ന്യൂദല്‍ഹി ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കും. രാജ്യതലസ്ഥാനത്തെ ചെങ്കോട്ടയില്‍ നിന്നും പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും ഇന്ത്യയ്ക്കകത്തുള്ള പ്രധാനപ്പെട്ടവരും സംബന്ധിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2021 മാര്‍ച്ച് 12ന് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്നും പ്രധാനമന്ത്രി ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന് ഈ സ്വാതന്ത്ര്യദിനാഘോഷം മാറ്റുകൂട്ടും. 2047ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന മോദിയുടെ സ്വപ്നാവേശം പേറുന്ന അമൃത കാലത്തിനും ഈ സ്വാതന്ത്ര്യ ദിനാഘോഷം ശക്തിപകരും.
ചെങ്കോട്ടയിലേക്കെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്വീകരിയ്ക്കും. പ്രതിരോധസെക്രട്ടറി ഗിരിധര്‍ അരമനെ ദല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ലഫ്. ജനറല്‍ ധീരജ് സേഥിനെ പ്രധാനമന്ത്രിയ്ക്ക് പരിചയപ്പെടുത്തും.
പിന്നീട് സല്യൂട്ടിംഗ് ബേസില്‍ പ്രധാനമന്ത്രി വിവിധ സേനകളുടെയും ദല്‍ഹി പൊലീസ് ഗാര്‍ഡിന്റെയും പൊതു സല്യൂട്ട് സ്വീകരിക്കും. പിന്നീട് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും.
പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന കരസേന, വ്യോമസേന, ദല്‍ഹി പൊലീസ്, നേവി എന്നിവയുടെ സംഘത്തില്‍ ഒരു ഓഫീസറും 25 സൈനികരും ഉണ്ടായിരിക്കും. കരസേന വിഭാഗത്തിന്റെ ഗാര്‍ഡ് കമാന്റ് ചെയ്യുക മേജര്‍ ഇന്ദ്രജിത് സച്ചിനും നാവികസേനയുടെ കമാന്റ് ലഫ്. കമാന്റര്‍ എം.വി. രാഹുല്‍ രാമനും വ്യോമസേനയുടേത് സ്ക്വാഡ്രന്‍ ലീഡര്‍ ആകാശ് ഗംഗാസും ആയിരിക്കും. ദല്‍ഹി പൊലീസ് സംഘത്തെ കമാന്റ് ചെയ്യുക അഡിഷണല്‍ ഡിസിപി സന്ധ്യ സ്വാമിയാണ്.
ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് നീങ്ങും. അവിടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ വീണ്ടും പ്രധാനമന്ത്രിയെ സ്വീകരിക്കും. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്താന്‍ ദല്‍ഹി ഏരിയ ജിഒസി പ്രധാനമന്ത്രിയെ ആനയിക്കും. ദേശീയപതാകയ്ക്ക് പിന്നീട് രാഷ്ട്രീയ സല്യൂട്ട് നല്‍കും. ദേശീയപതാക ഉയരുമ്പോള്‍ കരസേനാ ബാന്റ് ദേശീയഗാനം ആലപിയ്ക്കും. ബാന്റ് നയിക്കുക നായിബ് സുബേദാര്‍ ജതിന്ദര്‍ സിങ്ങാണ്. പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയെ മേജര്‍ നികിത നായറും മേജര്‍ ജാസ്മനും അനുനയിക്കും.
പ്രധാനമന്ത്രി പതാക ഉയര്‍ത്തുമ്പോള്‍ രണ്ട് ഹെലികോപ്റ്ററുകളില്‍ പുഷ്പവൃഷ്ടി നടക്കും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നതോടെ എന്‍സിസി കാഡറ്റുകള്‍ ദേശീയ ഗാനം ആലപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: