കല്‍പ്പറ്റ: മണ്‍സൂണ്‍ മഴ കുറഞ്ഞത് ജില്ലയിലെ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചു. ഭൂരിഭാഗം പാടശേഖരങ്ങളിലും വെള്ളം ലഭിക്കാത്തതിനാല്‍ ഞാറ് നടാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ഇതിനിടെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ നിരവധി പുരസ്കാരങ്ങളാണ് ജില്ലയിലെത്തിയത്.
പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി രാജ്യം പദ്ശ്രീ നല്കി ആദരിച്ച ചെറുവയല്‍ രാമന് വയനാട്ടിലെ കമ്മന നിവാസിയാണ്. സംസ്ഥാന കര്‍ഷകോത്തമ(കെ.എ.റോയിമോന്, ശശിമല),ക്ഷോണി(പി.എം.തോമസ്, സീതാമൗണ്ട്) അവാര്‍ഡുകള്‍ ഇക്കുറി ജില്ലയ്ക്കാണ് ലഭിച്ചത്.
പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊരിനുള്ള സംസ്ഥാന പുരസ്കാരം കാട്ടിക്കുളം ബേഗൂരിലെ ഇരുമ്പുപാലം ആദിവാസി ഊരിലെ നൂറാങ്കിലൂടെ ജില്ല നേടി. മികച്ച രണ്ടാമത്തെ കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡ് തൊണ്ടര്‍നാട് കൃഷി ഓഫീസര്‍ പി.കെ.മുഹമ്മദ് ഷെഫീഖ് സ്വന്തമാക്കി.
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ട്രൈബല്‍ ക്ലസ്റ്ററായി മാനന്തവാടി ചുരുളിയെ തെരഞ്ഞെടുത്തു. ബത്തേരി ചുങ്കം തയ്യില്‍ പ്രസീദ്കുമാര്‍, നെന്മേനി കല്ലിങ്കര എം. സുനില്‍കുമാര്‍ എന്നിവര്‍ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ആന്‍ഡ് ഫാര്‍മേഴ്സ് അഥോറിറ്റിയുടെ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്കാരത്തിന് അര്‍ഹരായി.
വയനാട് കാര്‍ഷിക മേഖലയില്‍ അഭിമാനം കൊള്ളുമ്പോഴും എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ആകുലതയില്‍ ഉരുകുകയാണ് കര്‍ഷക മനസ്സുകള്‍. സാധാരണയായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് മഴ ലഭിക്കാതെ കൂടെ ആയതോടെ ഇരുട്ടടിയായി.
അപൂര്‍വം ചിലര്‍ കൃഷിയില്‍ വിജയക്കൊടി നാട്ടുമ്പോള്‍ ഭൂരിപക്ഷവും പരാജയത്തിന്റെ കയ്പ് കുടിക്കുകയാണ്. വായ്പ കുടിശികയായ അനേകം കര്‍ഷക കുടുംബങ്ങളാണ് ജില്ലയില്‍ ജപ്തി, സര്‍ഫാസി നടപടികള്‍ നേരിടുന്നത്. കുരുമുളക് കൃഷിക്ക് പ്രസിദ്ധമായിരുന്ന പുല്പള്ളി മേഖലയില്‍ നിരവധി കര്‍ഷരുടെ ഭൂമിയും വീടും ലേലം ചെയ്യാനിരിക്കയാണ്.
മെച്ചപ്പെട്ട നിലവാരത്തിലുള്ള ജീവിതത്തിന് ഉതകുന്ന വരുമാനം കര്ഷകന് ലഭിക്കുന്നില്ല. കാലാവസ്ഥയിലെ പിഴവ്, വന്യജീവി ശല്യം, വര്‍ധിച്ച ചെലവ്, രോഗങ്ങള്‍… ഇങ്ങനെ നീളുകയാണ് കൃഷി നാശത്തിനും വരുമാനത്തതകര്ച്ചയ്ക്കുമുള്ള കാരണങ്ങള്‍.
മഴ മാറിനില്‍ക്കുന്നതാണ് കര്‍ക്കടകത്തിന്റെ അവസാന ദിനങ്ങളില്‍ കണ്ടത്. ഇതേ അവസ്ഥ ചിങ്ങത്തിന്റെ ആദ്യ പകുതിയിലും തുടരുമെന്നാണ് സൂചന. മഴക്കുറവ് കൃഷികളെ ആകെ ബാധിക്കുകയാണ്. മണ്ണില്‍ ആവശ്യത്തിനു നനവില്ലാത്തതിനാല്‍ കാപ്പിയും കുരുമുളകും ഉള്‍പ്പെടെ കൃഷികളില്‍ വളപ്രയോഗം നടത്താന്‍ കഴിയുന്നില്ല. പാടങ്ങളില്‍ മൂപ്പെത്തിയ ഞാറ് പറിച്ചുനാട്ടാന് കഴിയാത്ത സ്ഥിതിയാണ്.
ജലസേചന സൗകര്യം ഇല്ലാത്ത ഇടങ്ങളില്‍ വയല്‍ ഒരുക്കി നാട്ടിപ്പണി നടത്താനാകുന്നില്ല. പാടം തരിശിടേണ്ടവരുമെന്ന ആകുലതയിലാണ് നൂറുകണക്കിനു കര്‍ഷകര്‍. കാര്‍ഷിക സമൃദ്ധിക്കു പേരുകേട്ട വയനാട് രണ്ടു പതിറ്റാണ്ടുമുമ്പാണ് കര്‍ഷക ആത്മഹത്യകളിലൂടെ കുപ്രസിദ്ധമായത്. അതേ അവസ്ഥയുടെ വക്കിലാണ് ജില്ലയെന്നു കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ പറയുന്നു.
കര്‍ഷകരെ കടത്തില്‍നിന്നു മോചിപ്പിക്കാനും കൃഷി ആദായകരമാക്കുന്നിനും പദ്ധതികള്‍ യുദ്ധകലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ വയനാടന്‍ കാര്‍ഷിക ചരിത്രത്തില്‍ കറുത്ത അധ്യായങ്ങള്‍ വൈകാതെ ഇടം പിടിക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: