കോട്ടയം: സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള പോര് തുടരുന്നതിനിടെ പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥി പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ടു. മന്ത്രി എൻ.വാസവനും ജെയ്‌ക്കിനൊപ്പമുണ്ടായിരുന്നു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്‌ച്ച അര മണിക്കൂറോളം നീണ്ടു നിന്നു.
രാവിലെ 9 മണിയോടെയാണ് ജെയ്കും വാസവനും പെരുന്നയിലെത്തി. തെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെട്ടാണ് ഇരുവരും എത്തിയത്. എന്നാൽ സമദൂരമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ അറിയിച്ചു. തെരഞ്ഞെടുപ്പു കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ എന്ന് കൂടിക്കാഴ്ചക്കു ശേഷം സുകുമാരൻ നായർ പറഞ്ഞു. ഗണപതി വിവാദത്തിൽ ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യവും സിപിഎം ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, സുകുമാരൻ നായർക്കെതിരെ എ.കെ ബാലൻ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെ എൻഎസ്എസ് നിലപാട് കർശനമാക്കുകയും നാമജപഘോഷയാത്ര അടക്കം സംഘടിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രക്കെതിരെ പോലീസ് കേസെടുക്കുകകൂടി ചെയ്തതോടെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ശനിയാഴ്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജെയ്ക് കണ്ടിരുന്നു. വരും ദിവസങ്ങളിൽ മത സാമുദായിക മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച തുടരും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: