂടാതെ പ്രപഞ്ചത്തിന്റെ അനന്തമായ സാധ്യതകള്‍ മനുഷ്യര്‍ക്കായി സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കും’, മോദി പറഞ്ഞു. സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനത്തിനായി ഐഎസ്ആര്‍ഒ ഉടന്‍ തന്നെ ‘ആദിത്യ എല്‍1’ ദൗത്യം ആരംഭിക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഐഎസ്ആര്‍ഒയുടെ ലക്ഷ്യങ്ങളിലൊന്നാണ് ശുക്രനെന്നും പറഞ്ഞ പ്രധാനമന്ത്രി. ഇന്ത്യ അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് പൂര്‍ണ്ണമായും തയ്യാറാണെന്നും പറഞ്ഞു.
രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ അടിസ്ഥാനം ശാസ്ത്രവും സാങ്കേതികവിദ്യയുമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: