മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ആര്‍ക്കൊക്കെയാണ് ഭയം? കേരളത്തിലെ പ്രതിപക്ഷ നേതാവിനും മുന്നണിക്കും മാത്രമല്ല, സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും വരെ വീണയെ ഭയമാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന, വ്യക്തമായ സ്വജന പക്ഷപാതത്തിലും അഴിമതി ആരോപണത്തിലും ഉള്‍പ്പെട്ടു എങ്കിലും അതിനെക്കുറിച്ച് കാര്യമായ പരാമര്‍ശമോ വിമര്‍ശനമോ അന്വേഷണം നടത്താനുള്ള ആവശ്യമോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനില്‍ നിന്നും പ്രതിപക്ഷ മുന്നണിയില്‍ നിന്നും ഉണ്ടായില്ല. കരിമണല്‍ കര്‍ത്താവിന്റെ കയ്യില്‍ നിന്ന് പണം പറ്റിയവരില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ഉണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതാവിന് വീണക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നതില്‍ വൈമുഖ്യമുണ്ടായത് സ്വാഭാവികമായ, മനുഷ്യസഹജമായ ജാള്യതയാണെന്നാണ് ആദ്യം പൊതുവേ വിലയിരുത്തപ്പെട്ടത്.
ഒരു വ്യവസായിയില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനത്തിന് പണം വാങ്ങുന്നതോ സംഭാവന പിരിക്കുന്നതോ കുറ്റമാണെന്ന് പറയാനാവില്ല. സംഘടനാപ്രവര്‍ത്തനത്തിനും സംഘടനയുടെ കാര്യപരിപാടികള്‍ക്കും പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ക്കും അവരുടെ ചെലവിനും ഒക്കെ പണം വേണ്ടിവരും. പക്ഷേ, പിരിക്കുന്ന പണത്തിന് വ്യക്തമായ രസീത് നല്‍കുകയും അത് സംഘടനയുടെ ആവശ്യത്തിനു ഉപയോഗിക്കുകയും നേതാക്കള്‍ പുട്ട് അടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. കര്‍ത്തയുടെ മാസപ്പടി ഡയറിയില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിണറായി വിജയന്റെയും ഗോവിന്ദന്റെയും ഒക്കെ പേരുകള്‍ വന്നത് തെറ്റായി വ്യാഖ്യാനിക്കാനാവില്ല എന്ന് ന്യായീകരിച്ചത് പിണറായി വിജയനല്ല, പ്രതിപക്ഷ നേതാവായ വി.ഡി. സതീശനാണ്. വീട്ടില്‍ നിന്ന് കാശു കൊണ്ടുവന്ന് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് എളുപ്പമല്ലല്ലോ എന്നായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. പ്രധാനമന്ത്രി സ്ഥാനം വഹിച്ചതിനുശേഷം വാടകവീട്ടില്‍ കഴിയേണ്ടി വരികയും സമയത്ത് വാടക കൊടുക്കാത്തതുകൊണ്ട് പുസ്തകവും പെട്ടിയും വീട്ടുസാധനങ്ങളും അടക്കം തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത ഗുല്‍സാരി ലാല്‍ നന്ദയുടെ നാടാണ് ഭാരതം എന്നകാര്യം വി.ഡി.സതീശന് മറക്കുന്നു. പ്രതിപക്ഷ നേതാവ് ആയതിനുശേഷം തല മറന്ന് എണ്ണ തേക്കുന്ന സതീശന് ഇപ്പോള്‍ പഴയ സതീശന് അല്ല. മെഴുക്കു മാറാത്ത മുഖവും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കി സംഘടനാപ്രവര്‍ത്തനം നടത്തിയിരുന്ന സതീശന് മാതൃഭൂമി കൊച്ചി ഓഫീസില്‍ കയറിവന്നിരുന്നത് ഇന്നും ഓര്‍മിക്കുന്നു. ആ സതീശന് ഇന്ന് ഓര്‍മ്മകളില്‍ മാത്രമാണ്. അതുകൊണ്ടാണല്ലോ ഗാന്ധിജിയെ വിറ്റ് പണം വാങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം പറയുന്ന വാക്ക്, വീട്ടില്‍ നിന്ന് പണം കൊണ്ടുവന്ന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ ആകുമോ എന്ന ചോദ്യം ചോദിക്കുന്നത്.
പ്രധാനമന്ത്രിയായിരിക്കെ അന്തരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഫിയറ്റ് കാര്‍ വാങ്ങിയിരുന്നത് ബാങ്ക് വായ്പ എടുത്തായിരുന്നു. ആ തരത്തിലുള്ള നേതാക്കളും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ മരണശേഷം കോണ്‍ഗ്രസ് ഫണ്ടിലെ ബാക്കി തുകയുമായി നെഹ്റുവിനെ കാണാന്‍ എത്തിയ മകളുടെ കഥ ചരിത്രമാണ്. എങ്ങനെ പട്ടേല്‍ കുടുംബം അവഗണിക്കപ്പെട്ടു എന്നതും. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി പോലും ഇല്ലാത്ത പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ മുന്നണി അപമാനം മാത്രമല്ല, അശ്ലീലവും കൂടിയാണ്. ജനാധിപത്യത്തിന്റെ അന്തഃസത്ത ഭരണപക്ഷവും അതിശക്തമായ പ്രതിപക്ഷവും ഉള്‍പ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന് പണം പറ്റിയത് സംഘടനാ പ്രവര്‍ത്തനത്തിന് ആണെന്നോ പാര്‍ട്ടിക്കുവേണ്ടി ആണെന്നോ പറയാം. പക്ഷേ, മകള്‍ വീണയ്ക്ക് ഒരു സേവനവും നടത്താതെ കരിമണല്‍ കര്‍ത്താ മാസപ്പടി ഇനത്തില്‍ രണ്ടു കോടിയിലേറെ രൂപ കൊടുത്തു എന്നത് രാഷ്ട്രീയ അഴിമതി അല്ലെങ്കില്‍ മറ്റെന്താണ് അഴിമതി?
ഈ കാര്യങ്ങള്‍ സിപിഎം കേന്ദ്ര നേതൃത്വം 2009 ല്‍ തെറ്റ് തിരുത്തല്‍ രേഖയില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. കേന്ദ്ര കമ്മിറ്റി 2009 ഒക്ടോബറില്‍ അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ ഇങ്ങനെ പറയുന്നു. ‘പൊതുപദവികള്‍ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ അവിഹിതമായി സ്വത്ത് സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത വേണ്ടതാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി സമിതികള്‍ മടി കാണിക്കുന്നു……അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കേസുകള്‍ പാര്‍ട്ടിയിലും ബഹുജന സംഘടനകളിലും ഉണ്ട്. നേതൃപദവികളില്‍ ഉള്ളവരും പാര്‍ട്ടിയില്‍ സ്വാധീനമുള്ളവരും ഉള്‍പ്പെട്ട അത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് വിമുഖതയാണ്. ഇത്തരം പ്രവണതകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വഭാവത്തിന് നിരക്കുന്നതല്ല.’
സമൂഹത്തിലെ എല്ലാ രംഗത്തും സ്വകാര്യമേഖല പിടിമുറുക്കി എന്നും നിയമപരമായും അല്ലാതെയും പണമുണ്ടാക്കുന്നവര് സഖാക്കളെ സ്വാധീനിക്കുന്ന സ്ഥിതി പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും കേന്ദ്ര കമ്മിറ്റി യോഗം 2009 ല്‍ തന്നെ വിലയിരുത്തിയിരുന്നു. ചില നേതാക്കളും കേഡറും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ പാലിക്കാതിരുന്നാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കും എന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ഉന്നത പദവികളിലും പാര്‍ട്ടി നേതൃത്വത്തിലും ഉള്ളവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തയ്യാറാകാത്തതാണ് ഇത്തരം തെറ്റുകള്‍ ഉണ്ടാകാനും കുമിഞ്ഞു കൂടാനും ഉള്ള സാഹചര്യമെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയതാണ്.
ഇത്രയും വ്യക്തമായ രീതിയില്‍ തെറ്റ് തിരുത്തല്‍ രേഖ പാര്‍ട്ടിയിലെ നയവ്യതിയാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടും മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ മകളുടെ കാര്യത്തില്‍ തെറ്റ് തിരുത്താനോ നടപടിയെടുക്കാനോ സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരസ്യമായ ഒരു പ്രതികരണം പോലും സിപിഎം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉണ്ടായില്ല. പതിവുപോലെ ഇക്കാര്യത്തിലും തെറ്റൊന്നും ചെയ്തിട്ടില്ല എന്നും കണ്‍സള്‍ട്ടന്‍സി നടത്തുന്നതിനും പണം പറ്റുന്നതിലും തെറ്റില്ല എന്ന നിലപാടുമായി രംഗത്ത് വന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഒരിക്കല്‍ കൂടി താന്‍ വെറും ‘തൊമ്മി’ മാത്രമാണെന്നും ‘പട്ടേലരുടെ’ ദയാവായ്പില്‍ നേടിയ സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ ഏതുതരത്തിലും അടിമ കിടക്കാന്‍ തയ്യാറാണെന്നും പ്രകടമാക്കുന്നതായിരുന്നു. സ്പ്രിംഗഌ വിവാദത്തിലും വീണക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്.
സിപിഎം കേന്ദ്ര നേതൃത്വത്തിന് ഒരുപക്ഷേ പിണറായി വിജയനെതിരെ നടപടിയെടുക്കാന്‍ ഭയമുണ്ടാകും. തെറ്റുതിരുത്തല്‍ രേഖ പോയിട്ട് അഴിമതി പ്രശ്നത്തെക്കുറിച്ച് പറയാനുള്ള ധൈര്യം പോലും കേന്ദ്രനേതൃത്വത്തിനുണ്ടാവില്ല. കാരണം ഇന്ന് ദല്‍ഹിയിലെ പാര്‍ട്ടി ഓഫീസും സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സ് സിപിഎമ്മിന്റെ കേരളത്തിലെ ഭരണമാണ് എന്നകാര്യം പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം വയറ്റിപ്പാട് ഇല്ലാതാക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകാം. പക്ഷേ, പ്രതിപക്ഷത്തിന് എന്തുപറ്റി? ഇതാണോ ഒരു ജനാധിപത്യ സംവിധാനത്തിലെ പ്രതിപക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? പ്രതിപക്ഷ നേതാവും മുന്നണിയും ഭയപ്പെടുന്നത് എന്തോ, എന്തിനെയോ എന്ന കാര്യം പിണറായിയുടെ ദയവായ്പിലായതു കൊണ്ടാകാം പ്രതിപക്ഷം സംശയകരമായ നിശബ്ദത പാലിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ മുഖ്യമന്ത്രിയും വീണയും മാത്രമല്ല, പ്രതിപക്ഷ നേതാവും പ്രതിപക്ഷവും സംശയ മുനയിലാണ്. അഗ്നിശുദ്ധി വരുത്താതെ ഇനി നിങ്ങളുടെ രാഷ്ട്രീയ പ്രസക്തി ശരിയായ നിലയിലേക്ക് ഉയരില്ല. ഇന്ന് കേരളത്തിന് നിങ്ങളെ വിശ്വാസമില്ല. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചരിത്രത്തില്‍ നിങ്ങള്‍ എവിടെയായിരിക്കും എന്നകാര്യം ഇപ്പോള്‍ തന്നെ ഉറപ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: