ന്യൂദല്‍ഹി: തോറ്റോടിയ അമേഠിയിലേക്ക് രാഹുല്‍ വീണ്ടുമെത്തുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അജയ് റായ് ആണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വീണ്ടും അമേഠിയില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന അമേഠിയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വിയാണ് രാഹുല്‍ ഏറ്റുവാങ്ങിയത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ട് നേടി 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുലിനെ തോല്‍പ്പിച്ചത്. അമേഠി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചതിനാല്‍ വയനാട്ടില്‍ നിന്ന് വിജയിച്ച് എംപിയാവുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക വാദ്ര തീരുമാനിച്ചാല്‍ അവരുടെ വിജയം ഉറപ്പാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും അജയ് റായ് പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയ്ക്കെതിരെ പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ അവസാന നിമിഷം അജയ് റായിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. അന്ന് 1,52,548 വോട്ട് നേടി മൂന്നാം സ്ഥാനത്താണ് അജയ് റായ് എത്തിയത്. 6,74,664 വോട്ട് നേടിയ നരേന്ദ്രമോദി 4,79,505 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ടാമതെത്തിയ എസ്പിയുടെ ശാലിനി യാദവിന് 1,95,159 വോട്ടാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: