ന്യൂദല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവരും മോശം പോ
സ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരും ജാഗ്രത! കേസാകുമ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പുന്ന പരിപാടി ഇനി നടക്കില്ല. ഇത്തരക്കാര്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കേസുകള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം
കോടതി വ്യക്തമാക്കി. അസഭ്യം നിറഞ്ഞ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയാറാവണമെന്നും കോടതി വ്യക്തമാക്കി.
വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യ പോ
സ്റ്റിട്ട കേസില്‍ തമിഴ്നാട് മുന്‍ എംഎല്‍എ എസ്.വി. ശേഖറിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് വിധിച്ചുകൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. 2018 ഏപ്രിലിലാണ് സംഭവം. താന്‍ കണ്ണില്‍ മരുന്നൊഴിച്ചിരിക്കെ അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്തെന്നായിരുന്നു ശേഖറിന്റെ ന്യായം. സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിച്ചിരുന്നോ എന്ന് കോടതി തിരിച്ചു ചോദിച്ചു. കണ്ണില്‍ മരുന്നൊഴിച്ചിരിക്കുന്നയാള് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടിയിരുന്നതായും ജസ്റ്റിസ് ബി.ആര്. ഗവായ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന്റെ ആഘാതത്തേയും വ്യാപ്തിയേയും പറ്റി കൂടുതല്‍ ശ്രദ്ധയുള്ളവരാവണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുന്നവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. തമിഴ്നാട് ഹൈക്കോടതി മുമ്പാകെ എസ്.വി. ശേഖര്‍ മാപ്പപേക്ഷ നല്‍കിയതായി ശേഖറിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ശേഖര്‍ ചെയ്തതെന്ന വാദവും കോടതി അംഗീകരിച്ചില്ല. തെറ്റ് മനസ്സിലായി ആ പോസ്റ്റ് ശേഖര്‍ ഡിലീറ്റ് ചെയ്തതായും അഭിഭാഷകന് കോടതിയെ അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത്രയധികം പിന്തുണയുള്ള ശേഖറിനെപ്പോലെ ഒരാള്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ട് മാപ്പു പറയുന്നതില്‍ കാര്യമില്ലെന്നും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: