സച്ചിദാനന്ദസ്വാമി
പ്രസിഡന്റ്, ശിവഗിരി മഠം
ശ്രീനാരായണ ഗുരുദേവന് ഒരേ സമയം ശ്രുതികാരനും സ്മൃതികാരനുമാണ്. ഗുരുവിന്റെ 63 ഓളം വരുന്ന കൃതികള്‍ ശ്രുതിയും ശ്രീനാരായണ ധര്‍മ്മം എന്ന കൃതി സ്മൃതിയുമാണ്. അതുകൊണ്ടാണ് ഗുരുദേവ കൃതികളെ ഉപനിഷത്ത് സമാനമാണെന്ന് പ്രൊഫ.എം.എച്ച്. ശാസ്ത്രികള്‍, പ്രൊഫ. ജി.ബാലകൃഷ്ണന് നായര്‍ തുടങ്ങിയ പണ്ഡിതവരേണ്യന്മാര് അഭിപ്രായപ്പെട്ടത്. ശ്രീനാരായണ ധര്‍മ്മം അഥവാ ശ്രീനാരായണ സ്മൃതി ഗുരുദേവ ശിഷ്യനായ ദിവ്യശ്രീ ആത്മാനന്ദ സ്വാമികള്‍ സംസ്കൃതപദ്യങ്ങളാക്കി എഴുതി ഗുരുദേവനെ വായിച്ചു കേള്‍പ്പിച്ച് അനുവാദം വാങ്ങി സ്വാമി ശ്രീനാരായണ തീര്‍ത്ഥര്‍ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിച്ചു. ഒരാളുടെ ജനനം മുതല്‍ മരണം വരെ അനുഷ്ഠിക്കേണ്ട ആചാരപദ്ധതിയാണ് ശ്രീനാരായണ സ്മൃതിയിലെ മുഖ്യപ്രമേയം. ഗുരുദേവ കൃതികളും ശ്രീനാരായണ സ്മൃതിയും ജീവിതത്തില്‍ ഒരു പോലെ അനുഷ്ഠിക്കുവാന്‍ പര്യാപ്തമായ ഒന്നാണ് ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും.
കര്‍ക്കിടകമാസം രാമായണ മാസമായി കേരളീയര്‍ ആചരിക്കുന്നുണ്ട്. കര്‍ക്കിടകത്തിന്റെ കാര്‍ക്കശ്യവും ഇരുട്ടും കഴിഞ്ഞ് പൊന്നിന്ചിങ്ങമാസപ്പിറവി പ്രകാശത്തിന്റെ വീഥിയൊരുക്കലാണ്. മലയാളിയുടെ ആണ്ട് പിറപ്പും പൊന്നിന് ചിങ്ങമാസപ്പുലരിയില്‍ തന്നെ. കന്നി 5 മഹാഗുരുവിന്റെ മഹാപരിനിര്‍വ്വാണ ദിനമാണ്. കന്നി 9 ഗുരുവിന്റെ അനന്തരഗാമിയും വിപ്ലവ കൊടുങ്കാറ്റുമായിരുന്ന ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ മഹാസമാധി ദിനവുമാണ്. ചിങ്ങം 1 മുതല്‍ കന്നി 9 വരെയുള്ള കാലയളവ് ശ്രീനാരായണീയരുടെ വ്രതാനുഷ്ഠാനകാലമായും നോയമ്പുകാലമായും കഴിഞ്ഞ കുറേവര്‍ഷങ്ങളായി ശ്രീനാരായണസമൂഹം ആചരിച്ചുവരികയാണ്. ശ്രീനാരായണധര്‍മ്മസംഘം, അഥവാ ഗുരുവിന്റെ സംന്യസ്ത ശിഷ്യസംഘം തീരുമാനം കൈക്കൊണ്ട് ശ്രീനാരായണ മാസാചരണമായും ധര്മ്മചര്യായജ്ഞവുമായി ശിവഗിരി മഠത്തിന്റെ ഈ പ്രഖ്യാപനം ഗുരുദേവ പ്രസ്ഥാനത്തില്‍ പുതിയ ദിശാബോധം നല്‍കുന്നതാണ്.
ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനപുരോഗതിക്ക് നിദാനമായിരിക്കുന്നത് ഗുരുക്കന്മാരുടെ ഉപദേശവും മാതൃകാജീവിതവുമാണ്. നിശ്ചിതമായൊരു കാലയളവ് ഗുരുക്കന്മാരുടെ ഉപദേശങ്ങളെ സ്വാംശീകരിച്ച് ജീവിക്കുന്നതിനു വേണ്ടി വ്രതാനുഷ്ഠാനകാലമായി എല്ലാ സമൂഹവും നീക്കിവച്ചിട്ടുണ്ട്. ക്രൈസ്തവ-ഇസ്ലാം-ബൗദ്ധ-ഹൈന്ദവ മതങ്ങളിലെല്ലാം ഇതുകാണാവുന്നതാണ്. മത്സ്യവും മാംസവും മദ്യവും വ്രതാനുഷ്ഠാനത്തിന് തടസ്സമായി നില്‍ക്കുന്നതെല്ലാം എന്തോ അതെല്ലാം ഉപേക്ഷിച്ച് സാത്വികമായ ജീവിതചര്യയോടെ നിശ്ചിതമായൊരു കാലം ഓരോ മതക്കാരും ആചരിക്കാറുണ്ട്. ശ്രീനാരായണ ഗുരുദേവ ഭക്തന്മാര് മേല്‍പ്പറഞ്ഞ ദിവസങ്ങളിലായി വ്രതാനുഷ്ഠാനത്തോടെ കഴിയുന്ന സമ്പ്രദായം ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതുപ്രകാരം ശ്രീനാരായണമാസാചരണവും ധര്‍മ്മചര്യായജ്ഞവും ലക്ഷക്കണക്കിന് ജനമനസ്സുകളില്‍ ശാന്തിദീപം തെളിയിച്ചുകൊണ്ടിരിക്കുന്ന മഹിതമായ യജ്ഞമാണ്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ഗുരുദേവഭക്തര്‍ സ്വജീവിതത്തില്‍ ഈ ആചാരപദ്ധതി സ്വാംശീകരിച്ച് കഴിയുന്നുണ്ട്.
ചിങ്ങം 1ന് (ആഗസ്റ്റ് 17ന്) ആണ്ടുപിറപ്പിന് ശ്രീനാരായണ മാസാചരണം ആരംഭിക്കുന്നു. നിരവധി മഹാപുരുഷന്മാരുടെ ജന്മസമാധി ദിനങ്ങള്‍ ചിങ്ങമാസത്തില്‍ തന്നെ കടന്നുവരാറുണ്ട്. ആഗസ്റ്റ് 22 സഹോദരന് അയ്യപ്പന് ജയന്തി, ഗുരുദേവ ശിഷ്യന് പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമികളുടെ സമാധിദിനം, ആഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, ആഗസ്റ്റ് 29 തിരുവോണം, ആഗസ്റ്റ് 31 ശ്രീനാരായണ ഗുരുദേവ ജയന്തി, സപ്തംബര്‍ 1 സത്യവ്രതസ്വാമി സമാധി, സപ്തംബര്‍ 5 ചട്ടമ്പി സ്വാമി ജയന്തി, സപ്തംബര്‍ 6 ശ്രീകൃഷ്ണ ജയന്തി, സപ്തംബര്‍ 14 ജഗദീശ്വരാനന്ദ സ്വാമി സമാധി, സപ്തംബര്‍ 18 പത്രാധിപര്‍ കെ സുകുമാരന്‍ നിര്‍വ്വാണ ദിനം, സപ്തംബര്‍ 22 ശ്രീനാരായണ ഗുരുദേവ മഹാപരിനിര്‍വ്വാണ ദിനം, സപ്തംബര്‍ 26 ദിവ്യശ്രീ ബോധാനന്ദ സ്വാമി നിര്‍വ്വാണ ദിനം തുടങ്ങിയ പുണ്യ ദിനങ്ങള്‍ ഈ കാലയളവില്‍ കടന്നുവരുന്നുണ്ട്. ഈ വിശേഷാല്‍ ദിനങ്ങളില്‍ ജയന്തി ആഘോഷ-സമാധി ആചരണ പരിപാടികള്‍ ഭക്തജനങ്ങള്‍ സംഘടിപ്പിക്കണം. ചിങ്ങം 1 തൊട്ടുള്ള എല്ലാ ദിവസങ്ങളിലും പ്രഭാതത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ശേഷം ആധ്യാത്മ സാധനകള്‍ അനുഷ്ഠിക്കണം. ഗുരുദേവന്റെ തിരുഅവതാര സമയമായ രാവിലെ 6.15 നെ ഉള്‍പ്പെടുത്തി 6 മുതല്‍ 6.30 വരെ എല്ലാ ഗുരുക്കന്മാരും പ്രാര്‍ത്ഥന, ജപം, ധ്യാനം തുടങ്ങിയ ഉപാസനകള്‍ അനുഷ്ഠിക്കണം. ഗുരുദേവ കൃതികളും ഇതര പുണ്യ ഗ്രന്ഥങ്ങളും പാരായണം ചെയ്യണം. ദിവസവും ഓരോപ്രാര്ത്ഥനായോഗങ്ങള് ഗുരുമന്ദിരം, ക്ഷേത്രം, സ്കൂള്‍, ഗൃഹം തുടങ്ങി ഏതെങ്കിലും സ്ഥലത്ത് വെച്ച് സംഘടിപ്പിക്കണം. എല്ലാ ദിവസവും ഗൃഹസന്ദര്‍ശന പരിപാടികളും ജീവകാരുണ്യ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് ഗുരുദേവ സന്ദേശ പ്രചരണം വ്യാപകമായി സംഘടിപ്പിക്കുവാന്‍ സാധിക്കണം. ‘ആത്മനോമോക്ഷാര്‍ത്ഥം ജഗത്ഹിതായ ച’ ആത്മീയമായ അടിത്തറയില്‍ സാമൂഹികജീവിതം വാര്‍ത്തെടുക്കണം. ജീവിതത്തില്‍ സ്വസ്ഥതയും ശാന്തിയും സമാധാനവും ഗൃഹങ്ങളില്‍ ഐകമത്യവും ചിട്ടയായ ജീവിതവും കരുപിടിപ്പിക്കുന്നതിന് ഈ വ്രതാനുഷ്ഠാന പദ്ധതി എത്രയും സഹായകമായിത്തീരുന്നു.
ഗുരുദേവന് ശ്രീനാരായണ സ്മൃതിയിലൂടെ ഉപദേശിക്കുന്ന അനുഷ്ഠാന പദ്ധതികളില്‍ പരമ പ്രധാനമായ മൂന്ന് ധര്‍മ്മങ്ങളുണ്ട്. അഹിംസ, സത്യം ആസ്തേയം, ബ്രഹ്മചര്യം, മദ്യവര്‍ജ്ജനം എന്ന സമാന്യധര്മ്മമാണ് ആദ്യത്തേത്. ഈ പഞ്ചധര്മ്മങ്ങളില് ഏറ്റവും പ്രധാനമായ ബ്രഹ്മചര്യാനുഷ്ഠാനവും മദ്യവര്‍ജ്ജനവും ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമാണ്. മൂന്നും നാലും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളേയും ചെറുബാലന്മാരേയും പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദു:സ്ഥിതിയെക്കുറിച്ച് സമൂഹം ബോധവാന്മാരാകണം. മദ്യവും മയക്കുമരുന്നുമാണ് പീഡനത്തിന്റെ ശരിയായ ഇന്ധനം. ഗുരുദേവന് ഉപദേശിക്കുന്ന മേല്‍പ്പറഞ്ഞ പഞ്ചധര്‍മ്മങ്ങള്‍ ഓരോരുത്തരും ആചരിച്ചനുഷ്ഠിക്കേണ്ടതാണ്. എങ്കിലേ ശാന്തിപൂര്ണ്ണമായൊരു ജീവിതം സംജാതമാകൂ. മറ്റൊന്ന് പഞ്ചശുദ്ധികളാണ്. വാക്ശുദ്ധി, മന:ശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി. ഈ പഞ്ചശുദ്ധികളുടെ അനുഷ്ഠാനം വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗതിക്കുള്ള അടിസ്ഥാന തത്വമാണ്. ശുചിത്വമാണ് ഈശ്വരന് എന്ന് ഗുരു ഉപദേശിച്ചിട്ടുണ്ട്. ജീവിതം ശുചിത്വപൂര്ണ്ണമായാല് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവും. പറയുന്നതും, ചിന്തിക്കുന്നതും, കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ധാര്‍മ്മികമായ അടിസ്ഥാനത്തിലായാല്‍ സങ്കീര്‍ണ്ണമായുള്ള പ്രശ്നങ്ങളും പരിഹരിക്കാനാവും. അതിനാല്‍ ശുചിത്വബോധത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കണം. ഇവിടെയാണ് പഞ്ചശുദ്ധിയുടെ അനുഷ്ഠാനത്തിനുള്ള പ്രാധാന്യമെന്നറിയണം.
ഗുരുദേവന് ഉപദേശിക്കുന്ന പഞ്ചമഹായജ്ഞവും ഏറ്റവും അനുസന്ധേയമാണ്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. ബ്രഹ്മയജ്ഞം ബ്രഹ്മോപാസനയിലൂടെ എല്ലാ ജീവന്മാരും ഏകമാണ് അവിടെ ഹിന്ദുവെന്നോ െ്രെകസ്തവ ഇസ്ലാം ബുദ്ധമതഭേദചിന്തകളൊന്നുമില്ല. അവനവനെന്നറിയുന്നതൊക്കെ യോര്‍ത്താല്‍ അവനിയിലാദിമമായൊരു ആത്മദീപം ഞാനും നീയും അവനും മറ്റൊരുവനും ഏതുമതസ്ഥനും നിരീശ്വരവാദിയുമടക്കം ഏവരും ഒന്നാണെന്ന് ഗുരുദേവന് പഠിപ്പിക്കുന്നു. ഈ അദ്വൈതബോധം ജീവിതത്തിന്റെ സാധനാ പഠനമാക്കുന്നതാണ് ബ്രഹ്മയജ്ഞം. ബ്രഹ്മത്തെ, അതിന്റെ പ്രത്യക്ഷസ്വരൂപമായ ഗുരുദേവനെ ഉപാസിച്ചു കഴിയുന്നത് ബ്രഹ്മയജ്ഞം. ദേവയജ്ഞം ഈശ്വരപൂജ, ശിവന്, വിഷ്ണു, ഗണപതി, സുബ്രഹ്മണ്യന്, ദേവി തുടങ്ങിയ ദേവീദേവ സങ്കല്‍പ്പങ്ങളെല്ലാം ബ്രഹ്മത്തിന്റെ ഈശ്വരന്റെ പ്രതിരൂപങ്ങളാണ് എന്ന് മനസ്സിലാക്കി ഉപാസനയോടെ കഴിയുന്നത് ദേവയജ്ഞമാണ്. പിതൃയജ്ഞമെന്നത് മാതാപിതാക്കളെ സംരക്ഷിക്കുന്നതും സേവിക്കുന്നതുമാണ്. വൃദ്ധസദനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് മാതാപിതാക്കളെ വേണ്ടവിധം പരിപാലിക്കണമെന്ന് ഗുരുദേവന് ഉപദേശിക്കുന്ന പിതൃയജ്ഞത്തിന് ഏറെ പ്രസക്തിയുണ്ട്. മറ്റ് ജീവജാലങ്ങളെ സേവിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം ഭൂതയജ്ഞമാണ്. ആര്‍ത്തരും അവശരും ആലംബഹീനരുമായ സാധുജനങ്ങളെ സഹായിക്കുന്നതും അവരെ വളര്‍ത്തിയെടുക്കുന്നതും മാനുഷയജ്ഞത്തില്പ്പെടുന്നു.
‘ആചാരപ്രഭവോ ധര്‍മ്മ: ധര്‍മ്മസ്യ പ്രഭുരച്യുത’ എന്നാണ് ഋഷിയുടെ കല്‍പ്പന. ജീവിത വിജയത്തിന് ആധാരം ധര്‍മ്മമാണ്. ഗുരുക്കന്മാര് ഉപദേശിച്ച ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോഴാണ് ധര്‍മ്മം പ്രകാശിക്കുന്നത്. ധര്‍മ്മേ രക്ഷതി രക്ഷിത: ആരാണോ ധര്‍മ്മത്തെ രക്ഷിക്കുന്നത് അവരെ ധര്‍മ്മം രക്ഷിക്കും. ശ്രീനാരായണ മാസാചരണത്തിലൂടെ ഗുരുദേവ ധര്‍മ്മം അനുഷ്ഠിച്ച് ശാന്തിദായകമായ ജീവിതം നയിക്കുവാന്‍ സാധിക്കുന്നു. നാമജപത്തിലൂടേയും ഗുരുദേവ കൃതികളുടെ പാരായണത്തിലൂടേയും ആത്മവിശുദ്ധി കൈവരിച്ച് ആത്മസന്തുഷ്ടി നേടാനാവുന്നു. ഗുരുദേവന്റെ വിദ്യകൊണ്ട് സ്വതന്ത്രരാകുവിന് സംഘടനകൊണ്ട് ശക്തരാകുവിന് വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുവിന്‍ എന്ന് തുടങ്ങി ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ സ്വാംശീകരിക്കുന്നതിനുള്ള സാധനാകാലമാണിത് എന്ന് വ്യക്തിയും സമൂഹവും അറിയണം. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പുരോഗതിയുടെ അടിസ്ഥാനതത്വമായ സംഘടിച്ചു ശക്തിനേടി ആത്മാനുഭൂതിയില്‍ ലയിച്ച് ജീവിതത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കാനുള്ള അനുഷ്ഠാന പദ്ധതിയാണ് ഇതെന്ന് ജനസമൂഹം തിരിച്ചറിയണം. ഗുരുദേവന് കേവലമൊരു സാമൂഹ്യ പരിഷ്കര്‍ത്താവ് മാത്രമല്ല, ഈശ്വരതത്വത്തെ സാക്ഷാത്ക്കരിച്ച് ഗുരു പ്രത്യക്ഷദൈവതം, പ്രത്യക്ഷമായ ദൈവവും പരമഗുരുവുമാണെന്ന അവബോധം ഈ അനുഷ്ഠാന പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.
ജന്മം കൊണ്ടു മാത്രമല്ല കര്‍മ്മം കൊണ്ട്, അനുഷ്ഠാനപൂര്വ്വ ജീവിതം കൊണ്ട്, നാം യഥാര്‍ത്ഥ ശ്രീനാരായണീയര്‍ എന്ന ബോധം സൃഷ്ടമാകുന്നതിനും ഗൃഹങ്ങളില്‍ ഗുരുചൈതന്യം മുഴങ്ങികേള്ക്കുന്നതിനും അതുവഴി കര്‍മ്മാനുഷ്ഠാനത്തിലൂടെ യഥാര്‍ത്ഥ ഗുരുഭക്തരെ വാര്‍ത്തെടുക്കുന്നതിനും ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും സഹായകമാകുന്നു. അതിനാല്‍ മുഴുവന്‍ ഗുരുഭക്തരും എസ്എന്‍ഡിപി ശാഖകള്‍, ഗുരുധര്‍മ്മ പ്രചരണസഭ, ഗുരുദേവ ക്ഷേത്രങ്ങള്‍ തുടങ്ങി മുഴുവന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളും ശിവഗിരി മഠത്തിന്റെ ഈ ഉദ്ബോധനം സ്വീകരിച്ച് ഗുരുദേവ സേവയില്‍ മുഴുകാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: