കിളിമാനൂര്‍: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്ഷകന് ഉപജീവനത്തിന് ആശ്രയിക്കുന്നത് വഴിയോരക്കച്ചവടത്തെ. വിളവ് ഏറെയും വാങ്ങുന്നത് ഹോര്‍ട്ടികോര്‍പ്പ്. എന്നാല്‍ കൊടുക്കാനുള്ളതാകട്ടെ 9 മാസത്തെ കുടിശിക. ഇതോടെയാണ് സ്വയം കൃഷിചെയ്തെടുക്കുന്ന ഉത്പന്നങ്ങള്‍ വഴിയോരത്ത് വില്ക്കാനിറങ്ങേണ്ടി വന്നത്. രാത്രി പാടത്തെ പന്നിശല്യത്തിന് കുടില്‍കെട്ടി കാവലിരുന്നിട്ടാണ് പകല്‍ വഴിയോരക്കച്ചവടത്തിനിറങ്ങേണ്ടിവരുന്നത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് യഥാസമയം വില നല്‍കാത്തതാണ് സൈജുവിന്റെ ജീവിതം പ്രതിസന്ധിയിലാക്കിയത്.
കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ വയ്യാറ്റിന്‍കരയിലെ കര്‍ഷകനായ സൈജുവിനാണ് സര്‍ക്കാരിന്റെ അനാസ്ഥകാരണം വഴിയോരക്കച്ചവടത്തെ അഭയം പ്രാപിക്കേണ്ടിവന്നത്. വെമ്പായം കുതിരകുളം പാറയം വീട്ടില്‍ നിന്നും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മേലെ പയ്യനാട് വാടകയ്ക്ക് താമസിച്ച് കൃഷിചെയ്യുകയാണ് സൈജു എന്ന നാല്പതുകാരന്. നാലേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് സൈജുവിന്റെ പച്ചക്കറി കൃഷി. പത്തരമാറ്റാണ് വിളവ്. പച്ചക്കറി നല്കിയ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് പതിനായിരങ്ങള്‍. ഒന്‍പതുമാസത്തെ മാസത്തെ വില ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുണ്ടെന്നാണ് സൈജു പറയുന്നത്.
ഭാര്യയും രണ്ട് മക്കളുമുള്ള സൈജുവിന് കൃഷിയാണ് ജീവിതവൃതം. മൂന്ന് വര്‍ഷമായി കൃഷിയാണ് സൈജുവിന്റെ മുഖ്യ തൊഴില്‍. പടവലം, പാവല്‍, സലാഡ്വെള്ളരി, വെള്ളരി, കത്തിരി, ഉണ്ടമുളക്, വെണ്ട, പയര്‍, വഴുതന, വാഴ എന്നിവയാണ് കൃഷിചെയ്യുന്നത്. വയ്യാറ്റിന്‍കരയില്‍ സൈജുവിന്റെ മാതാവ് തങ്കമണി ചെറിയൊരു കട നടത്തുന്നുണ്ട്. ഇവിടെയും പൊരുന്തമണ്ഭാഗത്ത് വഴിയോരത്തുമായാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
ഇടയ്ക്ക് കൃഷി നാശം വന്നപ്പോള്‍ പഴയകുന്നുമ്മേല്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയെങ്കിലും ഫോട്ടോ എടുത്ത് പോയതല്ലാതെ നഷ്ടപരിഹാരമൊന്നും നല്‍കിയില്ല. കഴിഞ്ഞ ഓണത്തിന് ചെറിയ സഹായം ചെയ്തതൊഴിച്ചാല്‍ പൂര്‍ണമായും അവഗണിക്കുകയാണ് കൃഷി വകുപ്പെന്നും സൈജു പറയുന്നു. എന്നാല്‍ സൈജുവിന്റെ കൃഷി നാശത്തിനുള്ള പരാതിയില്‍ മേല്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം തുക വരാന്‍ താമസിക്കുന്നതാകാമെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കിളിമാനൂര്‍ ഗോവിന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: