തൃശൂര്‍: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷം അഴിമതിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി. തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും കോണ്‍ഗ്രസും കറപ്ഷന്‍ പാര്‍ട്ടികളാണ്. ഇരുപാര്‍ട്ടികളും രാജ്യത്ത് എല്ലാ സ്ഥലത്തും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മോദി സര്‍ക്കാര്‍ ജനക്ഷേമ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പ്രതിപക്ഷം അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കുകയാണ്. മണിപ്പൂരിലെ ഗോത്രകലാപത്തെ ഹിന്ദു – ക്രിസ്ത്യന്‍ കലാപമാക്കി കേരളത്തില്‍ അവതരിപ്പിച്ചു. അമിത് ഷാ അത് കൃത്യമായി പാര്‍ലമെന്റില്‍ പറഞ്ഞു. ക്രൈസ്തവ പുരോഹിതന്‍മാര്‍ പോലും വര്‍ഗീയ കലാപമാണെന്ന വാദം തള്ളിക്കളഞ്ഞുവെന്നും ജാവദേക്കര്‍ പറഞ്ഞു.
യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ അഗര്‍വാള്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറിയായി പുതുതായി ചുമതലയേറ്റ അനില്‍ കെ. ആന്റണിയെ കെ. സുരേന്ദ്രന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: