ചെന്നൈ: മുതുമല കടുവാ സങ്കേതത്തിന്റെ സംരക്ഷിത പ്രദേശമായതിനാല്‍ തമിഴ്നാട്ടിലെ തെങ്ങുംമരഹഡ ഗ്രാമത്തിലെ 495 നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഫണ്ട് അനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.ഓഗസറ്റ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍, ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാറും ഡി ഭരത ചക്രവര്‍ത്തിയും അടങ്ങുന്ന പ്രത്യേക വനം ബെഞ്ച്, എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ‘നിയമപരമായ കടമ’ ഉണ്ടെന്നും ഫണ്ടുകളുടെ ലഭ്യത തടസ്സപ്പെടുത്താനാവില്ലെന്നും വ്യക്തമാക്കി.
അതിനാല്‍, ഗ്രാമത്തിലെ എല്ലാ താമസക്കാരെയും മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടുത്ത രണ്ട് മാസത്തിനുള്ളില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് (എന്‍ടിസിഎ) ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നഷ്ടപരിഹാര വനവല്‍ക്കരണ ഫണ്ട് മാനേജ്മെന്റ് ആന്‍ഡ് പ്ലാനിംഗ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.സ്ഥലം മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ടിസിഎ തങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് തമിഴ്നാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സിന് നല്‍കുമെന്ന് ബെഞ്ച് പറഞ്ഞു.
2011ല്‍ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ തെങ്ങുമരഹഡ നിവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും എന്‍ടിസിഎയ്ക്ക് ഫണ്ടില്ലാത്തതിനാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് സര്‍ക്കാരിന്റെ കണക്കനുസരിച്ച് 70 കോടി രൂപയിലധികം ചിലവ് വരും സ്ഥലം മാറ്റത്തിന്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരം അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതില്‍ പറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: