ഡോ.കെ.പരമേശ്വരന്
1973 മുതല്‍ കോഴിക്കോട് നഗരത്തെ കര്‍മ്മരംഗമായി തെരഞ്ഞെടുത്ത കര്‍ണ്ണാടക സംഗീതജ്ഞന് പാലാ സി. കെ. രാമചന്ദ്രനെ രാജ്യം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നല്കിയാദരിച്ചിട്ട് അധികാലമൊന്നുമായിട്ടില്ല. സംഗീത ലോകത്ത് ഭീഷ്മാചാര്യന് എന്നറിയപ്പെടുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയപ്പെട്ട ശിഷ്യന് കൂടിയാണ് പാലാ രാമചന്ദ്രന്.
”ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ അനുഗ്രഹവും ആശ്ശിസ്സുകളുമാണ് എന്റെ എല്ലാ ശ്രേയസ്സിനും കാരണം…. സംശയമില്ല. അദ്ദേഹത്തിന്റെ കൂടെ 40 വര്‍ഷം കച്ചേരികളില്‍ കൂടെ പാടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്.” രാമചന്ദ്രന് സംശയലേശമെന്ന്യേ പറഞ്ഞതിങ്ങനെയാണ്!
”സ്വാമിയുടെ ആദ്യകാല ശിഷ്യന്മാരില് ഒരാളായ കുമരകം എം.എസ്. ഭാസ്ക്കര മേനോനില്‍ നിന്നാണ് ഞാന്‍ പാട്ടു പഠിച്ചു തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാഡമിയില്‍ ഗാനഭൂഷണം കോഴ്സിന് അപേക്ഷിച്ചപ്പോള്‍, അന്ന് പ്രിന്‍സിപ്പലായിരുന്ന ശെമ്മങ്കുടി സ്വാമി എന്റെ ആലാപനത്തില്‍ സന്തുഷ്ടനായി നേരിട്ട് രണ്ടാം വര്‍ഷ കഌസ്സില്‍ ചേര്‍ത്തത് മറക്കാന്‍ പറ്റാത്ത ഒരു അനുഭവമാണ്. സ്വാമി അക്കാഡമിയില്‍ നിന്നും വിട്ടു ചെന്നൈയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോഴേക്ക് ഗാനപ്രവീണയ്ക്ക് (സംഗീതത്തിലെ ഉയര്‍ന്ന ബിരുദം) ചേര്‍ന്നിരുന്ന എന്നോട് കൂടെ വന്ന് ഗുരുകുലരീതിയില്‍ സംഗീതം പഠിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത് മറ്റൊരു ധന്യത.”
പിന്നീട് 1973ല്‍ കോഴിക്കോട്ട് ആകാശവാണിയില്‍ ചേര്‍ന്നപ്പോള്‍, അവിടെ നിന്നും മാറി ഗുരുവിന്റെ കൂടെ മറ്റ് റേഡിയോ നിലയങ്ങളിലും വേദികളിലും പാടുന്നതിന് രാമചന്ദ്രന് പോകുന്നത് കോഴിക്കോട് നിലയം ഒരു ബഹുമതിയായി കണക്കാക്കണമെന്നാണ് അന്നത്തെ ആകാശവാണി ഡയറക്റ്റര്‍ ജനറല്‍ ഡോ വി.കെ. നാരായണ മേനോന് പ്രത്യേകമായി എഴുതിയത്. അങ്ങനെ പോകാന്‍ രാമചന്ദ്രന് അനുമതി കൊടുക്കണമെന്ന് അദ്ദേഹം പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതനുസരിച്ച് ധാരാളം വാരാന്ത്യങ്ങളില്‍ രാമചന്ദ്രന് മദ്രാസ്സിലോ മറ്റു കേന്ദ്രങ്ങളിലോ ശെമ്മങ്കുടിയുടെ കച്ചേരികളില്‍ അകമ്പടി ശബ്ദമായി പങ്കെടുത്തിരുന്നു.
ഗുരുകുലവാസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍
ഗുരുവിന്റെ വീട്ടിലെ ചിട്ടകളൊക്കെ ശിഷ്യന് മനസ്സിലാക്കിയെന്നും ഗുരുവിനേയും ഗുരുപത്നിയേയും വീട്ടുകാര്യങ്ങളിലൊക്കെ സഹായിക്കാനും, സര്‍വ്വോപരി ഏകാഗ്രതയോടെ സാധകം- പ്രാക്റ്റീസ്- ചെയ്യാനും ഇയാള്‍ പ്രാപ്തനാണെന്നും പരീക്ഷിച്ചറിഞ്ഞ ശേഷമേ ഗുരു കൃതികളും മറ്റും പഠിപ്പിച്ചു തുടങ്ങുകയുള്ളൂ.
അക്കാലം രാമചന്ദ്രന്റെ ഓര്‍മ്മകളില്‍ ഇങ്ങനെയാണ്: ”വലതു കയ്യില്‍ ആദിതാളവും ഇടതു കൈയ്യില്‍ രൂപകതാളവും ഇട്ടുകൊണ്ട് ഒരു അലങ്കാരം- അടിസ്ഥാന പാഠം- നാലു കാലത്തില്‍ പാടാനാണ് ഗുരു ആദ്യം നിര്‍ദ്ദേശിച്ചത്. ഏതെങ്കിലും കൃതിയാകും ആദ്യം പഠിപ്പിക്കുക- പ്രവീണ വരെ പഠിച്ചതല്ലേ?- എന്നു പ്രതീക്ഷിച്ചിരുന്ന എന്നെ ശരിക്കും പരീക്ഷിക്കുകയായിരുന്നു ഗുരുനാഥന്. ഏറെനേരം ഏകാഗ്രതയോടെ പരിശീലിച്ച ശേഷം മാത്രമാണ് ഈ എക്സര്‍സൈസ് എനിക്ക് വഴങ്ങിയത് എന്ന് നന്നായി ഓര്‍മ്മിക്കുന്നു. 32 യൂണിറ്റുകളുള്ള ആദി താളവും 12 യൂണിറ്റുകള്‍ മാത്രമുള്ള രൂപക താളവും ഒരേ സമയത്ത് രണ്ടു കൈകളിലായി ഇടുന്നതു തന്നെ അതീവ ശ്രമകരമാണ്. ഇതിനു പുറമേ കാലപ്രമാണം- ലോുീ തെറ്റിക്കാതെ വ്യത്യസ്ത സ്പീഡുകളില്‍ പാടുകയും ചെയ്യുന്നത് ഏതാണ്ട് അമാനുഷികം എന്നു തോന്നാം. എന്നാല്‍ ഏകാഗ്രമായ പരിശീലനം കൊണ്ട് ഇതൊക്കെ സുസാധ്യമാണെന്ന് വളരെ ഭംഗിയായി എനിക്ക് മനസ്സിലാക്കി തരികയാണ് ഗുരുനാഥന് ചെയ്തത്. 32 യൂണിറ്റുള്ള ആദി താളം മൂന്ന് റൗണ്ട് ഇടുന്നതിന്റെ കൂടെ 12 യൂണിറ്റുള്ള രൂപക താളം എട്ട് റൗണ്ട് ഇടുമ്പോള്‍ രണ്ടു താളങ്ങളും ഒരുമിച്ച് ആരംഭബിന്ദുവില്‍ എത്തും എന്നതാണ് ഈ എക്സര്‍സൈസിന്റെ കണക്ക്… അതിന്റെ ഭംഗിയും.
കച്ചേരികളില്‍ കൂടെ പാടാനുള്ള പരിശീലനത്തില്‍ തുടങ്ങി ക്രമേണ ദിവസേന രണ്ടോ മൂന്നോ പുതിയ കൃതികള്‍ വരെ പഠിപ്പിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. പഠിപ്പിച്ച കൃതികള്‍ സാധകം ചെയ്ത് കേള്‍പ്പിച്ച ശേഷമേ ഉറങ്ങാന്‍ പോകാവൂ എന്ന നിബന്ധനയും കര്‍ശനമായിരുന്നു.
വെളുപ്പിന് അഞ്ചു മണിക്ക് സ്ഥിരമായി എണീക്കാറുള്ള സ്വാമി ‘നാരായണായ നളിനായത ലോചനായ…’ എന്ന ശ്ലോകം പ്രഭാത വന്ദനമായി ദിവസവും പാടും. വിസ്തരിച്ചുള്ള എണ്ണതേച്ചു കുളിക്കു പോകുമ്പോള്‍ പഠിച്ചു തീര്‍ത്ത ഏതെങ്കിലും കീര്‍ത്തനം രാമചന്ദ്രന് ഉറക്കെ പാടണം എന്നും, പാട്ട് കുളിമുറിയില്‍ വ്യക്തമായി കേള്‍ക്കണം എന്നും അദ്ദേഹത്തിന് നിര്‍ബ്ബന്ധമായിരുന്നു. ശ്രുതിശുദ്ധമായി തുറന്നു പാടി പരിശീലിക്കുന്നത് ഉറപ്പാക്കാന്‍ സ്വാമി കണ്ടുപിടിച്ച രീതിയാകണം ഇത്.
”ഒരിക്കല്‍ സ്വാമിക്ക് ശ്രീലങ്കയില്‍ നിന്നും ഒരു ആരാധകന് സമ്മാനിച്ച ഒരു ഡസന്‍ തെങ്ങിന്‍തൈകള്‍ ഗുരുവിന്റെ വീട്ടുവളപ്പില്‍ ഞാന്‍ നട്ട് പരിപാലിച്ചു പോന്നിരുന്നു. അതില്‍ സന്തുഷ്ട്ടനായ സ്വാമി ഞാന്‍ ചെയ്യുന്നത് ഒരു പുണ്യമാണെന്നും എന്റെ സംഗീതം അതുപോലെ അഭിവൃദ്ധിപ്പെടുമെന്നും അനുഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം പ്രഥമ മഹാരാജപുരം സന്താനം അവാര്‍ഡ് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ എനിക്ക് നല്‍കിക്കൊണ്ട് ”എന്റെ കൂടെ ഏകദേശം ആയിരം കച്ചേരികളില്‍ പാടുകയും, ഏറ്റവും കൂടുതല്‍ കാലം എന്റെ വീട്ടില്‍ താമസിച്ച് ഗുരുകുലവാസം നടത്തുകയും ചെയ്തത് രാമചന്ദ്രനാണ്” എന്നു സ്വാമി തന്നെ പറഞ്ഞത് അഭിജാതമായ ആ സദസ്സ് ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തപ്പോള്‍ ഗുരുവിന്റെ ആ അനുഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ് ചെയ്തത്. പിന്നീടൊരിക്കല്‍ സ്വാമിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഈ തെങ്ങുകളില്‍ നിന്നും പറിച്ചെടുത്ത നാളികേരം അവിടെ കൂട്ടിയിട്ടിരുന്നത് കാണാന്‍ സാധിച്ചത് തികച്ചും ചാരിതാര്ത്ഥജനകമായിരുന്നു.
കോഴിക്കോട്ടെ ആകാശവാണി ജീവിതം
ആകാശവാണിയില്‍ രാമചന്ദ്രന് അവതരിപ്പിച്ചു പോന്ന ‘കര്‍ണ്ണാടക സംഗീതപാഠം’ എന്ന പരിപാടി ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതു കേട്ട് പാട്ടു പഠിച്ചിരുന്നവര്‍ പലരും ആകാശവാണിയിലേക്ക് കത്തുകള്‍ എഴുതാറുമുണ്ടായിരുന്നു. പഠിക്കാന്‍ ആഗ്രഹമുള്ള കീര്‍ത്തനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ധാരാളം കത്തുകളും അക്കാലങ്ങളില്‍ ലഭിച്ചിരുന്നു.
28 വര്‍ഷത്തോളം മുടങ്ങാതെ നടന്ന കര്‍ണ്ണാടക സംഗീതപാഠം പരിപാടിയിലൂടെ ഏകദേശം 250 സ്വാതി തിരുനാള്‍ കൃതികളും മറ്റു വാഗ്ഗേയകാരന്മാരുടെ 225 കൃതികളും പല അപൂര്‍വ്വ കൃതികളും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
രാഗരൂപം, ലക്ഷദ്വീപിലെ സംഗീതം, പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള സംഗീതശില്‍പ്പങ്ങള്‍ തുടങ്ങിയവ പ്രക്ഷേപണം ചെയ്യാനും നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്യാനും ദേശീയ സംഗീത പരിപാടികളില്‍ പങ്കെടുക്കാനും ഗുരുകൃപയാല്‍ രാമചന്ദ്രന് സാധിച്ചിട്ടുണ്ട്. ആകാശവാണിയില്‍ ഏറ്റവും ഉയര്‍ന്ന ഏ ടോപ്പ് ഗ്രേഡ് ലഭിച്ച ശേഷമാണ് അദ്ദേഹം ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചത്.
റിട്ടയര്‍മെന്റിനു ശേഷം അമേരിക്കയിലുള്ള നിരവധി കേന്ദ്രങ്ങളില്‍ പാലാ സി. കെ. സംഗീതാധ്യാപനം തുടര്‍ന്നു. ആഫ്രിക്കന്‍ നാടുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും സ്വാതി തിരുനാള്‍ കൃതികള്‍ മാത്രം ഉള്‍പ്പെടുത്തി അദ്ദേഹം അവതരിപ്പിച്ച കച്ചേരികള്‍ രസികരുടെയും ആരാധകരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായിട്ടുണ്ട്.
ശെമ്മാങ്കുടിയുടെ കൂടെയുള്ള കച്ചേരി അനുഭവങ്ങള്‍
ഒരിക്കല്‍ മൈസൂരില്‍ സ്വാമിയുടെ ശ്രീരാമനവമിക്കച്ചേരിക്ക് വളരെ വൈകിയേ എനിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞുള്ളൂ. ഒരു ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തീവണ്ടി സര്‍വ്വീസുകള്‍ പലതും റദ്ദു ചെയ്തിരുന്നതിനാല്‍ ഞാന്‍ ബസ്സില്‍ മൈസൂരില്‍ എത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു. അപ്പോഴേയ്ക്കും കച്ചേരി കഴിയാറായിരിക്കുന്നു. സ്റ്റേജിനടുത്തെത്തിയ എന്നെ കണ്ടയുടന്‍ സന്തോഷത്തോടെ സ്വാമി ഉറക്കെ പറഞ്ഞു ‘പാര്‍ത്തീങ്കളാ… ഇപ്പൊത്താന്‍ ശിഷ്യന് പാലാ രാമചന്ദ്രന് വരാന്‍… ശീഘ്രം വാ’ യാത്ര ചെയ്തു വന്ന വേഷത്തില്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തി. തംബുരുവും എന്റെ കയ്യില്‍ തന്ന് വീണ്ടും ഒന്നര മണിക്കൂറോളം സ്വാമി അന്നു പാടി. ഇത് എന്നോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ടാണെന്ന് എനിക്കു തോന്നി. അദ്ദേഹത്തിന്റെ ആ സന്തോഷം അത്ര ഹൃദയസ്പര്‍ശിയായിരുന്നു.
രാമചന്ദ്രന് മറ്റൊരനുഭവം ഇങ്ങനെ: സ്വാമിയുടെ രണ്ടാമത്തെ മകളുടെ മകന്റെ കല്ല്യാണത്തിന് എന്റെ കച്ചേരിയാണ് വേണ്ടതെന്ന് സ്വാമി തീരുമാനിച്ചു. മൈലാപ്പൂര് വിദ്യാഭാരതി മണ്ഡപത്തില്‍ നടന്ന കല്ല്യാണച്ചടങ്ങുകള്‍ക്കും കച്ചേരിക്കും എം.എസ്. സുബ്ബലക്ഷ്മിയുള്പ്പെടെ നിരവധി പ്രമുഖരാണ് സാക്ഷ്യം വഹിച്ചത്. മുന്‍ രാഷ്ട്രപതി ആര്. വെങ്കിട്ടരാമനായിരുന്നു അന്ന് മുഖ്യാതിഥി. കച്ചേരിയില്‍ ശങ്കരാഭരണമായിരുന്നു മുഖ്യരാഗം. കച്ചേരി കഴിഞ്ഞ് സ്വാമി എന്നെ വെങ്കിട്ടരാമന് സാറിന് പരിചയപ്പെടുത്തി. അപ്പോള്‍ അദ്ദേഹം കച്ചേരി വളരെ നന്നായി എന്നു പറഞ്ഞ് എനിക്കൊരു സമ്മാനം നല്കി. ഇത്രയും നന്നായി ശങ്കരാഭരണം പാടിയ രാമചന്ദ്രന് അങ്ങയുടെ ശിഷ്യനാണെന്ന് അറിയുന്നത് വളരെ സന്തോഷം എന്നും വെങ്കിട്ടരാമന് പറഞ്ഞു. സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ മുന്‍ രാഷ്ട്രപതി പറഞ്ഞ ഈ വാക്കുകള്‍ക്ക് ഒരവാര്‍ഡിനേക്കാള്‍ വിലയുണ്ടായിരുന്നു.
നിരവധി ബഹുമതികള്‍
2000ത്തില്‍ സ്വാമിയുടെ കയ്യില്‍ നിന്ന് ആദരപൂര്‍വ്വം ഏറ്റുവാങ്ങിയ പ്രഥമ മഹാരാജപുരം ഫൗണ്ടേഷന് അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡും ഫെലോഷിപ്പ്, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ ടി ടി കെ അവാര്‍ഡ്, ക്ലീവ് ലാന്‍ഡ് ത്യാഗരാജ സമിതിയുടെ ശെമ്മങ്കുടി സ്മാരക അവാര്‍ഡ്, ഗുരുവായൂര്‍ ചെമ്പൈ പുരസ്ക്കാരം….ഇപ്പോള്‍ കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകളും ബഹുമതികളും ഗുരുവിന്റെ അനുഗ്രഹാശിസ്സുകള്‍ കാരണം ലഭിച്ചിട്ടുണ്ട്. പാലായിലെ സ്വന്തം നാടായ മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് സ്നേഹപൂര്‍വ്വം നല്കിയ ‘രാഗരാജ പുരസ്ക്കാരം’ പ്രഗത്ഭനായ മുന്‍ ധനകാര്യ മന്ത്രി കെ. എം. മാണി സാറിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയത് സുന്ദരമായ മറ്റൊരോര്‍മ്മയാണ്.
കുടുംബം
പാലാ ഇടമറ്റം ഗ്രാമത്തിലെ അദ്ധ്യാപകനായിരുന്ന കല്ലേട്ട് കൃഷ്ണപിള്ള, കാര്‍ത്യായനിയമ്മ ദമ്പതികളുടെ മകനാണ് രാമചന്ദ്രന്. പ്രമുഖ ഫുട്ബോള്‍ കമന്റേറ്ററും മാതൃഭൂമി ഡയറക്ടറുമായിരുന്ന പി. പത്മനാഭന് നായരുടെ (പപ്പേട്ടന്) മകള്‍ ജയശ്രീയാണ് ഭാര്യ. മൂത്ത മകന് ജയറാം ചെന്നൈയില്‍ പ്രമുഖ പോസ്റ്റര്‍ ഡിസൈനറാണ്. ഇളയ മകന് ശ്രീറാം ശ്രദ്ധേയനായ സീരിയല്‍-ചലച്ചിത്ര അഭിനേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: