ഡോ.ഗോപി പുതുക്കോട്
9744449844
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ (1952) ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പുറപ്പെട്ടപ്പോള്‍ ‘സ്വര്‍ഗ്ഗം’ എന്ന ആദ്യ ഖണ്ഡം തുടങ്ങിയത് ഇങ്ങനെയാണ്:
തിരിഞ്ഞുനോക്കിപ്പോകുന്നു
ചവിട്ടിപ്പോന്ന ഭൂമിയെ
എനിക്കുമുണ്ടായിരുന്നു
സുഖം മുറ്റിയ നാളുകള്‍.
ഏതു കാവ്യത്തില്‍നിന്ന് ഊരിത്തെറിച്ചതാണെന്നറിയാത്തവരടക്കം മലയാളികളാകമാനം ഉറക്കത്തിലും ഓര്‍ത്തുചൊല്ലുന്ന വരികള്‍ അതിലുണ്ട്:
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
വൈകാതെ മലയാളകവിതയിലെ ഇതിഹാസമായി ആ കവിത വിളിക്കൊണ്ടു. കൃത്യം അറുപതുകൊല്ലം പിന്നിട്ടപ്പോള്‍ (2012) അതാ മറ്റൊരു ഇതിഹാസകൃതി വരുന്നു. തുടക്കമിങ്ങനെ:
എഴുന്നേറ്റുനടക്കുന്നൂ
ചെമ്പഴന്തിയില്‍നിന്നൊരാള്‍
ചിങ്ങത്തില് ചതയത്തിന്നാള്
ചിരിചൂടിയ പുണ്യമായ്
ഇതിഹാസമായ ഒരു പുണ്യ ജീവിതത്തിന്റെ ആവിഷ്കാരമെന്ന് ആദ്യശ്ലോകംതന്നെ വിളംബരം ചെയ്യുന്നു, രണ്ടുമാസത്തിനകം നാലുപതിപ്പുകളിറങ്ങിയ (പിന്നീട് നിരവധി) ‘ഗുരുപൗര്‍ണമി’യുടെ അസാധാരണ വിജയത്തിന് പിന്നില്‍ കാവ്യത്തിന്റെ ഇതിവൃത്തം മാത്രമാണോ കാരണം?
വീണ്ടും പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ (2022) മറ്റൊരുജ്ജ്വല ജീവിതം ഇതിവൃത്തമായി മറ്റൊരിതിഹാസ കാവ്യം പുറത്തുവന്നു:
കൊയപ്പള്ളിയില്നിന്നല്ലോ
പടര്‍ന്നൂ നാട്ടിലാകവേ
ഒരുവെട്ടത്തില്നിന്നൂതാന്
ജ്വലിച്ചൂ ദീപമായിരം
ആ പുമാനെന്റെ കേളപ്പന്
മാനംമുട്ടെ വളര്ന്നവന്
അവന്റെ കൈവിരല്‍ത്തുമ്പില്‍
തൂങ്ങുന്നൂ നവകേരളം
‘കാഹളം’ എത്രവേഗത്തിലാണ് ആസ്വാദകരെ വശീകരിച്ചത്! ഈ മൂന്നുകൃതികളും വായനക്കാരെ ഹഠാദാകര്ഷിച്ചതിന് ഇതിവൃത്തം മാത്രമല്ല, അവ വാര്‍ന്നുവീണ വൃത്തംകൂടി കാരണമാണെന്ന് കാണാവുന്നതാണ്. അനായാസ വായന സാധ്യമാക്കുന്ന അനുഷ്ടുപ്പ്. ഗംഭീരാശയങ്ങള്‍ എട്ടുമെട്ടും പതിനാറക്ഷരമുള്ള ഈരടിയില്‍ ഒതുക്കിപ്പറയാനുള്ള അസാമാന്യമായ കൈയൊതുക്കമാണ് അക്കിത്തത്തേയും എസ്. രമേശന്‍നായരേയും പി.പി. ശ്രീധരനുണ്ണിയേയും സമകാലികരെ അതിശയിക്കുന്ന കവികളാക്കി ഉയര്‍ത്തി നിര്‍ത്തിയത്. അതേവഴിയില്‍, ഇതാ, നടപ്പുകവിയരങ്ങില് മുന്‍നിരയിലൊരു കസാലയ്ക്ക് അര്‍ഹതയുണ്ടെന്ന് തെളിയിച്ചുകൊണ്ട് മറ്റൊരനുഷ്ടുപ്പുകാവ്യവുമായി കാവാലം ശശികുമാര്‍. ‘ധര്‍മ്മായണം’ ചമച്ചൊരുക്കിയത് രാമായണത്തെ ഉപജീവിച്ചാണെന്ന വിശേഷവുമുണ്ട്; സാക്ഷാല്‍ ഇതിഹാസത്തെ.
കാവ്യരസം നുകര്‍ന്നുനുകര്‍ന്ന്, പരിസരം മറന്ന്, ആസ്വാദനത്തിന്റെ അഭൗമമണ്ഡലത്തിലേക്കുയര്‍ന്നുപോകുന്ന അപൂര്‍വമാളുകള്‍ക്കെങ്കിലും രാമകഥ പുനരാവിഷ്കരിക്കണമെന്ന വിളിയുണ്ടാകുന്നു. അംഗുലീപരിമിതമെങ്കിലും അത്തരം ഉപലബ്ധികള്‍ സാഹിത്യത്തിലെ മുതല്‍ക്കൂട്ടുകളായി പരിലസിക്കുന്നു. അക്കൂട്ടത്തിലേക്കുവരുന്ന നൂതന രചനയാണ് കാവാലം ശശികുമാറിന്റെ ധര്‍മ്മായണം. ഇതൊരു പരീക്ഷണ കൃതിയുമാണ്.
കര്‍ക്കടകം മുപ്പത്തിയൊന്നുദിവസം ഒരോരോ ഖണ്ഡങ്ങളായാണ് ഫേസ്ബുക്കില്‍ ഈ കാവ്യം പിറന്നത്. ആദ്യ ശ്ലോകം കിറുകൃത്യം ‘ഇന്ദ്രവജ്ര’യില്‍ പിറന്നുവീണു.
രാമായണത്താളിലലിഞ്ഞ തത്ത്വ-
ജ്ഞാനത്തിനെജ്ജീവിത മാര്‍ഗ്ഗമാക്കി
രാ മായ്ക്കുവാന്‍ നിശ്ചയ ദാര്ഢ്യമോടെ
രാമായണം വായന ഞാന്‍ തുടര്‍ന്നൂ
അതോടെ താന്‍ തുടക്കംകുറിച്ച സംരംഭത്തിന്റെ ഗൗരവം കവിക്കുമുന്നില്‍ തെളിഞ്ഞുവന്നു. പൂര്‍വസൂരികള്‍ കടന്നുപോന്ന വഴിയും പ്രധാനമെന്നറിഞ്ഞു. ഒതുങ്ങിയ, ആസ്വാദനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്ന, അനുഷ്ടുപ്പിലേക്ക് ചുവടുമാറ്റി. അതോടെ മറ്റു തടസങ്ങളും വഴിമാറിയെന്നുവേണം കരുതാന്‍. രാമനുംമുമ്പേയുണ്ടായ രാവണന്റെ വിക്രമങ്ങളോര്ത്തപ്പോള് പിന്നെയെന്തിന് ശ്രീരാമന് കൊന്നു രാക്ഷസനെ എന്ന വലിയൊരു ചോദ്യം ഉള്ളിലുടക്കി. അതിനു മറുപടി കാണേണ്ടത് സ്വന്തം ദൗത്യമായി ഏറ്റെടുത്തു. അതാണ് ധര്‍മ്മായണം. മഹാകവി സൂചിപ്പിച്ചതോ വിശദീകരിച്ചതോ മൗനം ദീക്ഷിച്ചതോ ആയ കഥാ സന്ദര്‍ഭങ്ങളെ സ്വന്തം നിലയില്‍ പൊലിപ്പിച്ചെടുക്കുകയാണ് ധര്‍മ്മായണത്തില്‍ ചെയ്യുന്നത്. ഓരോ ദിവസത്തിനും കഥാ സന്ദര്‍ഭത്തിനിണങ്ങുന്ന തലക്കെട്ടും കൊടുത്തിട്ടുണ്ട്.
അയോദ്ധ്യാധിപതിക്ക് കിട്ടിയ അവതാരപുത്രന്മാരെ ഇങ്ങനെ പരിചയപ്പെടുത്തുന്നു:
അതില്‍ മൂത്തതത് ധര്‍മ്മം
കര്‍മ്മം, പിന്നങ്ങിരട്ടയായ്,
കര്‍ത്തവ്യം, രക്ഷയും ചേര്‍ന്നു-
ള്ളതിമാനുഷരൂപികള്
പിതാവിന്റെ വാക്കുപാലിക്കാനായി രാമന് രാജ്യത്യാഗം ചെയ്തു. അതില്‍നിന്ന് നാമെന്തുപഠിക്കണം;
ത്യജിക്കുക മഹാകാര്യം
കൊടുക്കുന്നതതില്പ്പരം
ഇതൊന്നുമെന്റയല്ലെന്ന
തോന്നലാകട്ടെ ജീവിതം, എന്നല്ലാതെ?
സ്ത്രീത്വത്തിന്റെ രണ്ടു ‘മാതൃകകള്‍’ മഹാകവി വരച്ചുകാണിക്കുന്നു. ഏതൊക്കെ? അതില്‍ ഏതിനെ സ്വീകരിക്കണം?
ഒരുവള്‍ ദമ്പതീധര്മ്മ-
രൂപം പൂണ്ടൊരു ദേവത
ഒരുവള്‍ കണ്ണുകാണാത്ത
കാമംകൊണ്ടഭിസാരിക
രണ്ടുഭാവംകൊണ്ടു സ്ത്രീത്വം
പ്രഖ്യാപിച്ചൊരു മാതൃക
സീതയാവുകയാരാലും
സ്വീകരിക്കുന്ന ഭാവന
‘ലക്ഷ്മണരേഖ’ എന്ന ഖണ്ഡത്തിലെ മാരീചാഗമന സന്ദര്‍ഭം:
മായാമാനായ് വന്നുചേരാം
മാരീചന്മാര് പരക്കെയും
കരുത്തുറ്റ മനസ്സോടെ
കാക്കണം നമ്മള് നമ്മളെ
സ്വര്‍ണ്ണവും വര്‍ണ്ണവും സ്വപ്ന-
ലോകം തീര്‍ക്കുന്ന വേളയില്‍
കല്ലും കാഞ്ചനവും തുല്യം
എന്നു തേറാന്‍ പഠിക്കണം
കേവലം പക്ഷിയായ ജടായു മനുഷ്യകുലത്തെ ഒര്മ്മിപ്പിക്കുന്നതെന്താണ്?
അനീതിയതുകണ്ടെന്നാ-
ലാരുമേതുവിധേനയും
ചെറുക്കണം, സ്വന്തബന്ധ-
മൊന്നും നോക്കാതെയെപ്പൊഴും
അയോദ്ധ്യയിലെയും ലങ്കയിലെയും ഭ്രാതൃബന്ധം അതിമനോഹരമായി ആവിഷ്കരിച്ചതുനോക്കൂ:
ജ്യേഷ്ഠനേയനുജന് കൃത്യം
കേള്ക്കയാണങ്ങയോദ്ധ്യയില്
ജ്യേഷ്ഠനേ അനുജന് വിട്ടു-
കാത്തൂ രാക്ഷസ വംശവും
വിഘ്നങ്ങളെല്ലാം നീങ്ങി. രാമന് രാജാവായി അഭിഷേകം ചെയ്തു. അയോദ്ധ്യ മറ്റൊരിന്ദ്രലോകമായി. ധര്മ്മായണകാവ്യം അവസാനിക്കുകയാണ്. രാമായണത്തിന്റെ സമഗ്രാവലോകനം നടന്നുകഴിഞ്ഞു. ഇനി ആ കാവ്യത്തെ എങ്ങനെ സമീപിക്കണമെന്നുകൂടി പറയേണ്ടതുണ്ട്:
അതു രാമായണം, ചൊല്ലാം
പഠിക്കാം സക്തിപൂണ്ടിടാം
അതിനപ്പുറമാത്തത്ത്വം
ആത്മാവാക്കി വളര്‍ത്തിടാം
അപ്പൊഴേ ലഭ്യമായീടൂ
വിദ്യ, മാറ്റിയവിദ്യയെ
രാ മായുവാനുള്ളതാകു-
ന്നയനം സിദ്ധമായിടൂ
‘യുവരാമായണം’ എന്ന പേരില്‍ അനുബന്ധകാവ്യം കൂടി ഇതിനുണ്ട്. വഴിതെറ്റി നയിക്കപ്പെടുന്ന യുവത രാമായണത്തെ തലകീഴാക്കി നിര്‍ത്തി വ്യാഖ്യാനിക്കുമ്പോള്‍ അതങ്ങനെയല്ല, ഇങ്ങനെയാണെന്ന് നേര്‍വഴി കാണിക്കുന്ന ‘മുത്തശ്ശിരാമായണ’മാണ് അതിലെ കാമ്പ്.
രാമായണകാവ്യത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഒരാള്‍ക്കുമാത്രമേ ഇങ്ങനെയൊരു രചന നിര്‍വഹിക്കാനുള്ള ആത്മബലമുണ്ടാവൂ. അനായാസമായി വാര്ന്നുവീഴുന്ന ശ്ലോകങ്ങള്‍. ആശയസ്ഫുടതയാല് അവയോരോന്നും ആവര്ത്തിച്ചുരുക്കഴിക്കാന് വായനക്കാര്‍ നിര്‍ബന്ധിതരാകുന്നു. അതിശയകരമായ വായനാനുഭവമാണ് ‘ധര്‍മ്മായണം’ സമ്മാനിച്ചതെന്ന് കുറിക്കാന്‍ ഭാഷയിലെ അനേകം രാമായണജന്യ കൃതികള്‍ അനുഭവിച്ച ഒരാളെന്ന നിലയില്‍ അളവറ്റ ആഹ്ലാദമുണ്ട്. സമകാലിക മലയാളകവിതയിലെ അത്ഭുതമാണ് ഈ കൃതി. അക്ഷരാര്‍ത്ഥത്തില്‍ രാമായണത്തിന്റെ പൂരകകാവ്യവുമാണ് ധര്‍മ്മായണം. ഇതിലൂടെ കടന്നുപോയില്ലെങ്കില്‍ രാമായണ മാസാചരണം, വിശേഷിച്ച്, അപൂര്ണമാവുമെന്നുകൂടി സൂചിപ്പിക്കട്ടെ; രാമഹൃദയത്തിന്റെ രേഖാചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: