എ.എം.ജയചന്ദ്ര വാര്യര്‍
ഇന്ന് വളരെയധികം പേര്‍ പലരോഗങ്ങള്‍ക്കും വശഗതരായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു. ചിട്ടയായുള്ള ദിനചര്യ, പഥ്യാഹാരം ഇവയ്‌ക്ക് തിരക്കിനിടയില്‍ സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കാണ് ഈ വക രോഗങ്ങള്‍ ഉണ്ടാവുന്നതെന്നാണ് ആയുര്‍വ്വേദ വിദഗ്‌ദ്ധരുടെ അഭിപ്രായം.
രോഗം വന്നശേഷം ചികില്‍സ എടുക്കുന്നതിലുപരി രോഗം വരാതിരിക്കാനുള്ള മുന്‍കരുതലിലൂടെ ജീവിതശൈലീ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. പണ്ട് കാലത്ത് ഭക്ഷണം കിട്ടാതെ അസുഖം ഉണ്ടാവുന്നുവെങ്കില്‍ ഇപ്പോള്‍ അമിത ആഹാരവും വിരുദ്ധാഹാരവുമാണ് അസുഖങ്ങള്‍ക്ക് കാരണം.
ആരോഗ്യമുള്ള ശരീരത്തിന്റെയും മനസ്സിന്റെയും ഒരു പുനഃസൃഷ്ടി ആയുര്‍വ്വേദത്തിലൂടെ ഉണ്ടാക്കാം. അതിന് ‘അഷ്ടാംഗമുള്ള’ ഈ ആയുര്‍വ്വേദ ചികില്‍സാ സമ്പ്രദായത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയെ തീരൂ..
പണ്ട് സൃഷ്ടി നടത്തിയപ്പോള്‍ ഒപ്പം അസുഖങ്ങളും ഉണ്ടായത് ദൃഷ്ടിയില്‍പ്പെട്ട ബ്രഹ്മാവിന്റെ സ്മൃതിപഥങ്ങളില്‍ ഉണ്ടായ പഞ്ചമവേദമാണ് ആയുര്‍വ്വേദം. അതായത്,
”ബ്രഹ്മാസ്മൃത്വായു ഷോവേദ.
പ്രജാപതി മജിഗ്രവാന്‍
സോശ്വിനോ തൗ സഹസ്രാക്ഷഃ
സോത്രിപുത്രാദികാന്‍ മുനീം.”
ബ്രഹ്മാവിന്റെ സ്മൃതിപഥങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ആയുര്‍വ്വേദം പ്രജാപതിയിലൂടെ, അശ്വിനീ ദേവകളിലൂടെ, ദേവേന്ദ്രനിലൂടെ, അത്രിപുത്രന്‍മാരായ ചരകന്‍ ശുശ്രുതന്‍ ഇവരിലൂടെ ഇന്നത്തെ ആയുര്‍വ്വേദ ആചാര്യരിലേക്ക് എത്തുമ്പോള്‍ ലോകത്ത് ഏറ്റവും പഴക്കം ചെന്ന ചികില്‍സാ സമ്പ്രദായമാണ് ആയുര്‍വ്വേദം എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സര്‍വ്വ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികില്‍സ ആയുര്‍വ്വേദത്തിലുണ്ട്. അവയില്‍ ചിലത് മാത്രമാണ് ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാക്കി വൈദ്യശാസ്ത്രത്തിന്റെ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയുര്‍വ്വേദത്തിന്റെ മുഴുവന്‍ ഭാഗങ്ങളെയും പഠന-ഗവേഷണങ്ങള്‍ക്ക് വിധേയമാക്കുകയാണെങ്കില്‍ ഈ മേഖലയെ അദ്വിതീയ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ അതിന് ചില തടസ്സവാദങ്ങള്‍ ചില ഭാഗത്തു നിന്നും നിരന്തരം ഉണ്ടാവുന്നതാണ് ഈ മേഖലയെ മുരടിപ്പിക്കുവാനിടയാവുന്നത്.
ആര്‍ഷഭാരത സംസ്‌കാരത്തെ ലോകോത്തരമായ ഔന്നത്യത്തിലേക്ക് എത്തിക്കുന്ന ആയുര്‍വ്വേദം അതിന്റെ പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് എത്തേണ്ടത് ആവശ്യമാണ്. എല്ലാ ചികില്‍സാ സമ്പ്രദായങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുവാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കണം.
ഔഷധസസ്യ കൃഷികളെ പ്രോല്‍സാഹിപ്പിക്കാനും, ഔഷധ സസ്യങ്ങള്‍ ധാരാളം വളരുന്ന വന സംരക്ഷണം ചെയ്യാനും സാധിക്കണം. എല്ലാ അസുഖങ്ങള്‍ക്കും ഫലപ്രദമായ ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ഉദ്പാദനവും ആയുര്‍വ്വേദത്തെ ജനങ്ങളിലെത്തിക്കുവാനുള്ള നിരന്തര പരിശ്രമങ്ങളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഈസമ്പ്രദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുക തന്നെ വേണം. ആരാണ് രോഗിയല്ലാത്തത്? എന്ന ചോദ്യത്തിന്റെ ആയുര്‍വ്വേദത്തിലെ ഉത്തരം ഇപ്രകാരം.
”കാലേ ഹിതമിത ഭോജീം, കൃതചംക്രമണ സ്തു
അതി ധൃത മൂത്രപുരീഷ വാമശയ
സ്ത്രീ ശുചിതാത്മാ ചയോ നരഃസോ രുക്ക്!”
കാലത്തിന്നും നേരത്തിനും ഹിതമായും മിതമായും ആഹരിക്കുകയും വേണ്ടതു പോലെ രക്തചംക്രമണം നടത്തുവാന്‍ ആവശ്യമായ വ്യായാമം ചെയ്യുന്നവനും, അധികമായി മലമൂത്രാദികളെ പിടിച്ചു നിര്‍ത്താത്തവനും രാത്രി ഭക്ഷണശേഷം ഇടതു വശം ചരിഞ്ഞ് കിടക്കുന്നവനും, ലൈംഗികതയില്‍ മിതത്വം പാലിക്കുന്നവനും രോഗിയല്ല (രോഗിയാവില്ല) എന്നാണ് ആയുര്‍വ്വേദം നമുക്ക് തരുന്ന അറിയിപ്പ്.
ആയുര്‍വ്വേദത്തെ ജനകീയവല്‍ക്കരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണ്. പ്രാഥമിക ആയുര്‍വ്വേദ കേന്ദ്രങ്ങള്‍, ജില്ലാ ആയുര്‍വ്വേദ ആശുപത്രികള്‍ ആരോഗ്യ രംഗത്ത് ഇന്ന് വളരെയധികം ഊര്‍ജിതമായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ചികില്‍സാ സൗകര്യങ്ങളും പഴയതിലും വളരെ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. കണ്ണൂര്‍ താണയിലുള്ള ജില്ലാ ആയുര്‍വ്വേദ ആശുപത്രി തന്നെ അതിന് ഉദാഹരണമാണ്. വെറും മരുന്നുകൊണ്ട് മാത്രമല്ല -പശ്ചാത്തല സൗകര്യങ്ങള്‍ കൊണ്ടും ആശുപത്രികളുടെ മനംപുരട്ടുന്ന ഗന്ധമില്ല എന്നതിനാലും ജിവനക്കാരുടെ സൗഹൃദ പെരുമാറ്റം കൊണ്ടും ഉണ്ടാകുന്ന സമാധാനം രോഗികളിലെ അസുഖങ്ങളെ ഒരു പരിധി വരെ ഭേദപ്പെടുത്താനാകും എന്നാണ് ഇവിടത്തെ ചീഫ് ഫിസിഷ്യന്‍ ഡോ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
കായ ചികില്‍സ (ജനറല്‍ മെഡിസിന്‍), ബാല ചികില്‍സ (കുട്ടികളുടെ ചികില്‍സ), അഗദതന്ത്രം(വിഷചികില്‍സ), മാനസിക രോഗ ചികിത്സ, ഊര്‍ധ്വാംഗ ചികില്‍സ (ഋചഠ, നേത്ര വിഭാഗങ്ങള്‍), സ്ത്രീ രോഗ ചികില്‍സ, മര്‍മ്മ ചികില്‍സ, ജര (വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികില്‍സ), രസായന ചികില്‍സ-എന്നിവ ഇവിടെ ലഭ്യമാണ്.
ആശുപത്രിയോടനുബന്ധിച്ച് യോഗ-ഫിസിയോ തറാപ്പി യൂണിറ്റും, കായിക താരങ്ങളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ പരിക്കുകള്‍ക്ക് ചികില്‍സ നല്‍കുന്നതിനുള്ള സ്‌പോര്‍ട്‌സ് ആയുര്‍വേദയുടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു യൂണിറ്റും, ടെസ്റ്റിങ് ലബോറട്ടറികളും, ആയുര്‍വ്വേദ മരുന്നുകളുടെ ഷോപ്പുകളും, കാന്റീനും പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാത്തതിനാല്‍ പലര്‍ക്കും ഇത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയുര്‍വ്വേദത്തിന് കൂടുതല്‍ ഫണ്ട് നല്‍കിയാല്‍ ഈ മേഖലയ്‌ക്ക് സമൂഹത്തിന്റെ ആരോഗ്യനിലയില്‍ ഫലപ്രദമായ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകതന്നെ ചെയ്യും.
ജീവിത ശൈലിയില്‍ ആവശ്യമായ മാറ്റം വരുത്തിയും, യോഗ മുതലായ പരിശീലനത്തിലൂടെയും ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തിയും ആയുര്‍വ്വേദ വിധിപ്രകാരമുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും വരും തലമുറയുടെ ആരോഗ്യം സൂക്ഷിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധമാവണം. ആരോഗ്യരക്ഷയ്‌ക്ക് ആയുര്‍വ്വേദം തന്നെ മുഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: