ആധുനികത കത്തിനില്ക്കുമ്പോള് കോളജ് കാമ്പസ്സുകള്‍ മുഴുവന്‍ ഒ.വി.വിജയനെയും ആനന്ദിനെയും എം.മുകുന്ദനെയും കാക്കനാടനെയും പുനത്തിലിനെയും പി. പത്മരാജനേയും സക്കറിയയേയും കൊണ്ടുവന്ന ഘട്ടത്തില്‍ എന്റെ സീനിയര്‍ വടകരക്കടുത്ത് മാടപ്പള്ളി കോളജില്‍ പടിച്ച വി.ആര്. സുധീഷും എം. സുധാകരനും ആധുനികതയുടെ വക്താക്കളായിരുന്നു. ഇടതുപക്ഷം അവതരിപ്പിച്ച പുരോഗമന കമിറ്റ്മെന്റ് സാഹിത്യത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ആഴത്തില്‍ സംസാരിക്കാന്‍ കഴിവുള്ള എഴുത്തുകാരനായിരുന്നു എം.സുധാകരന്. ബിരുദത്തിന് പഠിക്കുമ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന എല്ലാ പ്രസിദ്ധീകരണങ്ങളിലും കഥകള്‍ എഴുതിയ എം.സുധാകരന് ആധുനികതയ്ക്ക് ശേഷമുള്ള ചിത്രം വരച്ചിട്ടു. കഴിഞ്ഞ ആഴ്ച നിത്യമായ സുഷുപ്തിയിലേക്ക് പോയ ഈ എഴുത്തുകാരന് ഏറെ ശ്രദ്ധ നേടിയത് 1985 ല്‍ പുറത്ത് വന്ന ‘പ്രതിഭാ സംഗമം’ എന്ന കൃതിയുടെ പിറവിയോട് കൂടിയാണ്. ആധുനികാനന്തര കഥാകൃത്തുക്കളാണ് ഈ പുസ്തകത്തില്‍ അണിനിരന്നത്. ഈ പുസ്തകത്തില്‍ എം. സുധാകരന്റെ കഥയുണ്ട്.
അസ്തിത്വ ദുഃഖവും അന്യതാബോധവും തളംകെട്ടി നില്ക്കുന്ന എണ്‍പതുകളില്‍ സേതുവിന്റെ മാജിക്കല്‍ റിയലിസവും, എം.മുകുന്ദന്റെ ‘കാഫ്കാസ്ക്’ കഥകളും അനുകരിച്ചാണ് പലരും രംഗം പിടിച്ചെടുത്തത്. പക്ഷേ എം.സുധാകരനിലും അക്ബര്‍ കക്കട്ടില്‍ കഥകളിലും എന്‍. പ്രഭാകരനിലും പോസ്റ്റ് മോഡേണിസത്തിന്റെ രുചിഭേദങ്ങളാണ് കണ്ടത്. ജീവിതത്തിന്റെ ആകസ്മികതയിലും അസാധാരണത്വം കണ്ടെത്തിയ എം.സുധാകരന്റെ സെമിത്തേരി, ഇടനാഴികള്‍ തുടങ്ങിയ കഥകള്‍ എണ്‍പതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബെനഡിക്ട് സ്വസ്ഥമായി ഉറങ്ങുന്നു, മുറി, മരണാനന്തര പ്രശ്നങ്ങള്‍ തുടങ്ങിയ കഥകളില്‍ ആധുനിക മനുഷ്യന്റെ ജീവിതത്തെ കശക്കിയെറിയുന്ന വിധിയുടെ കൈപ്പത്തികള്‍ കാണാം. മനുഷ്യ കാമനകളുടെ വൈരുദ്ധ്യങ്ങളും ജീവിതത്തിന്റെ നൈഷ്ഫല്യവും പകര്‍ത്തിയ ഈ കഥാകൃത്തിനെ തേടി അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ എത്തിയില്ല. ‘പ്യൂപ്പ’ എന്ന നോവല്‍ അടുത്തകാലത്താണ് സീരിയലൈസ് ചെയ്തത്. പുനത്തിലിന്റെ ‘കന്യാവനങ്ങള്‍’ എന്ന നോവലിന് എം.സുധാകരന് എഴുതിയ അവതാരികയും ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: