ഇനിയുള്ള ഒമ്പതു ദിനങ്ങള്‍ കായികപ്രേമികളുടെ കണ്ണുകള്‍ ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡ് പെസ്റ്റിലേക്കായിരിക്കും. ഡാന്യുബ് നദിയുടെ കിഴക്കേ കരയില്‍ പുതുതായി പണിതീര്‍ത്ത, മുപ്പത്തി ആറായിരം കാണികളെ ഉള്‍ക്കൊള്ളാവുന്ന നാഷണല്‍ അത്‌ലറ്റിക് സെന്റര്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പത്തൊന്‍പതാം എഡിഷനിലെ പോരാട്ടങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം കായിക താരങ്ങളാണ് പുതിയ ദൂരവും ഉയരവും വേഗതയും കണ്ടെത്തി ലോകത്തിന്റെ നെറുകയിലേറുവാന്‍ അവസാന പരിശീലനം കഴിഞ്ഞ് ബുഡാപെസ്റ്റില്‍ എത്തിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അത്‌ലറ്റിക്‌സ് മാമാങ്കത്തില്‍, 49 ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
കഴിഞ്ഞ പത്തൊന്‍പതു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ മാത്രമേ മെഡല്‍ പോഡിയത്തില്‍ കയറിയിട്ടുള്ളൂ. 2003 ല്‍ പാരീസില്‍ അഞ്ജു ബോബി ജോര്‍ജ് വനിതകളുടെ ലോങ് ജംപില്‍ ഒരു വെങ്കല മെഡല്‍ നേടിക്കൊണ്ട് ആദ്യമായി ഇന്ത്യയ്‌ക്കൊരു മെഡല്‍ സമ്മാനിച്ചു. 6.70 മീറ്ററാണ് അന്നത്തെ വെങ്കല മെഡലിന് അഞ്ജു ചാടിയത്. 2022 ല്‍ യൂജിനില്‍ പുരുഷന്മാരുടെ ജാവലനില്‍ നീരജ് ചോപ്ര ഒരു വെള്ളി മെഡലോടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് പുതിയ ഒരു ഉണര്‍വ്വ് പകര്‍ന്നു. 88.13 മീറ്റര്‍ അകലെ ജാവലിന്‍ പതിപ്പിച്ചാണ് നീരജ് വെള്ളി മെഡല്‍ ഉറപ്പാക്കിയത്.
ബുഡാപെസ്റ്റില്‍ 27 കായികതാരങ്ങളുള്ള 42 അംഗ ടീമിനെ നയിക്കുന്നത് ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ട് ഇന്ത്യന്‍ കായിക ചരിത്രത്തിന്റെ തങ്കത്താളുകളില്‍ ഇടംനേടിയ നീരജ് ചോപ്രയാണ്. കോടിക്കണക്കിന് ഭാരതീയരുടെ പ്രതീക്ഷകളുടെ ഭാരമേറിയാണ് ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ബുഡാപെസ്റ്റില്‍ കായികമേളയുടെ അവസാന ദിവസം ഫീല്‍ഡിലിറങ്ങുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍, ഭാരതത്തിന് കഴിഞ്ഞ വര്‍ഷം നേടിയ വെള്ളിയ്‌ക്ക് പകരം ഇത്തവണ ഒരു സ്വര്‍ണമെഡല്‍ നേടുവാന്‍ നീരജിന് കഴിയുമോ? ടോക്കിയോ ഒളിംപിക് സ്വര്‍ണ്ണം, ഡയമണ്ട് ലീഗ് ചാമ്പ്യന്‍, ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ ആദ്യ ഒന്നാം സ്ഥാനം- നേട്ടങ്ങള്‍ ഏറെയുള്ള ഈ ഇരുപത്തിയഞ്ചുകാരന് ബുഡ്‌പെസ്റ്റ് കായികമേളയ്‌ക്ക് വൈല്‍ഡ് കാര്‍ഡിലൂടെയാണ് പ്രവേശനം ലഭിച്ചത്. പരിശീലനത്തിനിടയില്‍ കാലില്‍ പരിക്കേറ്റ നീരജ് രണ്ട് ഡയമണ്ട് ലീഗുകളില്‍ ഒന്നാമതെത്തിയിരുന്നു. ദോഹ ഡയമണ്ട് മീറ്റില്‍ 88.67 മീറ്റര്‍ ദൂരം ജാവലിന്‍ പതിപ്പിച്ചതാണ് നീരജിന്റെ സീസണിലെ മികച്ച പ്രകടനം. ബുഡാപെസ്റ്റില്‍ നീരജിന് കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുമെന്നുറപ്പാണ്. യൂജിനില്‍ ചാമ്പ്യനായിരുന്ന ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 93.07 മീറ്ററില്‍ ലോക റിക്കാര്‍ഡ് സൂക്ഷിക്കുന്ന താരമാണ്. ഈ സീസണില്‍ 85 മീറ്ററിന് മുകളില്‍ ഒരിക്കല്‍ മാത്രം എത്തിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ തന്റെ ദിനത്തില്‍ മികച്ച നേട്ടത്തിന് മടി കാണിക്കാത്തയാളാണ്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ ഇതുവരെ ഒരിക്കല്‍പോലും നീരജിനെ പിന്നിലാക്കിയിട്ടില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ (ഡെ)യാക്കുബ് വാല്‍ഡെജ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ടോക്കിയോ ഒളിംപിക്‌സില്‍ നീരജിന്റെ പിന്നിലാണ് വാല്‍ഡെജ്. 32-ാം വയസ്സില്‍ വാല്‍ഡെജിന്റെ കരുത്ത് ആറു ചാമ്പ്യന്‍ഷിപ്പിലെ മത്സര പരിചയമാണ്. 2012 ല്‍ 19-ാം വയസ്സില്‍ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ ട്രിനിഡാസിന്റെ കെയോണ്‍ വാല്‍ക്കോട്ട് ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനത്തുണ്ട്. ടോക്കിയോയിലെപ്പോലെ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ നീരജിന് തന്റെ കഴിഞ്ഞവര്‍ഷത്തെ വെള്ളി മെഡലിന് പകരം ബുഡാപെസ്റ്റില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ കഴിഞ്ഞേക്കും.
ഏഴു മലയാളികള്‍ ഇന്ത്യന്‍ ടീമിനൊപ്പം ലോക കായിക മത്സരവേദിയിലുണ്ട്. ശ്രീശങ്കര്‍ (ലോങ്ജംപ്), അബ്ദുല്ല അബുബക്കര്‍, എല്‍ദോസ് പോള്‍ (ട്രപ്പിള്‍ ജംപ്), അമോജ് ജേക്കബ്ബ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അസ്, മിജോ ചോക്കോ കുര്യന്‍ (4 ഃ 400 പുരുഷറിലേ) എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍. ഇവര്‍ക്ക് തങ്ങളുടെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ നടത്തുവാന്‍ കഴിയണം.
ഇന്ത്യന്‍ താരങ്ങള്‍ ഇന്ന്: തുടക്കം പുരുഷന്‍മാരുടെ നടത്തത്തോടെ
പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തം ആണ് ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്ന ആദ്യ ഫൈനല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ തന്നെ ആദ്യ ഫൈനലും ഇതു തന്നെ. ആകാശ്ദീപ് സിങ്, വികാസ് സിങ്, പരംജീത് സിങ് എന്നിവരാണ് ഇന്ത്യയ്‌ക്കായി മത്സരിക്കുന്നത്. പ്രാദേശിക സമയം രാവിലെ തന്നെ നടക്കുന്ന നടത്തം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20നായിരിക്കും ആരംഭിക്കുക.
അബ്ദുള്ള അബൂബക്കറുംഎല്‍ദോസ് പോളും
കോമണ്‍വെല്‍ത്തില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. ഇവര്‍ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരമയാി പ്രവീണ്‍ ചിത്രവേലും ട്രിപ്പിള്‍ ജംപില്‍ മത്സരിക്കും.
ആവിനാഷ് സാബ്ലെ ഇന്നിറങ്ങും
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് ഹീറ്റ്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷാ താരം ആവിനാഷ് സാബ്ലെ ഇന്ന് ഇറങ്ങും. കോമണ്‍വെല്‍ത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരം മത്സരിക്കുന്ന ലോക കായിക വേദിയാണ് ബുഡാപെസ്റ്റിലേത്. ഉച്ചകഴിഞ്ഞ് 3.05നാണ് സാബ്ലെയുടെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
1500 മീറ്റര്‍ ഹീറ്റ്‌സില്‍ അജയ് കുമാര്‍ സരോജ് ഇന്ത്യയ്‌ക്കായ് ഇന്ന് മത്സരിക്കും. വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ ഷൈലി സിങ് യോഗ്യതാ റൗണ്ടിനിറങ്ങുന്നതും ഇന്നുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: