തിരുവനന്തപുരം: സംസ്ഥാനത്ത് അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് സമ്മതിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമ്പത്തിക നയങ്ങള്‍ പരാജയപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരില്‍ പഴി ചാരി രക്ഷപ്പെടാനാണ് ശ്രമം. കടമെടുക്കാനുള്ളത് പരമാവധിയെടുത്തിട്ടും ഓണച്ചെലവിനുള്ള 19,000 കോടി കൊടുത്തു തീര്‍ത്തിട്ടില്ല.
ധന പ്രതിസന്ധി മറികടക്കാന്‍ ധന വകുപ്പിന്റെ ഇടപെടല്‍ ഫലവത്താകാതെ വന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. എന്നിട്ടും നികുതി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നുമുള്ള സ്ഥിരം പല്ലവിയിലാണ് ധനമന്ത്രി. 2020-21ല്‍ ആകെ ചെലവിന്റെ 56.3 ശതമാനവും സംസ്ഥാനമാണ് വഹിച്ചിരുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ബാക്കി കേന്ദ്രവിഹിതമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 71 ശതമാനവും സംസ്ഥാനത്തിന്റെ ചുമലിലാണെന്നാണ് പുതിയ ന്യായീകരണം. അതേസമയം കേരളത്തിന്റെ നികുതി വരുമാനം 2016ല്‍ 38,000 കോടിയായിരുന്നത് 2023 മാര്‍ച്ചില്‍ 71,000 കോടിയായെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ധൂര്‍ത്താണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് സമ്മതിക്കാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്.
19,000 കോടിയാണ് സംസ്ഥാനത്തിന്റെ ഓണച്ചെലവ്. നികുതി വരുമാനം വര്‍ധിച്ചെന്ന് പറയുമ്പോഴും ഈ തുക പോലും കൊടുത്തു തീര്‍ക്കാത്തത് പ്രതിഷേധത്തിനു കാരണമായതോടെയാണ് എല്ലാം കേന്ദ്രത്തിന്റെ ചുമലില്‍ കെട്ടിവച്ച് തടിയൂരാന്‍ നോക്കുന്നത്.
അതേസമയം കേരളത്തിന്റെ അര്‍ഹമായ ധനവിഹിതം വെട്ടിക്കുറച്ചതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രധനമന്ത്രിയെ നേരില്‍ക്കണ്ട് ഒന്നിച്ച് അവതരിപ്പിക്കാമെന്ന തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയെന്നും ഇതിലൂടെ കേരളത്തിലെ ജനങ്ങളെ അവര്‍ വഞ്ചിച്ചിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ ഒന്നിച്ചു കാണാമെന്നതടക്കം എല്ലാം സമ്മതിച്ചു പോയെങ്കിലും നിവേദനത്തില്‍ ഒപ്പിടാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. കേരളത്തോടുള്ള സാമ്പത്തിക പക്ഷപാതിത്വമല്ലാതെ ഒന്നും നിവേദനത്തിലുണ്ടായിരുന്നില്ല. എന്നിട്ടും കേരളത്തിന്റെ ആവശ്യത്തിനൊപ്പം എംപിമാര്‍ നിന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള വായ്പകളും സര്‍ക്കാരിന്റെ കടമായിത്തന്നെ കണക്കാക്കുമെന്ന് സിഎജി അടക്കം നിരവധി തവണ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പും മറ്റും തള്ളിക്കളഞ്ഞുള്ള ധൂര്‍ത്താണ് ധന പ്രതിസന്ധിക്കു കാരണമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: