കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പിണറായി ഐക്യമുന്നണി ഒരുവശത്തും ദേശീയ ജനാധിപത്യ സഖ്യം മറുവശത്തുമായിട്ടാണ് ഏറ്റുമുട്ടുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പിണറായി ഐക്യമുന്നണിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയാണ് എന്‍ഡിഎ മത്സരിക്കുന്നത്.
ഐഎന്‍ഡിഐഎ മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ ആശയപരമായി ഒന്നാണെന്നും അഴിമതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മൂടിവയ്ക്കുന്ന കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. ലിജിന്‍ ലാലിന്റെ പത്രികസമര്‍പ്പണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇരു മുന്നണികളും നടത്തുന്നത് സൗഹൃദ മത്സരമാണ്. ഇരുകൂട്ടരേയും ഒരുമിച്ച് എതിര്‍ക്കുന്ന ബിജെപിയാണ് മാസപ്പടി വിവാദം ആദ്യം ഉന്നയിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തുനോക്കി മാസപ്പടി വിവാദം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ല. ഈ വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതെന്നും മുരളീധരന് ആരോപിച്ചു.
മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറഞ്ഞിട്ടില്ല. വിശ്വാസികള്‍ക്ക് എതിരായെടുത്ത കേസ് പിന്‍വലിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ഭൂരിപക്ഷ സമുദായ വിശ്വാസികള്‍ക്ക് അറിയാം. കേസ് പിന്‍വലിക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണ് എങ്കില്‍ ഷംസീര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: