ന്യൂദല്‍ഹി : ഉള്ളി ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉപഭോക്തൃ കാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍. ഉള്ളിയുടെ വിലക്കയറ്റം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഉള്ളി ഇതുവരെ സംഭരിച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷം മെട്രിക് ടണ്‍ അധികമായി സംഭരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ആവശ്യമായി വന്നാല്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ കൂടി സംഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്വിന്റലിന് രണ്ടായിരത്തി 410 രൂപയ്ക്കാണ് ഉള്ളി സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റീട്ടെയില്‍ ഔട്ട്ലെറ്റുകള് വഴിയും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്റെ മൊബൈല്‍ വാനുകള്‍ വഴിയും ചില്ലറ ഉപഭോക്താക്കള്‍ക്ക് കിലോഗ്രാമിന് 25 രൂപ സബ്സിഡി നിരക്കില്‍ ഉള്ളി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് രാജ്യത്ത് തക്കാളി വില കുറയാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകര്‍ക്കായി നാസിക്കിലും അഹമ്മദ്നഗറിലും പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡനാവിസ്
സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.
മഹാരാഷ്ട്ര കൃഷി മന്ത്രി ധനഞ്ജയ് മുണ്ടെ രാവിലെ ന്യൂദല്‍ഹിയില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി ഉള്ളി വില സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: