ന്യൂദല്‍ഹി: മോദി സ്വപ്നം കണ്ടതുപോലെ മെയ് ഡ് ഇന്‍ ഇന്ത്യ ലേബലോടെ ആപ്പിള്‍ ഐഫോണിന്റെ ലേറ്റസ്റ്റ് പതിപ്പായ ഐഫോണ്‍ 15 സെപ്തംബറില്‍ ഇന്ത്യയില്‍ നിന്നും ലോകവിപണിയില്‍ എത്തുന്നു. തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ആണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലുള്ള ഉല്പാദന പ്ലാന്റില്‍ നിന്നും ആപ്പിളിന്റെ ലേറ്റസ്റ്റായ ഐ ഫോണ്‍ 15 നിര്‍മ്മിക്കുക. ഇതോടെ ഉന്നത സാങ്കേതികവിദ്യ അടങ്ങിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് ആഗോള വിപണിയുടെ ശ്രദ്ധാകേന്ദ്രം ആകും മോദിയുടെ ഇന്ത്യ.
ചൈനയ്ക്ക് പുറമെ ഇന്ത്യയെക്കൂടി ആപ്പിള്‍ ഐ ഫോണിന്റെ നിര്മ്മാണകേന്ദ്രമാക്കുക എന്ന മോദിയുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതോടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജം ലഭിയ്ക്കുമെന്നതാണ് മോദിയുടെ കണക്കുകൂട്ടല്‍.
ഫോക്സ് കോണിന് പുറമെ, ടാറ്റാ ഗ്രൂപ്പും പെഗാട്രോണും ചേര്‍ന്ന് ആപ്പിള്‍ ഐ ഫോണ്‍ 15 അസംബിള്‍ ചെയ്തിറക്കും. ഇതിനായി ബെംഗളൂരുവിന്റെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തായ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ പ്ലാന്റ് ടാറ്റയും പെഗാട്രോണും ചേര്‍ന്ന് വിലയ്ക്ക് വാങ്ങുമെന്നറിയുന്നു. ബ്ലൂം ബെര്‍ഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൈനയില്‍ ഉള്ള ഫോക്സ്കോണിന്റെ ഉല്പാദന ഫാക്ടറികളില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണ്‍ 15 ആയിരിക്കും ആദ്യം വിദേശ വിപണികളിലേക്ക് ഫോക്സ് കോണ്‍ അയയ്ക്കുക. ഏതാനും ആഴ്ച കഴിഞ്ഞാല്‍ ഉടനെ ശ്രീപെരുമ്പതൂരില്‍ നിന്നും മെയ് ഡ് ഇന്‍ ഇന്ത്യ ലേബലുള്ള ആപ്പിള്‍ ഐ ഫോണുകള്‍ വിദേശ വിപണിയിലേക്ക് കയറ്റി അയയ്ക്കും. ഏതാണ്ട് സെപ്തംബര്‍ 12ഓടെ മെയ് ഡ് ഇന്‍ ഇന്ത്യ ആപ്പിള്‍ ഐ ഫോണ്‍ 15 വിദേശ വിപണികളില്‍ വിലയ്ക്ക് വാങ്ങാനാവും.
കഴിഞ്ഞ വര്‍ഷം വരെ ആപ്പിള്‍ ഐ ഫോണിന്റെ അസംബ്ലി ഇന്ത്യയിലെ പ്ലാന്റില്‍ പരിമിതമായി മാത്രമേ ചെയ്തിരുന്നുള്ളൂ..അതിനാല്‍ ഇവിടെ ഉല്പാദനം പൂര്‍ത്തിയാവാന്‍ ഏകദേശം ആറ് മുതല്‍ ഒമ്പത് മാസം വരെ എടുത്തിരുന്നു. എന്നാല്‍ ആപ്പിള്‍ ഐ ഫോണ്‍ 14 പതിപ്പ് എത്തിയതോടെ കാലതാമസം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഐ ഫോണ്‍ 15 എത്തിയതോടെ വീണ്ടും ഇന്ത്യയിലെ ഉല്പാദനം കൂടുതല്‍ സജീവമാക്കുകയാണ് ഫോക്സ് കോണ്‍. ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ കൃത്യതയോടെ എത്തുകയും ചെന്നൈയിലെ ഫാക്ടറി സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്താന്‍ മാത്രമേ ഇത് സാധ്യമാകൂ. ചൈനയില്‍ നിന്നും കൂടുതലായി ആപ്പിള്‍ ഐ ഫോണിന്റെ ഉല്പാദനം ഫോക്സ് കോണ്‍ മറ്റ് രാജ്യങ്ങളിലേക്ക് കൂടുതലായി പറിച്ചുനടുകയാണ്. ഇതില്‍ ഇന്ത്യയ്ക്കും പ്രഥമസ്ഥാനമുണ്ട്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയാണ് ഫോക്സ് കോണ്‍ ഇന്ത്യയിലെ ഉല്പാദനം കൂടുതല്‍ ശക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 700 കോടി ഡോളറിന്റെ ഉല്പാദനം ഇവിടെ നടത്തി.
മാത്രമല്ല, 2023 ഏപ്രിലില്‍ ഇന്ത്യയില്‍ ആപ്പിള്‍ റീട്ടെയ്ല്‍ കടകള്‍ തുറക്കുകയും അവിടെ മികച്ച തോതില്‍ വില്പന നടത്താന്‍ കഴിയുക കൂടി ചെയ്തതോടെ ആപ്പിള്‍ കമ്പനിയും ഇന്ത്യയിലെ ദീര്‍ഘകാലത്തില്‍ ഉല്പാദന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: