ന്യൂദല്‍ഹി: മലയാളി കെ.സി.അജയകുമാര്‍ രചിച്ച, സാവര്‍ക്കറുടെ ജീവിത പശ്ചാത്തലത്തിലുള്ള ‘ക്രാന്തി കാ രാജ്കുമാര് വീര്‍ സാവര്‍ക്കര്‍’ നോവലിന്റെ പ്രകാശനം പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് നിര്‍വഹിച്ചു.
ദില്ലിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സിവില്‍ സര്‍വീസസ് ട്രയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോക്സഭാംഗം സതീശ് കുമാര്‍ ഗൗതം പുസ്തകം ഏറ്റുവാങ്ങി. വൈകാതെ സാവര്‍ക്കറെക്കുറിച്ചുള്ള നോവലിന്റെ മലയാളം, ഇംഗ്ലീഷ് രൂപാന്തരങ്ങളും പ്രസിദ്ധീകരിക്കപ്പെടുമെന്ന് അജയകുമാര്‍ പറഞ്ഞു.
കുമ്പനാട്, കടപ്ര സ്വദേശിയായ അജയകുമാര്‍ പരിഭാഷകന് നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. മലയാളത്തില്‍ മൃത്യുഞ്ജയം, കാളിദാസന്, ആദിശങ്കരം, രവീന്ദ്രനാഥം എന്നീ അജയകുമാറിന്റെ നോവലുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു ഡസനിലധികം കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു. വിവര്‍ത്തനങ്ങളില്‍ പ്രശസ്ത ഹിന്ദി സാഹിത്യകാരന് ഡോ. നരേന്ദ്ര കോഹ്ലിയുടെ മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാസമര്‍ നോവലിന്റെ എട്ട് വാല്യങ്ങള്‍, രാമകഥയെ അടിസ്ഥാനമാക്കിയുള്ള അഭ്യുദയ നോവലിന്റെ രണ്ട് വാല്യങ്ങളും, രബീന്ദ്രനാഥ ഠക്കൂറിന്റെ മുഴുവന്‍ കഥകളുടെയും വിവര്‍ത്തനം, ഗോര നോവലിന്റെ വിവര്‍ത്തനം തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തും തര്‍ജ്ജിമ ചെയ്ത് പുസ്തകമാക്കി.
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് വിവര്‍ത്തന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2003 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്നും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന എഴുത്തുകാരനുള്ള അവാര്‍ഡും 2018ല്‍ മൗറീഷ്യസ് ലോക ഹിന്ദി സമ്മേളനത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്നും വിശ്വഹിന്ദി സമ്മാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: