സിപിഐയിലെ കുലംകുത്തിയായി നടന്ന ആളാണ് കനയ്യകുമാര്‍. അയാള്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ കയറിയിട്ട് അഞ്ചുവര്‍ഷം പോലും തികഞ്ഞിട്ടില്ല. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI) യുടെ ഇന്‍ചാര്‍ജായി ഇയാളെ നിശ്ചയിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടതേയുള്ളൂ. NSUI എന്താണ്, എന്തിനാണ് എന്ന് തിരിച്ചറിയും മുന്നേ വന്നിരിക്കുന്നു അയാള്‍ക്ക് കോണ്‍ഗ്രസിലെ ഉന്നതപദവി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10-ാം മാസം രൂപംകൊണ്ട പ്രവര്‍ത്തക സമിതിയില്‍ എ.കെ.ആന്റണിക്കൊപ്പം കനയ്യകുമാറിനും അംഗത്വം. എന്താ അല്ലെ. കനയ്യകുമാറിനൊപ്പം പ്രത്യേകം ക്ഷണിതാക്കളുടെ കൂട്ടത്തിലാണ് കേരളീയനായ രമേശ് ചെന്നിത്തലയ്‌ക്കും സ്ഥാനം. ഇത് സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം പറയുമോ എന്നറിയാന്‍ ചാനലുകള്‍ ക്യാമറയും കൊണ്ട് തലങ്ങും വിലങ്ങും ഓടി. പക്ഷേ രമേശ് ഒരക്ഷരം മിണ്ടിയില്ല.
രമേശ് ഒന്നും പറഞ്ഞില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സി.വേണുഗോപാലും കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനുമൊക്കെ പറഞ്ഞത്. എന്നാല്‍ രമേശിന് ഇപ്പോള്‍ കിട്ടിയ സ്ഥാനം 19 വര്‍ഷം മുമ്പേ ലഭിച്ചതാണെന്നാണ് അനുകൂലികള്‍ പറയുന്നത്. കേന്ദ്രനേതൃത്വത്തെ അമര്‍ഷം അറിയിക്കുമെന്നും ഏതെങ്കിലും സംസ്ഥാന ചുമതല ഏറ്റെടുക്കില്ലെന്നുമാണ് കേള്‍വി. ചെന്നിത്തലയ്‌ക്ക് വിഷമമുണ്ടെ ല്‍ പരിഹരിക്കുമെന്നും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടവരാരും ചില്ലറക്കാരല്ലെന്നുമാണ് രാഹുലിന്റെ ചെവിതിന്നു നടക്കുന്ന വേണുഗോപാല്‍ പറയുന്നത്. വേണുഗോപാല്‍ തിരുവനന്തപുരം കാണും മുന്‍പ് വിദ്യാര്‍ത്ഥിനേതാവും എംഎല്‍എയും മന്ത്രിയുമായ ആളാണ് രമേശ് ചെന്നിത്തലയെന്നോര്‍ക്കണം. ‘ചെന്നിത്തലയെ പാര്‍ട്ടി വേണ്ടണ്ടവിധം ഉപയോഗപ്പെടുത്തും’ എന്നുകൂടി പറയുന്ന വേണുഗോപാല്‍ സന്തുലിതാവസ്ഥ നോക്കിയാണ് പട്ടിക തയ്യാറാക്കിയതെന്നും പറയുന്നു.
ന്യൂനപക്ഷത്തിന്റെ പേരില്‍ നെഞ്ചത്തടിച്ച് വിലപിക്കുന്ന കോണ്‍ഗ്രസ് അതൊന്നും പട്ടിക തയ്യാറാക്കിയപ്പോള്‍ കണ്ടില്ല. മുസ്ലീങ്ങളില്‍ നിന്ന് ഒരാള്‍ പോലുമില്ല. ക്രിസ്ത്യാനി പട്ടികയില്‍ എ.കെ.ആന്റണിയെ ഉള്‍പ്പെടുത്താമോ? ന്യൂനപക്ഷങ്ങള്‍ സംഘടനാബലം വച്ച് അധിക ആനുകൂല്യം പറ്റുന്നു എന്ന സത്യം പരസ്യമായി പറഞ്ഞതിന്റെ പേരില്‍ പഴികേള്‍ക്കുകയും മുഖ്യമന്ത്രി സ്ഥാനം തന്നെ തെറിക്കുകയും ചെയ്തയാളല്ലെ. . വലിയവായില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. അണ്ടിയോടടുക്കുമ്പോഴറിയാം മാങ്ങയുടെ പുളിപ്പ് എന്ന ചൊല്ലുപോലെയായി കോണ്‍ഗ്രസിന്റെ വീതംവയ്പ്.
സച്ചിന്‍പൈലറ്റിനെപോലെ വാശിപിടിച്ച് വിലപേശിയെങ്കില്‍ രക്ഷപ്പെടുമായിരുന്നു. അതുമല്ലെങ്കില്‍ കയ്യാലപ്പുറത്തെ ഓന്തിന്റെയോ തേങ്ങയുടെയോ സമീപനം സ്വീകരിച്ചെങ്കില്‍ രക്ഷപ്പെട്ടേനെ. അതുമല്ലെങ്കില്‍ മണ്ണുംചാരി നിന്ന് ശശി തരൂരിനെപോലെ കളിക്കാനറിഞ്ഞിരുന്നെങ്കിലും കാര്യം നടക്കുമായിരുന്നു. അതൊന്നും ചെയ്യാനറിയാതെ ഇപ്പോള്‍ കണ്ണു തുടച്ചിട്ടും മൗനം ദീക്ഷിച്ചിട്ടുമെന്തുകാര്യം.
മുസ്ലീം പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് ആളെ കിട്ടാത്തതുകൊണ്ടല്ലണ്ടല്ലൊ. മുന്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനില്ലെ. ഹസ്സനാകുമ്പോള്‍ സിപിഎമ്മുകാര്‍ക്ക് ഒരാവേശവും കൂടിയാകും. പരീക്ഷ എഴുതാതെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുകയും കോളജില്‍ പോകാതെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്യുന്ന സഖാക്കള്‍ക്ക് ഒരാവേശമാണല്ലോ ഹസ്സന്‍. മാര്‍ക്ക് തട്ടിപ്പിന്റെ ആദ്യാക്ഷരം കണ്ടെത്തുകയും ഒട്ടേറെ പേരുദോഷം സ്വന്തമാക്കുകയും ചെയ്ത ഹസനെ മറന്നത് കഷ്ടമായിപ്പോയി. കോണ്‍ഗ്രസിലെ വിമതരായി അറിയപ്പെട്ട പലര്‍ക്കും ബര്‍ത്ത് കിട്ടി. ജി-23 നേതാക്കളായി അറിയപ്പെട്ടിരുന്ന മുകള്‍ വാസനിക്ക്, ആനന്ദ് ശര്‍മ്മ എന്നിവരെ പ്രവര്‍ത്തക സമിതിയില്‍ നേരിട്ട് കയറ്റി.
ജി-23 കാരായ മനീഷ് തിവാരിയും വീരപ്പമൊയ്‌ലിയും സ്ഥിരം ക്ഷണിതാക്കളായി. പഞ്ചാബ് പ്രദേശ് അധ്യക്ഷനായിരുന്ന സുനില്‍ ഝാക്കര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മനീഷ് തിവാരിക്ക് നറുക്ക് വീണത്. കേരളത്തില്‍ നിന്ന് ഒരു വനിതപോലും കയറിപറ്റിയില്ല. 15 വനിതകളെ ഉള്‍പ്പെടുത്തിയപ്പോഴാണിത്.
രമേശ് ചെന്നിത്തലക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെങ്കിലും അതില്‍ അദ്ദേഹം അപ്രിയം പ്രകടിപ്പിച്ചില്ലെന്ന് പറയുന്ന കെ.സുധാകരന്‍, താന്‍ പറഞ്ഞപേരുകള്‍ പ്രവര്‍ത്തക സമിതിയിലുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. അതാരാണോവോ എന്നതാണ് ചോദ്യം. തവിട് തിന്നാലും തകൃതി വിടില്ല എന്നുകേട്ടിട്ടില്ലെ. അതുപോലെയാണ് വാചകമടി. റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു എന്നുപറഞ്ഞതുപോലെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതീക്ഷയും തകരുകയാണുണ്ടായത്. താക്കോല്‍ സ്ഥാനം വേണമെന്നുപറയാന്‍ ഒരാളില്ലാതെപോയതാണ് കഷ്ടം.
1982 ല്‍ എംഎല്‍എയായി തുടങ്ങിയ ചെന്നിത്തല 1986 ല്‍ മുപ്പതാം വയസില്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗവുമായി. അങ്ങിനെ സ്ഥാനങ്ങള്‍ ഓരോന്നും നേടാനായത് ഹിന്ദിയിലുള്ള പരിജ്ഞാനമായിരുന്നു. ഇനിയിപ്പോള്‍ അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. മുണ്ടങ്ങാന്‍ മുന്നോട്ടുപോകുന്ന കപ്പലില്‍ ഒരു സീറ്റ് കിട്ടാത്തതില്‍ സങ്കടപ്പെടുകയോ? അത് തിരിച്ചറിഞ്ഞതുതന്നെയാകാം രമേശിന്റെ മൗനത്തിനും കാരണം.
മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊഴികെയുള്ള സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രതിപക്ഷനേതാവായി. നാലുതവണ ലോക്‌സഭാംഗമായ രമേശ് ഏറ്റവും പ്രായംകുറഞ്ഞ നിയമസഭാംഗവും മന്ത്രിയുമെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. ഇടതുമുന്നണിയുടെ താക്കോല്‍ സ്ഥാനത്തെത്താന്‍ കെ.ബി. ഗണേഷ്‌കുമാറിരിക്കുമ്പോള്‍ എന്തിന് രമേശിന്റെ പക്ഷം പിടിക്കണമെന്ന തോന്നലാകാം വിനായായത്. ഗണേശന്‍ മിത്താണെന്ന വാദം പിന്‍വലിച്ച് മാപ്പുപറയണമെന്ന വാശിപോലും ഉപേക്ഷിച്ച് സമവായശീലം പിടിച്ചതിന്റെ ഗുട്ടന്‍സ് അറിയാനിരിക്കുന്നതല്ലെ ഉള്ളൂ. എന്‍എസ്എസിന്റെ നയവും നിലപാടും വിശദീകരിക്കുന്നത് ജയ്‌ക്കാകുമ്പോള്‍ എന്തോന്ന് രമേശ് എന്നുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: