ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് ഒരിയ്ക്കലും മറക്കാനാവാത്ത ഇരട്ടിമധുരം സമ്മാനിയ്ക്കുന്ന ദിവസമായി ആഗസ്ത് 23 മാറുമോ? അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ തറപറ്റിച്ച് പ്രഗ്നാനന്ദ കിരീടം നേടുമെന്നും ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മൃദുവായി ഇറങ്ങുമെന്നും ഉള്ള സന്ദേശങ്ങള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍.
23rd of august…… A historic day for bharat ❤🙇♂️#Chandrayaan3Landing #Chandrayaan3 #Praggnanandhaa pic.twitter.com/9NRTod3W6v
— Krishna Singh 🦁 (@banaraskri) August 22, 2023
രണ്ട് സംഭവങ്ങളെയും വികാരനിര്‍ഭരമായാണ് ഒട്ടേറെ ഇന്ത്യക്കാര്‍ നോക്കിക്കാണുന്നത്. മുഴുവന്‍ ഇന്ത്യയും ഫിഡെ ലോകകപ്പിനായി കളിക്കുന്ന പ്രജ്ഞാനന്ദയുടെ ഒപ്പമുണ്ടാകുമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഈ ചെസ് പ്രതിഭയ്ക്ക് അനുഗ്രഹം നല്‍കിയത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറാണ്. ആദ്യമത്സരത്തില്‍ തിങ്കളാഴ്ച ഇരുവരും അരവീതം പോയിന്റുകള്‍ പങ്കുവെച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ മാഗ്നസ് കാള്‍സനെ തോല്പിക്കാനായാല് പ്രജ്ഞാനന്ദ 1.5-0.5 ന് ഫിഡെ ലോകചെസ് കിരീടം ചൂടും. കാള്‍സനെ പല തവണ അട്ടിമറിച്ച് ലോകവാര്‍ത്തകളില്‍ നിറഞ്ഞ പ്രജ്ഞാനന്ദയ്ക്ക് ഇത് അസാധ്യമൊന്നുമല്ല. രണ്ട് പ്രമുഖ താരങ്ങളെ- ഫിഡെ കിരീടം നേടുമെന്ന് പലരും പ്രവചിച്ചിരുന്ന ഹികാരു നകാമുറയെയും ലോകത്തിലെ മൂന്നാം റാങ്കുള്ള താരം ഫാബിയാനോ കരുവാനയെയും – അട്ടിമറിച്ച് ഫൈനലിലെത്തിയ പ്രജ്ഞാനന്ദ അതീവജാഗ്രതയിലും കടുത്ത ആത്മവിശ്വാസത്തിലുമാണ്.
ബുധനാഴ്ച വൈകീട്ട് 6.04നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 മൃദുവായി ഇറങ്ങുമെന്ന് ഐഎസ് ആര് ഒ പ്രഖ്യാപിച്ച സമയം. ഇത് വിജയകരമാവുമെന്ന് തന്നെയാണ് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. ഇത് വിജയിച്ചാല്‍ ചന്ദ്രനിലേക്ക് ബഹിരാകാശപേടകമയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിയ്ക്കും. ഈ വിജയം ഭാരതത്തിന്റെ ഭാവി മാറ്റിമറിയ്ക്കുമെന്നറിയുന്നതിനാലാണ് ദക്ഷിണാഫ്രിക്കയില്‍ സന്ദര്ശനത്തിലിരിക്കുന്ന പ്രധാനമന്ത്രി മോദി 6.04ന് ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞര്‍ക്കൊപ്പം ഓണ്‍ലൈനായി ചേരുന്നത്. ഇതും കൂടി വിജയിച്ചാല്‍ ഭാരതത്തിന് ഇരട്ട നേട്ടങ്ങള്‍ ആഗസ്ത് 23 ബുധനാഴ്ച സമ്മാനിക്കും. ഈ ഇരട്ടിനേട്ടത്തിന്റെ മോഹമാണ് ഇന്ത്യക്കാര്‍ സന്ദേശത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: