തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിന്റെ ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശ വിഗ്രഹ ഘോഷയാത്ര തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി.
ജില്ലയിലെ 208 കേന്ദ്രങ്ങളിലായി പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹങ്ങൾ ചെറു ഘോഷയാത്രകളായി പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. തുടർന്ന് പഴവങ്ങാടിയിൽ നടന്ന സാംസ്കാരിക സമ്മേളനം മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാർ പോളീ കാർപ്പസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും പകർന്ന് നൽകിയ ദീപം ഗണേശ വിഗ്രഹത്തിന് മുന്നിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ തെളിയിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു.
ട്രസ്റ്റ് കൺവീനർ ആറ്റുകാൽ ആർ.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ശ്രീകണ്ഠേശ്വരം രാജേന്ദ്രൻ നായർ, ജോൺസൺ ജോസഫ്, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ശിവസേന തമിഴ്നാട് പ്രസിഡന്റ് അഡ്വ.ചിതറാൾ വി.രാജേഷ്, ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.പേരൂർക്കട ഹരികുമാർ , ശിവജി ജഗന്നാഥൻ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ, വട്ടിയൂർക്കാവ് മധുസൂദനൻ നായർ, അരുൺ വേലായുധൻ, ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഓവർ ബ്രിഡ്ജ്.ആയുർവേദ കോളേജ്, സ്റ്റാച്ച്യൂ, പാളയം, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ആൾ സെയിന്റ്സ് വഴി ശംഖുമുഖം ആറാട്ട് കടവിൽ എത്തി പൂജകൾക്കു ശേഷം ഗണേശ വിഗ്രഹങ്ങൾ ആറാട്ടുകടവിൽ നിമജ്ജനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: