യോഗശാസ്ത്രം പ്രധാനമായി രണ്ടുതരമുണ്ട്
1. ഹഠയോഗ
2. അഷ്ടാംഗ യോഗ
പക്ഷേ, പലരും ഈ ശാസ്ത്രത്തെ ശരിക്കും ഗ്രഹിക്കാതെ ശരീര വ്യായാമങ്ങളായി മാത്രം പഠിപ്പിക്കയും ശീലിക്കയും ചെയ്യുന്നവിധത്തില്‍ ഒതുക്കുന്നതായാണ് കാണുന്നത്. തീര്‍ത്തും അടിസ്ഥാന രഹിതമാണത്. വളരെ പ്രധാനമായ അനുലോമവിലോമ പ്രണായാമം പോലും വ്യവസ്ഥയോടെ ചെയ്യാന്‍ ആരും മിനക്കെടാറില്ല. അതാണീ അവസ്ഥയ്ക്ക് കാരണം. ഹഠ യെന്നാല്‍ സംസ്കൃതത്തില്‍ ശരീരം, ഊര്‍ജം, പ്രാണശക്തി എന്നിങ്ങനെ പല അര്‍ത്ഥങ്ങളുള്ള ഒരു പദമാണ്. ഓരോ സ്ഥലത്തും യുക്തമായതു സ്വീകരിക്കാം.
പതഞ്ജലിയുടെ യോഗസൂത്ര എന്ന അഷ്ടാംഗയോഗയാണ് ആദ്യം ഉണ്ടായതും കൂടുതല്‍ പ്രമുഖവുമെങ്കിലും ഇവിടെ ഒന്നാമതായി ഹഠ യോഗയെ പരിശോധിക്കാം. ഇത് ശരീരസൗഖ്യത്തിലും തദ്വാര മനസ്സിന്റെ സൗഖ്യത്തിലും (A sound mind in a soubd body) സിദ്ധാന്തത്തിലൂമൂന്നിയതാണ്. അതിലെ നാല് അധ്യായങ്ങളില്‍ ആദ്യ അദ്ധ്യായമാണ് ആളുകള്‍ ഇന്ന് ശീലിക്കാറുള്ളത്. 5000 വര്‍ഷങ്ങള്‍ക്കു മുന്പ,് ഋഗ്വേദത്തില്‍ യോഗയെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും സ്വത്മരാമ എന്ന യോഗിയാണ് ഹഠയോഗ പ്രദീപികയുടെ കര്‍ത്താവ്. നാല് അദ്ധ്യായങ്ങളാണതിലുള്ളത്. അവ ക്രമത്തില്‍ ആസനം, സദ്കര്‍മ, മുദ്രയും ബന്ധയും പിന്നെ സമാധിയുമാണ്.
യോഗസൂത്രയുലെ യമ, നിയമങ്ങളുടെ സ്ഥാനത്താണ് സദ്കര്‍മ പ്രതിപാദ്യം. പക്ഷെ അതില്‍, അതൊന്നും അധികമാരും ശീലിക്കാറില്ല. അതുകൊണ്ട് തന്നെ മൂന്നും നാലും അദ്ധ്യായങ്ങള്‍ അവര്‍ക്കു അപ്രാപ്യവുമാകുന്നു.
പതഞ്ജലി യോഗസൂത്രയില്‍ ആസനങ്ങള്‍ക്ക് വലിയ പ്രാമുഖ്യമൊന്നും നല്‍കിയതായി കാണുന്നില്ല. ആകെക്കൂടി ‘സുഖം സ്ഥിരം ആസനം’ എന്നതില്‍ അതൊതൂക്കി. ഇവിടെ ഏതു ഇരിപ്പാണോ സൗഖ്യദായകം, അതാണ് നിര്‍ദേശമെങ്കിലും സ്വസ്തികാസനമോ പത്മാസനമോ ആകും ഉചിതം. കാരണം നട്ടെല്ല് വളയാതെ നിവര്‍ന്നു നില്ക്കാന് ഇവ രണ്ടും തികച്ചും യുക്തമാണ്. മറ്റേതിലും നട്ടെല്ല് അറിയാതെ വളഞ്ഞു പോകും. ശരിക്കും അഭ്യസിച്ചാല്‍ ക്രമേണ അവ സുഖപ്രദമാവുമാകും.
ഹഠയോഗയിലെ നാല് അദ്ധ്യായങ്ങളും ക്രമേണ ശീലിച്ച് സിദ്ധി വരുത്തിയ യോഗിക്കു അസാധാരണമായ മനഃശരീര സിദ്ധികള്‍ കൈവരിക്കാവുന്നതാണ്. പക്ഷെ ഇന്ന് അത്തരം യോഗികള്‍ തീരെ കുറവാണ്. ശാരീരിക യോഗാഭ്യാസങ്ങള്‍ ഇന്ന് 18 എണ്ണമേ സാധാരണയായി പരിശീലിപ്പിക്കാറുള്ളൂ. പലരും അതിലും കുറഞ്ഞതാണ് ചെയ്യാറ്.
ഇത് ഹഠയോഗയുടെ കാര്യമാണ്. ഇനി നമുക്ക് പതഞ്ജലിയുടെ യോഗസൂത്രയെന്ന അഷ്ടാംഗയോഗ പരിശോധിക്കാം. അതില്‍ പ്രധാനമായി എട്ടു ഘടകങ്ങളുണ്ട്. അവ ക്രമത്തില്‍ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നീ എട്ട് കാര്യങ്ങളാണ്. യമ, നിയമങ്ങള്‍ ശീലിച്ചു പാലിക്കാതെ ആസനം (ഇരുന്നത്) കൊണ്ട് യാതൊരു കാര്യവുമില്ല. അത്രയ്ക്ക് മുഖ്യമാണവ.
1. യമം എന്നാല്‍ അഹിംസ, സത്യം, ആസ്ത്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം. അവ ഓരോന്നിന്റെയും അര്‍ത്ഥം വിശ ദീകരിച്ചാല് വളരെ ദീര്‍ഘിച്ച് പോകുമെന്നതിനാല്‍ അങ്ങനെ ചെയ്യുന്നില്ല. അതിന്റെ രത്നച്ചുരുക്കം പറയാം. മനസ് സത്യയുക്തവും മനോ, ചിത്ത, വൃത്യാ ഒരു ദ്രോഹവും ചെയ്യാതെയും ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആപ്ത വാഖ്യാനുസാരം മനഃശരീരങ്ങള്‍ പൂര്‍ണ സാത്വികതയില്‍ വര്‍ത്തിപ്പിക്കുക.
അടുത്തത് നിയമം. നിയമം യമത്തിന്റെ പ്രവര്‍ത്തനതലം തന്നെയാണ്. ശൗച, സന്തോഷ, തപ, സ്വാദ്ധ്യായ, ഈശ്വര പ്രാണിധാനം. എന്നീ അഞ്ചെണ്ണം നിയമം. യമം തന്നില്‍ പ്രതിഷ്ഠിക്കുന്ന ക്രിയയാണ് നിയമം. പരിപൂര്‍ണ സാത്വികത മനഃശരീരങ്ങളില് പ്രാപ്തമായിക്കഴിഞ്ഞാല്‍ ധ്യാനയോഗമെന്നപ്രണായാമ, പ്രത്യാഹാര, ധാരണ, ധ്യാനസമാധികള്‍ക്കായി ആസനസ്ഥനാകാം.
പ്രാണയാമം: ഇതില്‍ അതിപ്രധാനമാണ്. അതിനാല്‍ത്തന്നെ അത് വിശദമായി തന്നെ വിവരിക്കുന്നു. നാഡീശോധന പ്രാണായാമമാണ് മുഖ്യമായും ചെയ്യേണ്ടത്.
‘തസ്മിന് ശ്വാസ പ്രശ്വാസയോര്
ഗതിവിച്ചേദഃ പ്രാണായാമ’ എന്ന ശീര്‍ഷകത്തില്‍ കുറെയധികം അത് വിവരിക്കുന്നു.
‘ദീര്‍ഘ, സൂക്ഷ്മ, ബാഹ്യ, ആഭ്യന്തര,സ്തംഭ വൃത്തിഹി’ എന്നാണ് പറയുന്നത്.
ശ്വാസം ദീര്‍ഘമായും വളരെ സൂക്ഷ്മ (സാവധാനം) വലതു നാസിക പൂര്‍ണ്ണമായി അടച്ചും ഇടതു നാസിക വഴി വലിച്ചെടുത്തു ഉള്ളില്‍ ബന്ധിച്ചു നിര്‍ത്തണം. ഇത് കഴിവതും മൂന്നു സെക്കന്റ് എങ്കിലും ചെയ്യാം. പിന്നീട് സാവകാശം ഒരു 45 സെക്കന്റ് കൊണ്ട് മാത്രം ഇടതു മൂക്കടച്ചു വലതു മൂക്കിലൂടെ സൂക്ഷ്മതയോടെ പുറത്തേക്കൊഴുക്കണം. പൂര്‍ണ്ണ മായും പുറത്തുപോയശേഷം ഒരു3 4 സെക്കന്റ് പ്രാണനെ പുറത്തു നിര്‍ത്തി ബാഹ്യകുംഭകം ചെയ്യണം. തുടക്കത്തില്‍ രണ്ടു മൂക്കും ഇടവിട്ട് വിരലുകൊണ്ട് അടച്ചും, തുറന്നും ചെയ്യാം. പതുക്കെ വലതു മൂക്കിലൂടെ വലിച്ചും ഉള്ളില്‍ ആഭ്യന്തര കുംഭകം ചെയ്തു
നിര്‍ത്തിയും അത് തുടരുക. മെല്ലെ അല്പാല്പ്പം സമയ ദൈര്‍ഘ്യം വരുത്തേണ്ടതാണ്.
മൂക്ക് പിടിക്കേണ്ടത് വലതു കൈയ്യുടെ ചൂണ്ട് വിരല്‍ ആജ്ഞാ ചക്രത്തില്‍ അമര്‍ത്തി മദ്ധ്യവിരല്‍ അതിനും മുകളില്‍ അമര്‍ത്തിവെച്ചും പെരുവിരല്‍ കൊണ്ടു വലതു മൂക്ക് അടച്ചും ഇടതു മൂക്കിലൂടെ മെല്ലെ വേണം ശ്വാസം വലിക്കാന്‍. പൂര്‍ണമായി വലിച്ച് കഴിഞ്ഞാല്‍ മൂന്നാമത്തെ വിരലിനാല്‍ ഇടതു മൂക്ക് അമര്‍ത്തി ചെറുവിരല്‍ അതിനും മുകളില്‍ ബലപ്പെടുത്തി വെച്ചും ആഭ്യന്തര സ്തംഭനം ചെയ്യുക. ഇടതു കൈക്രിയാമുദ്രയില് കാല് മുട്ടിനു മുകളില്‍ വെയ്ക്കണം. പെരുവിരലും രണ്ടും മൂന്നും വിരലുകളും ചേര്‍ത്ത് വെച്ച് ചൂണ്ടുവിരലും, ചെറുവിരലും നിവര്‍ത്തി വെക്കുന്നതാണ് ക്രിയാ മുദ്ര! ചിന്മുദ്രയില് പ്രണാമം ചെയ്യരുത്. പ്രണായാമം മൂന്നില്‍ തുടങ്ങി 21 വരെ ചെയ്യാം. നിരന്തരമായ അഭ്യാസത്താല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മൂക്ക് പിടിക്കാതെ സ്വച്ഛന്ദം അത് ചെയ്യാവുന്നതേയുള്ളു. യോഗികള്‍ അങ്ങനെയാണ് ചെയ്യുക.
പ്രത്യാഹാരമെന്നാല്‍ മനസിനെ ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചു ആത്മോന്മുഖമാക്കുക എന്നാണര്‍ത്ഥമാക്കുന്നത്. അടുത്തതായി ധാരണയാണ്.ആത്മനിഷ്ഠയോടെ മനസിനെ ഏകാഗ്രതയില്‍ നിര്‍ത്തുന്നതാണ് ധാരണ .
ഇനി ധ്യാനം.
‘തത്ര പ്രത്യയ ഏക താനത ധ്യാനം!’ ചിത്തം ആത്മഭാവേന നിര്‍ത്തുന്നത് ധ്യാനം.
സമാധ്യാവസ്ഥയാണടുത്തത്:
‘തദേവാര്ത്ഥമാത്ര നിര്ഭാസം
സ്വരൂപ ശൂന്യം ഇവ സമാധി’ താനെന്നഭാവം നശിച്ചുള്ള പരമാത്മ ലയന മാണ് സമാധി! പ്രവൃത്തിപദത്തില്‍ ഈ പദ്ധതി അത്യന്തം ദുഷ്കരമാണ്. അതിനാല്‍ തന്നെ പ്രതിഫലേച്ഛയില്ലാത്ത യോഗിത്വമുള്ളൊരു ഗുരു കൂടിയേതീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: