Categories: India

ലോകം അമ്പിളിത്തുമ്പത്ത്: പ്രതീക്ഷ വാനോളം; ചന്ദ്രയാന്‍ 3 ലാന്‍ഡുചെയ്യാന്‍ 12 മണിക്കൂര്‍ മാത്രം; ആശങ്കയകറ്റി മുന്‍കരുതലുകള്‍

Published by

ചെന്നൈ: മൂന്നാം ചാന്ദ്ര ദൗത്യം ജൂലൈ 14ന് വിക്ഷേപിച്ചതു മുതല്‍ ഇതുവരെയുള്ള മുഴുവന്‍ നടപടികളും പൂര്‍ണമായും വിജയകരമായിരുന്നു. വിക്ഷേപണം, ഭ്രമണപഥം ഉയര്‍ത്തലുകള്‍, ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കുള്ള ഭ്രമണപഥം താഴ്‌ത്തലുകള്‍, ലാന്‍ഡറിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നുള്ള വേര്‍പെടുത്തല്‍, ചന്ദ്രന്റെ ചിത്രങ്ങള്‍ പകര്‍ത്തല്‍, അങ്ങനെ എല്ലാമെല്ലാം മുന്‍ നിശ്ചയ പ്രകാരം അതീവ കൃത്യതയോടെയാണ് നടന്നത്.

അതിനാല്‍ തന്നെ ഇന്ന് കേവലം 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള പഥത്തില്‍ നിന്ന് ലാന്‍ഡറിനെ കുത്തനെയാക്കി, വളരെ സാവധാനം, ചന്ദ്രന്റെ ഉപരിതലത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവന്ന് ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനുള്ള ദൗത്യവും പൂര്‍ണമായും വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

അതിനിടെ റഷ്യ അരനൂറ്റാണ്ടിന്റെ ഇടവേളയ്‌ക്കു ശേഷം വിേക്ഷപിച്ച ലൂണ 25 അവസാന വട്ട ഭ്രമണപഥം താഴ്‌ത്തലില്‍ നിയന്തണം വിട്ട് താഴേക്ക് കുതിച്ച് ചന്ദ്രനില്‍ ഇടിച്ചിറങ്ങിത്തകര്‍ന്നത് ആശങ്ക പരത്തിയെങ്കിലും അത്തരമൊരു പരാജയം സംഭവിക്കാതിരിക്കാനുള്ള സാധ്യമായ എല്ലാ മുന്‍കരുതലുകളും നാം എടുത്തിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

ചന്ദ്രയാന്‍ രണ്ട് ഇങ്ങനെ അവസാന സമയത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ താഴേക്കിറങ്ങി ചന്ദ്രനില്‍ ഇടിച്ച് മറിഞ്ഞു വീഴുകയായിരുന്നു. ഈ ദുരനുഭവം മുന്‍പിലുള്ളതിനാല്‍ അവസാന സമയത്തെ വേഗത നിയന്ത്രിക്കാന്‍ പ്രത്യേക കാമറയും സെന്‍സറുകളും ഇക്കുറി ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഈ കാമറയും സെന്‍സറുകളും ച്രേന്ദാപരിതലം, വേഗത എന്നിവ സംബന്ധിച്ച് കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ നല്‍കും. മാത്രമല്ല വിക്രം ലാന്‍ഡറിന്റെ നാലു കാലുകള്‍ക്കും കൂടുതല്‍ ബലം നല്‍കിയിട്ടുമുണ്ട്. എത്ര ആഘാതമുണ്ടായാലും തകരാതിരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതിനിടെ ലാന്‍ഡര്‍ രണ്ടാം ചാന്ദ്രദൗത്യത്തിന്റെ ഓര്‍ബിറ്ററുമായി ബന്ധം സ്ഥാപിച്ചതും വലിയ അനുഗ്രഹമായിട്ടുണ്ട്. ലാന്‍ഡര്‍ ഇനി മേല്‍ ഓര്‍ബിറ്റര്‍ വഴിയാകും വിവരങ്ങള്‍ ഭൂമിയിലെ കേന്ദ്രങ്ങളിലേക്ക് അയക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by