തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎല്ലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കമ്പനിക്ക് ഖനനാനുമതി നൽകാൻ പഴുതുകൾ തേടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗവും ചേർന്നുവെന്നത് മാസപ്പടി അഴിമതിയിൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നതിന്റെ ഉദാഹരണമാണ്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാൻ കേന്ദ്രനിയമങ്ങൾ മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്ന് വ്യക്തമായിട്ടും അന്വേഷണം നടത്താൻ സംസ്ഥാന ഏജൻസികൾ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം തിരുവനന്തപുരത്ത് ചോദിച്ചു.
മാസപ്പടി കൊടുത്തത് വെറുതെയല്ലെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പേരിലുള്ള വലിയ അഴിമതികൾ സംസ്ഥാനത്ത് അന്വേഷിക്കുന്നില്ല. രണ്ട് പേരും എന്താ ദിവ്യൻമാരാണോ? സതീശൻ പിണറായി വിജയന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് മാത്യു കുഴൽനാടനും സുധാകരനും ഷാജിക്കും എതിരെ കേസെടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസ് സതീശനെ തൊടാത്തത്. പുനർജനി തട്ടിപ്പ് ലൈഫ്മിഷൻ പോലെ വലിയ അഴിമതിയാണ്. മാസപ്പടി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കാൻ ബിജെപി തയ്യാറാണ്. വിഡി സതീശന് അതിന് ധൈര്യമുണ്ടോ? പ്രതിപക്ഷ നേതാവാണെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് ഒരു കത്തയക്കാൻ സതീശൻ തയ്യാറാവണം. തല പോയാലും സതീശൻ കത്തയക്കില്ല. തട്ടിപ്പ് പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശന്റെ പ്രതിപക്ഷ നേതാവ് പദവി വെറും സാങ്കേതികം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ആരുടെയെങ്കിലും ആരോപണമല്ല മറിച്ച് ആദായ നികുതി വകുപ്പ് സബ്മിറ്റ് ചെയ്ത രേഖയാണ് മാസപ്പടി കേസ്. ഇത് അന്വേഷിക്കാതിരിക്കുന്നത് അത്ഭുതമാണ്. കേരളത്തിൽ പൊതുപ്രവർത്തന അഴിമതി നിരോധന നിയമമില്ലേ എന്ന സംശയമാണ് ജനങ്ങൾക്കുള്ളത്. കമ്പനികൾ തമ്മിലാണ് ഇടപാടെങ്കിൽ വീണയുടെ അക്കൗണ്ടിലേക്ക് എന്തിന് പണം കൊടുത്തുവെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണം. എംവി ഗോവിന്ദനും സിപിഎമ്മും ഒളിച്ചോടുകയാണ്. അഴിമതി, നിയമപരമല്ലാത്ത പണമിടപാട് എന്നിവയാണ് മുഖ്യമന്ത്രിക്കെതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: