സര്‍വ്വത്ര നന്നായി വ്യാപിച്ചിരുന്നീടുന്നതായി, സര്‍വ്വദിക്കുകളെയും ഭരിച്ചീടുന്നതായി, ഏകമായി, അസംവേദ്യമായി സംവേദനമാകുന്ന അതിനെ ഞാന്‍ ജഗത്രയത്തില്‍ കാണുന്നു. കാണ്‍കില്‍ ഏതും പരിച്ഛിന്നത്വമില്ല, നാനാത്വമെന്നുള്ളതുമില്ല, സ്ഥൂലത്വമെന്നുള്ളതും അണുത്വവുമില്ല. ജ്ഞാനസ്വരൂപന്‍, സ്വസംവേദ്യനായീടുന്നവന്‍ ഞാനഹോ, ദുഃഖത്തിനു കാരണം നീയാകുന്നു. മനസ്സേ! വിവേകജമായീടും ബോധംകൊണ്ട് ഞാനിപ്പോള്‍ത്തന്നെ നിന്നെ ഹനിച്ചീടുന്നതുണ്ട്. രക്തമാണിതു, മാംസമാകുന്നിതു, അസ്ഥിയാണിത്, ഓര്‍ത്തുകൊള്‍കിവയെല്ലാം ശ്വാസങ്ങളായീടുന്നു. ‘അഹ’മെന്നിപ്രകാരം പറയപ്പെടുന്നത് ഈ ദേഹത്തിലേതാകുന്നുവെന്നു ചേതസ്സേ! നീ നിനയ്‌ക്ക. വേറെയാണ് അസ്ഥി, മാംസം, രക്തം എന്നിവകളും വേറെതാന്‍ സ്പന്ദനവും ബോധവും വേറെതന്നെ. അഹമെന്നിപ്രകാരം പറയപ്പെടുന്നത് ഈ ദേഹത്തിലേതാകുന്നു, ചേതസ്സേ നിനയ്‌ക്ക നീ. ഘ്രാണമാണിതു, ജിഹ്വയാണിതു, കര്‍ണയുഗ്മമാണിതു, നേത്രദ്വയമാണിതു, തോലിതല്ലോ. അഹമെന്നിപ്രകാരം പറയപ്പെടുന്നത് ഈ ദേഹത്തിലേതാകുന്നു. ചേതസ്സെ നീ നിനയ്‌ക്കുക. സര്‍വ്വത്ര നിറഞ്ഞിരിക്കുന്നിതു ഞാന്‍ താനെന്നോ, നിര്‍വ്വിവാദമായി ഇക്കാണുന്നതൊന്നുമേ ഞാനല്ലെന്നോ, നിര്‍ണയിച്ചീടുന്നതു വാസ്തവമായിരിക്കും എന്നതല്ലാതെ അഹം ദേഹമെന്നതു ശരിയല്ല. ചെന്നായ കാട്ടില്‍ പശുക്കുട്ടിയെ എന്നതുപോലെ എന്നെ ജ്ഞാനധൂര്‍ത്തന്‍ വളരെ കഷ്ടപ്പെടുത്തി. സ്വരൂപാര്‍ത്ഥാപഹാരിയാകുന്ന അജ്ഞാനതസ്‌ക്കരനെ ഇപ്പോള്‍ ഭാഗ്യത്താല്‍ ഞാന്‍ അറിഞ്ഞീടുന്നു. ഒരുകാലത്തും ഞാന്‍ ഈ കള്ളനോടിനിച്ചേര്‍ന്നു മരുവീടുകയില്ല. നയനം, ഘ്രാണം, കര്‍ണം മുതലായുള്ള പഞ്ചേന്ദ്രിയവും ബഹിര്‍ഭാഗത്തിയലും സ്വാര്‍ത്ഥത്തിനെ വാസനാഹീനമായും പ്രവര്‍ത്തിക്കുന്നു. താനേ പറഞ്ഞാല്‍ അത്ര കാരണമാകയില്ല. എന്നതുകൊണ്ടു മൂര്‍ഖത്വമേറീടുന്ന ഇന്ദ്രിയങ്ങളേ! നിങ്ങള്‍ വാസനവെടിഞ്ഞിനി ശരിയായിട്ടു കര്‍മ്മമൊക്കെയും ചെയ്തീടുവിന്‍.
വളരെ വലുതായ ദുഃഖം വെറുതെ കൈക്കൊള്ളേണ്ട. തന്നില്‍നിന്നുണ്ടായീടുന്ന നൂലിനാല്‍ത്തന്നെ നശിക്കുന്ന പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ഇന്ദ്രിയബാലന്മാരേ! നിങ്ങളെല്ലാം വ്യര്‍ത്ഥമായി തൃഷ്ണയാല്‍ ഹന്ത! നാശമാര്‍ന്നുകൊണ്ടീടുന്നു. സകലേന്ദ്രിയകോശമായീടുന്ന മാനസമേ! സകലേന്ദ്രിയത്തോടൈക്യത്തെ പ്രാപിച്ച് അസദ്രൂപമായ ആത്മാവിനെ നീ നോക്കി കേവലാമലബോധമായ നിര്‍വ്വാണം പ്രാപിച്ചാലും. വിഷയമായീടുന്ന വിഷൂചിയായി ചിന്തിച്ചാല്‍ അവസാനമെന്നത് ഇല്ലാത്തതായ ഞാനെന്ന വാസനയെ സത്വരം ഇഷ്ടവസ്തുത്യാഗമാകുന്ന മന്ത്രംകൊണ്ട് തീരെക്കളഞ്ഞു, നന്നായി ഭാവമെന്നതു നീങ്ങി, ഭയമില്ലാതെയായി, ഭഗവാനായി സര്‍വ്വകാലം വര്‍ത്തിച്ചീടുക.
സങ്കല്പമാകുന്ന വൃക്ഷങ്ങള്‍, തൃഷ്ണാവല്ലികള്‍ ഇവ സംഖ്യകൂടാതെ വളരെ വര്‍ദ്ധിച്ചുനിന്നീടുന്ന മാനസവനത്തിനെ ഛേദിച്ച് യഥാസുഖം ഞാനിനി വിതതയാകുന്ന (വിശാലമായ) ഭൂമിയില്‍ വിഹരിക്കും. ഞാന്‍ കേവലനായി, തല്‍പ്പദമാര്‍ന്നു നിര്‍വാണസ്വരൂപനായിത്തീര്‍ന്നു, നിരംശനായി ഞാന്‍. ഇന്ന് നിരീപ്‌സിത(പ്രാപിക്കാന്‍ ആഗ്രഹമറ്റവന്‍)നായിത്തീര്‍ന്നു നിരീഹ(ഇച്ഛയില്ലാത്ത)നായി വന്നു, സന്ദേഹമില്ല, ഞാനേറ്റവും ജയിക്കുന്നു. ഹൃദ്യത, സദ്രൂപത, സ്വച്ഛത, ഏകത, നിര്‍ഭയത, കാണ്‍കില്‍ ഉത്തമമാരായുള്ള ഇവരെല്ലാം ഏകഭാവനയോടെ വര്‍ത്തിക്കുന്ന എന്റെ ചേതസ്സാകെ ഹരിക്കുന്ന കാന്തകളായീടുന്നു! അത്യന്തം ധവളയായീടുന്ന ബുദ്ധിയോടെ ഇങ്ങനെ നിര്‍ണയിച്ചു ബദ്ധപത്മാസനനായി ബ്രാഹ്മണശ്രേഷ്ഠനായീടുന്ന ഉദ്ദാലകന്‍ അര്‍ദ്ധോന്മീലിതനേത്രനായി അവിടെ മരുവി. മണി ഒന്നാട്ടീടുകില്‍ സംഭവിച്ചീടുന്ന ധ്വനിയെന്നപോലെ പാരമുച്ചത്തിലായി നന്നായിട്ട് ഊര്‍ദ്ധ്വഗതധ്വനിയാകുന്ന പ്രണവത്തെ ധന്യനായീടുന്ന മുനിനായകന്‍ ഉച്ചരിച്ചു. ഓം എന്നിങ്ങനെ നന്നായി ഉച്ചരിക്കുന്ന നേരത്ത് ആ മുനിയുടെ സംവിത്തത്വം തദുന്മുഖയായി ഓങ്കാരം കഴിവോളം ഊര്‍ദ്ധസ്ഥമായി, നിഷ്‌ക്കളങ്കമായി ആ സമയത്ത് വ്യാപ്തമായിത്തീര്‍ന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: