ബംഗളുരു: വിക്രം ലാന്‍ഡറിന്റെ ഇമേജര്‍ ക്യാമറ 4 പകര്‍ത്തിയ ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) പുറത്തുവിട്ടു. ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ എക്സ് അക്കൗണ്ടില്‍ പങ്കിട്ടത്.
നേരത്തെ, ചന്ദ്രയാന്‍ 3 ചാന്ദ്ര ദൗത്യം നിശ്ചയിച്ചത് പ്രകാരം മുന്നോട്ട് പോവുകയാണമെന്നും സംവിധാനങ്ങള്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഈ മാസം 19 ന് ചന്ദ്രന്റെ 70 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ലാന്‍ഡര്‍ സ്ഥാന നിര്‍ണയ ക്യാമറ പകര്‍ത്തിയതാണ്. ഈ ചിത്രങ്ങള്‍ ലാന്‍ഡര്‍ മൊഡ്യൂളിന്റെ സ്ഥാനം (അക്ഷാംശവും രേഖാംശവും) നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നു. ഏത് ഭാഗത്ത് ഇറങ്ങണമെന്ന് തീരുമാനമെടുക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിക്കും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ബുധനാഴ്ച നടക്കുമെന്നാണ് പ്രതീക്ഷ.വിദഗ്ധരുടെ അഭിപ്രായത്തില്‍, സോഫ്റ്റ് ലാന്‍ഡിംഗിന് മുമ്പുള്ള അവസാന 20 മിനിറ്റ് വളരെ നിര്‍ണായകമാണ്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ ലാന്‍ഡിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘വിക്രം’ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടത്. ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചാല്‍, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: