കോട്ടയം: സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികള്‍ ചെയ്തുകൊള്ളാമെന്ന സ്വകാര്യസ്ഥാപനത്തിന്റെ വാക്കുകള്‍ ചെവിക്കൊള്ളാതെ കയറ്റിറക്ക് ജോലിക്ക് തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കൊടികുത്ത് സമരവുമായി സിഐടിയു.
കോട്ടയം കുമരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉറുമ്പില്‍ ഹാര്‍ഡ് വെയറിന് മുന്നിലാണ് സിഐടിയു കൊടികുത്തി സമരം ആരംഭിച്ചിരിക്കുന്നത്. ആ പ്രദേശത്തെ സിഐടിയു ജീവനക്കാരാണ് സമരം ചെയ്യുന്നത്.
ഉറുമ്പില്‍ ഹാര്‍ഡ് വെയേഴ്സിന്റെ പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ കയറ്റിറക്ക് ജോലികള്‍ നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഈ സ്ഥാപനത്തില്‍ തന്നെ കയറ്റിറക്ക് ജോലികള്‍ ചെയ്യാന്‍ ഇഷ്ടംപോലെ ജീവനക്കാരുണ്ട്. അതിനാല്‍ സിഐടിയുവിന് നല്കാന് കഴിയില്ലെന്നാണ് സ്ഥാപനത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ചരക്ക് ലോറി സിഐടിയുക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ സ്വന്തം ജീവനക്കാരുണ്ടെങ്കില്‍ അവരെ ഉപയോഗിച്ച് കയറ്റിറക്ക് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാമെന്നും അതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഹൈക്കോടതി വിധി പലതും കണ്ടിട്ടുണ്ടെന്നാണ് സിഐടിയുക്കാരുടെ വാദം. റോസമ്മ സ്കറിയ എന്ന സ്ത്രീയാണ് സ്ഥാപനത്തിന്റെ ഉടമ. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പൊലീസ് സംരക്ഷണയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കുറഞ്ഞ ചെലവില്‍ സാധനങ്ങല്‍ നല്‍കുക എന്നതാണ് റോസമ്മയുടെ ലക്ഷ്യം. അതിന് ക്രെയിന്‍ ഉപയോഗിച്ച് കയറ്റിറക്ക് നടത്തിയാലേ സാധിക്കൂ എന്നാണ് റോസമ്മയുടെ പക്ഷം. സ്ഥാപനത്തിന്റെ വാഹനപാര്‍ക്കിംഗ് ഏരിയ കയ്യേറിയാണ് സമരം. ന്യായമായ ആവശ്യമാണ് ചോദിക്കുന്നതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. ശ്രീമോന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: