തൊടുപുഴ: കാലവര്‍ഷം ചതിച്ചു, കേരളം കടുത്ത ജലക്ഷാമത്തിലേക്ക്. അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 50 ശതമാനം വരെ വെള്ളം കുറവാണ്. തുള്ളിയൊഴിയാതെ പെയ്തിരുന്ന കര്‍ക്കടകത്തില്‍പ്പോലും ഇത്തവണ കാര്യമായി മഴ കിട്ടിയില്ല. ജലക്ഷാമം കുടിവെള്ള, ജലസേചന പദ്ധതികളെയും വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുന്നു, കൃഷിക്കും വലിയ തിരിച്ചടി.
കെഎസ്ഇബിയുടെ പ്രധാനപ്പെട്ട സംഭരണികളില്‍ 37 ശതമാനമേ വെള്ളമുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേസമയം 82 ശതമാനമായിരുന്നു വെള്ളം. ഡാമുകളുടെ മൊത്തം സംഭരണ ശേഷിയുടെ പാതി വെള്ളം ശേഖരിക്കാനാകുന്ന ഇടുക്കിയില്‍ 31 ശതമാനം വെള്ളം മാത്രം. ഇടുക്കിയിലെ വെള്ളം കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 60 ശതമാനവും ഇടുക്കിയില്‍ നിന്നാണ്.
ജലസേചന വകുപ്പിന്റെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയില്‍ 36% വെള്ളം മാത്രം.
ചെറിയ അണക്കെട്ടുകളിലൊഴികെ മറ്റിടങ്ങളിലെല്ലാം ജലശേഖരം (ശതമാനം) 20നും 40നും ഇടയിലാണ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 1708.61 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ഒഴുകിയെത്തിയുള്ളൂ. 3108.468 മില്യണ്‍ യൂണിറ്റ് പ്രതീക്ഷിച്ച സ്ഥാനത്താണിത്.
ഓണം വരെ കാര്യമായ മഴയ്‌ക്കു സാധ്യതയില്ല. അടുത്ത മാസം കൂടി മഴ വിട്ടുനിന്നാല്‍ സമസ്ത മേഖലകളിലും വലിയ ആഘാതമാകും. വര്‍ഷങ്ങള്‍ക്കു ശേഷം പവര്‍കട്ടും പിന്നാലെ വെള്ളത്തിനു റേഷനും വേണ്ടി വരും. 2016-17ല്‍ സമാനമായി മഴ കുറഞ്ഞിരുന്നു. 2024ലും ഇതേ പ്രതിഭാസമുണ്ടാകുമെന്ന് പ്രവചനമുണ്ട്.
ചൂടു കൂടി; ഉപയോഗം ഉയരുന്നു
സംസ്ഥാനത്ത് ശരാശരി താപനില 30 മുതല്‍ 35 ഡിഗ്രി വരെ, രാത്രി താപനില പോ
ലും 22നും 26നും ഇടയ്‌ക്ക്. 86.4301 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത്. ഇതില്‍ 68.26 മില്യണ്‍ യൂണിറ്റും പുറത്തു നിന്നെത്തിച്ചതാണ്.
ഇടുക്കി, ശബരിഗിരി പദ്ധതികളിലെ ഉത്പാദനം കൂട്ടി. എന്നാല്‍ വൈദ്യുതി ഉത്പാദനം പരമാവധിയാക്കിയാല്‍ ഒരു മാസം കൊണ്ട് ഇടുക്കിയില്‍ ഉള്‍പ്പെടെ വെള്ളം തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: