കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിനെ പിടിച്ചു വിറ്റ ജീവനക്കാരന് അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് കളമശേരി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ആശുപത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടയിലാണ് ബിജുവിനെ പോലീസ് പിടികൂടിയത്.
കാമ്പസിനുള്ളിലൂടെ അലഞ്ഞുതിരിയുന്ന പശുക്കളെ ഇയാള്‍ പുല്ലും വെള്ളവും കൊടുത്ത് ഇണക്കിയെടുക്കും. പിന്നീട് ഇതിനെ വില്‍ക്കുന്നതാണ് പ്രതിയുടെ രീതി. ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍ മുന്‍പു പോലീസിന് ലഭിച്ചിരുന്നു. തനിക്കു സാമ്പത്തിക പ്രയാസമുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണ് കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.
മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന ചിലര്‍ കന്നുകാലികളെ കാമ്പസിനുള്ളിലേയ്ക്ക് മേയാന്‍ തുറന്നുവിടാറുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. മുന്‍പു കന്നുകാലി ശല്യത്തെപ്പറ്റി പരാതിയുയര്‍ന്നപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ അധികൃതര്‍ പലവട്ടം ശ്രമം നടത്തിയിട്ടും വിജയിച്ചിരുന്നില്ല. വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കള്‍ക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: