കൊച്ചി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ അറസ്റ്റിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈകിട്ടോടെ ചെന്നൈയിൽ എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ്, സെന്തിൽ ബാലാജിയുടെ ബിനാമിയായി വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇഡി കണ്ടെടുത്ത രേഖകളിൽ മറുപടി നൽകാൻ സമയം വേണമെന്നാണ് അശോക് അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ അശോക് വിദേശത്തേക്ക് കടക്കുമെന്ന സംശയത്തിനു പിന്നാലെ അധികൃതർ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആദായ നികുതി വകുപ്പും ഇഡിയും നിരവധി തവണ ഹാജരാവാൻ ആവശ്യപ്പെട്ട് അശോക് കുമാറിന് നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. അശോക് കുമാർ വീട് നിർമിക്കുന്ന ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും ഇടപാടുകളും ഇഡി വിലക്കിയിരുന്നു. മന്ത്രിയുടെ പണം ഉപയോഗിച്ചാണ് വീട് നിർമിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: