തൃശൂര്‍: കാര്‍ഡിയോളജി വിഭാഗത്തില്‍ സങ്കീര്‍ണവും നൂതനവുമായ ചികിത്സാ രീതികളുമായി തൃശൂര്‍ ഗവ. മെഡിക്കല്‍. തൃശ്ശൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളില്‍ നിന്നുമായി നിരവധി സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജ് വികസന കുതിപ്പിന്റെ പാതയിലാണ്. വിവിധ വിഭാഗങ്ങളിലായും, അടിസ്ഥാന സൗകര്യ വികസനത്തിനായും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മെഡി. കോളേജില്‍ നടപ്പാക്കിടിയിട്ടുള്ളത്. ഹൃദ്രോഗ ചികിത്സകള്‍ക്ക് പുറമെ കാര്‍ഡിയോളജി വിഭാഗം സങ്കീര്‍ണമായ നൂതന ചികിത്സാരീതികള്‍ കൂടി ആരംഭിച്ചു.
പ്രായക്കൂടുതലുള്ള രോഗികള്‍ക്കും ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടി പാറക്കല്ല് പോലെ ഉറച്ചിരിക്കുന്ന അവസ്ഥയുള്ള രോഗികള്‍ക്കും ആന്‍ജിയോപ്ലാസ്റ്റി പൂര്‍ണമായും ഫലവത്താവാത്ത സ്ഥിതി ഉണ്ട്. പ്രായം കൂടുതല്‍ ഉള്ളവര്‍ക്ക് ബൈപാസ് സര്‍ജറി വളരെ ബുദ്ധിമുട്ടുള്ളതാണ്. സ്റ്റെന്റ് ഇടുന്നതിനു മുന്‍പ് കാല്‍സ്യം പൊട്ടിച്ച് രക്തധമനി സജ്ജമാക്കണം, ഇതിന് റോട്ടബ്ലേഷന്‍ ഉള്‍പ്പെടെയുള്ള നൂതന ചികിത്സാരീതികളാണ് മെഡി. കോളേജ് പിന്തുടരുന്നത്. ഇതിനു ശേഷം സ്റ്റെന്റ് വെച്ചാണ് കാല്‍സ്യം ഉള്ള ബ്ലോക്കുകളില്‍ ചികിത്സ നടത്തുന്നത്.
പ്രായക്കൂടുതല്‍ മൂലം കാര്‍ഡിയാക് ബൈപാസ് സര്‍ജറി ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വളരെ ഗുണകരമാണിത്. സാധാരണ ചെയ്യുന്ന ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവക്ക് പുറമെ തലച്ചോറിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റല്‍, കൈകാലുകളിലെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റല്‍, ഹൃദയത്തിലെ ദ്വാരം സര്‍ജറി കൂടാതെ ട്യൂബ് കടത്തി അടയ്ക്കുക, വാല്‍വ് ചുരുങ്ങിയാല്‍ ബലൂണ്‍ കടത്തി വികസിപ്പിക്കുക, ഹൃദയത്തിന്റെ സ്പീഡ് കുറയുമ്പോള്‍ ചെയ്യുന്ന പേസ്മേക്കര്‍, ഹൃദയതാളം തെറ്റിയാല്‍ ഹൃദയത്തിനകത്തു നിന്ന് ഷോക്ക് കൊടുത്തു ശരിയാക്കുന്ന ഐസിഡി, മുതലായ ചികിത്സകളും തൃശൂര്‍ ഗവ. മെഡി. കോളേജില്‍ ചെയ്തുവരുന്നു. കഴിഞ്ഞവര്‍ഷം തന്നെ 50 പേസ്മേക്കറുകളും 15 ഹൃദയദ്വാരം അടയ്ക്കലും നടന്നു. വളരെയധികം പണച്ചിലവ് വരുന്ന ചികിത്സകള്‍ ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം കാര്‍ഡിയോളജിയില്‍ ഒപി ചികിത്സ തേടി എത്തിയത് 41,000 രോഗികളാണ്. വര്‍ധിച്ചു വരുന്ന രോഗികള്‍ക്ക് നൂതനവും കൂടുതല്‍ ഫലവത്തായതുമായ ചികിത്സാരീതികളിലൂടെ ആശ്വാസമാവുകയാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: