മഞ്ഞകാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയത് ഇടതുമുന്നണി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 87 ലക്ഷം പേര്‍ക്ക് നല്‍കിയിരുന്ന ഈ സഹായം ഇക്കുറി കഷ്ടിച്ച് ഏഴു ലക്ഷമായി ചുരുക്കേണ്ടിവന്നത് പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ചിരുന്ന ഈ സഹായം കിട്ടില്ലെന്നു വന്നതോടെ ജനങ്ങളില്‍ വലിയൊരു വിഭാഗം നിരാശയിലും അമര്‍ഷത്തിലുമാണ്. ഏഴുലക്ഷം പേരിലേക്ക് ചുരുക്കിയെന്നു മാത്രമല്ല, കിറ്റിലെ സാധനങ്ങളുടെ എണ്ണവും ചുരുക്കിയിരിക്കുന്നു. കഴിഞ്ഞതവണ പതിനാല് ഇനങ്ങളാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ പതിമൂന്ന് ഇനങ്ങള്‍ മാത്രം. ഇതില്‍ത്തന്നെ പഞ്ചസാര ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഏലക്കയും ശര്‍ക്കരവരട്ടിയും ഉണക്കലരിയും കിറ്റില്‍ ഇടംപിടിച്ചിട്ടില്ല. കഴിഞ്ഞതവണ ഓരോ ഇനത്തിന്റെയും തൂക്കവും ബ്രാന്‍ഡുമൊക്കെ രേഖപ്പെടുത്തിയിരുന്നു. ഇത്തവണ അതുണ്ടാവില്ല. നിലവാരം കുറഞ്ഞ സാധനങ്ങളായിരിക്കും വിതരണം ചെയ്യുക എന്നര്‍ത്ഥം. തൂക്കത്തിന്റെ കാര്യത്തിലും കൃത്യതയുണ്ടാവില്ല. പേരിനു മാത്രം ഭക്ഷ്യവസ്തുക്കള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. കിറ്റ് വിതരണത്തിന് വെറും മുപ്പത്തിയഞ്ച് കോടി രൂപ മാത്രം സപ്ലൈകോക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതില്‍നിന്നുതന്നെ ചിത്രം വ്യക്തമാണല്ലോ.
സാമ്പത്തിക പ്രതിസന്ധി മൂലം ഇക്കുറി എല്ലാ കാര്‍ഡുടമകള്‍ക്കും ഒാണക്കിറ്റുകള്‍ ലഭിച്ചേക്കില്ലെന്ന് നേരത്തെ മുതല്‍ പറഞ്ഞുകേട്ടിരുന്നു. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തിയതിനുശേഷം അറിയിച്ചത് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ്. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ 550 കോടിയിലേറെ രൂപ വേണ്ടിവരുമെന്നും, കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞതവണ എല്ലാവര്‍ക്കും കിറ്റു നല്‍കാന്‍ തീരുമാനിച്ചതെന്നുമുള്ള ന്യായമാണ് സര്‍ക്കാര്‍ കണ്ടുപിടിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇത് കാണിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കാതെയും മുന്‍ഗണനാക്രമം പാലിക്കാതെ ചെലവു ചെയ്തും സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയിരിക്കുകയാണ്. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സ്ഥിതി വന്നിരിക്കുന്നു. പാഴ്‌ചെലവുകള്‍ക്കും ആഡംബരങ്ങള്‍ക്കുമുള്ള പണം കണ്ടെത്തുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പര്യം. ചെലവു ചുരുക്കല്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ല. ഇതിനെക്കുറിച്ചൊക്കെ ആരെങ്കിലും പറയുന്നതുപോലും ഭരിക്കുന്നവര്‍ക്ക് ഇഷ്ടമല്ല. പരിധിക്കപ്പുറം കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ അനുവദിക്കാത്തതാണ് സംസ്ഥാനം നേരിടുന്ന എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ തലയില്‍ വച്ചുകെട്ടുന്ന ഈ കടം എങ്ങനെ അടച്ചുതീര്‍ക്കുമെന്ന ചോദ്യത്തിന് മാത്രം ഈ മന്ത്രിക്ക് ഉത്തരമില്ല. തങ്ങളുടെ ഭരണത്തിനുശേഷം സംസ്ഥാനത്തിന് എന്തും സംഭവിച്ചുകൊള്ളട്ടെ എന്നതാണ് ഇക്കൂട്ടരുടെ മനോഭാവം.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും, ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറ്റാനാണ് ഇതെന്നുമുള്ള കള്ളപ്രചാരണമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. വഹിക്കുന്ന പദവികളുടെ വലുപ്പം നോക്കാതെതന്നെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലും ഇതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. സംസ്ഥാനത്തിന് അര്‍ഹമായ ഒരു വിഹിതവും കേന്ദ്രം നല്‍കാതിരിക്കുന്നില്ല. സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് പരിധിവിട്ടും കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു വിവേചനവും കാട്ടുന്നില്ല. ഇതുകൊണ്ടാണല്ലോ സംസ്ഥാനത്തിന് അധിക സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് കാലത്ത് സംസ്ഥാനത്ത് കിറ്റുകള്‍ നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സഹായംകൊണ്ടാണ്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തിരുന്നത്. എന്നിട്ടും കേന്ദ്രത്തെ കുറ്റം പറഞ്ഞു. കിറ്റിന്റെ ബലത്തിലാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചത്. ഇങ്ങനെയൊരു ആവശ്യം ഇപ്പോഴില്ലാത്തതുകൊണ്ടുകൂടിയാണ് ഈ ഓണത്തിന് സൗജന്യ കിറ്റുകള്‍ വേണ്ടെന്ന് തീരുമാനിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്നില്ലെന്നു സിപിഎമ്മിന് അറിയാം. ഒരു വര്‍ഷത്തിനിടെ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു നേട്ടവുമുണ്ടാകാന്‍ പോകുന്നില്ല. എവിടെയെങ്കിലും ഒരു കനല്‍ ഉണ്ടായെന്നുവരാം. എല്ലാവര്‍ക്കും ഓണക്കിറ്റുകള്‍ നല്‍കിയാല്‍പ്പോലും ഇനിയൊരു തെരഞ്ഞെടുപ്പിലും സിപിഎം രക്ഷപ്പെടാനിടയില്ല. ജനങ്ങള്‍ ഈ ഭരണത്തെ അത്രമാത്രം വെറുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: