മണര്‍കാട് (കോട്ടയം): മാസപ്പടി വിവാദം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ പിണറായിയും പ്രതിപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയതായി എന്‍ഡിഎ കോ കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിന്റെ പ്രചാരണപരിപാടികള്‍ക്കായി എത്തിയ അദ്ദേഹം പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധാരണ. മുഖ്യമന്ത്രിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ മിണ്ടുന്നവര്‍ക്കെതിരെ കേസെടുക്കുന്നു. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണ്. അതിനാല്‍ പിണറായിക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതരാകുന്നു.
കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഊഷമളമാക്കുവാനും സഹകരണാത്മകമാക്കുവാനും വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. പിണറായിയും സതീശനും ഉറ്റചങ്ങാതിമാരാണ്.
ഈ ഒത്തുതീര്‍പ്പു രാഷ്ട്രീയം പുതുപ്പള്ളിയിലൂടെ കേരള ജനതയ്ക്കു മുന്പില് കൊണ്ടുവരും. മാസപ്പടി വിവാദം ഒത്തുതീര്പ്പാക്കുവാനുള്ള തീരുമാനം ലാവ്ലിന് കേസ് അട്ടിമറിച്ചതിന്റെ ആവര്‍ത്തനമാണ്. മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയതായി തെളിഞ്ഞിരിക്കുന്നു. സേവനം ചെയ്യാതെ ഇവര്‍ എന്തിനു പണം കൈപ്പറ്റിയെന്ന് പറയണം.
മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. സിപിഎം അച്ഛനും മകളും മരുമകനിലേയ്ക്കും ചുരിങ്ങിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്യാന്‍ പിബി പോലും തയാറാകുന്നില്ല. വിലക്കയറ്റം മൂലം കേരളം മുഴുവന്‍ അന്ധകാരമായ സ്ഥിതിയിലാണെന്നും ഈ അവസരത്തില്‍ പോലും പ്രതിപക്ഷം പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരായ അഴിമതിയാരോപണത്തില്‍ പ്രതികരിക്കാത്ത വി.ഡി. സതീശന് പ്രതിപക്ഷ സ്ഥാനം രാജിവച്ച് ഉപമുഖ്യമന്ത്രിയാകുന്നതാണ് രണ്ടു മുന്നണികള്‍ക്കും നല്ലതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബി. രാധാകൃഷ്ണ മേനോന്, ബിഡിജെഎസ് സംസ്ഥാന സമിതിയംഗം ഷാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: