തിരുവനന്തപുരം: ഓണം കഴിഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ നിരക്കു കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി പറയുന്നു. നിരക്കു കൂട്ടാതെ പോകാനാകില്ലെന്നും ദിവസം 10 കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണെന്നുമാണ് വാദം. യൂണിറ്റിനു കുറഞ്ഞത് 50 പൈസയെങ്കിലും വര്‍ധിപ്പിക്കാനാണ് നീക്കം. നിരക്കു വര്‍ധനയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന് കുട്ടിയും സൂചിപ്പിച്ചു. പവര്‍കട്ട് വേണോയെന്ന് 21നു ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമില്ലെന്നും അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. നിരക്കു കൂട്ടാതെ പോകാനാകില്ലെന്നും ദിവസം 10 കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നും മന്ത്രി തുടര്‍ന്നു. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധനയുണ്ടാകുമെന്ന് പറയാനാകുക. അത് റെഗുലേറ്ററി ബോര്‍ഡ് തീരുമാനിക്കും, മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ സര്‍ചാര്‍ജ് വാങ്ങാന്‍ റെഗുലേറ്ററി ബോര്‍ഡിന് അനുമതി നല്കിയ പരമാവധി തുകയും ഈടാക്കിക്കഴിഞ്ഞു. ഇനി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയാലേ നിരക്കു വര്ധിപ്പിക്കാനാകൂ. മഴ കുറവായതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി ഏഴു രൂപയാണു വില, വൈകുന്നേരങ്ങളില്‍ 10 രൂപ വരെയും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലുള്ള അധിക ബാധ്യത പ്രതിദിനം 10 കോടിയില്‍ നിന്ന് 15 കോടിയാകുമെന്നു വ്യക്തമായതോടെ ജല വൈദ്യുതിയുടെ ഉത്പാദനം കൂട്ടിയിട്ടുണ്ട്.
സപ്തംബറില്‍ മഴ ലഭിക്കുമെന്ന പ്രവചനത്തില്‍ വിശ്വസിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ഇടുക്കിയില്‍ 25 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നത് 60 ലക്ഷമാക്കി. മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നേരത്തേ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാലു മാസത്തേക്ക് യൂണിറ്റിന് ഒന്‍പതു പൈസ വര്‍ധിപ്പിച്ചു. വൈദ്യുതി വാങ്ങുന്നതിനെ ആശ്രയിച്ച് വര്‍ധന വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാല്‍ നിരക്കു കൂട്ടാതെ ബോര്‍ഡിന് നില്‍ക്കാനാകില്ല. അതിനാല്‍ സര്‍ചാര്‍ജ് കൂട്ടണമെന്നാണ് ആവശ്യം.
ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായതിനാല് വൈദ്യുതി നിരക്കു കൂട്ടിയാല്‍, അത് തിരിച്ചടിയാകുമെന്നതിനാലാണ് നിരക്കു വര്‍ധന അതിനു ശേഷം മതിയെന്ന് തീരുമാനിച്ചത്. നിലവില്‍ എച്ച്ടി ലൈനുകളിലെ നിരക്കു വര്‍ധനയ്ക്കെതിരേ വ്യാപാരികള്‍ നിയമ നടപടി സ്വീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: