സി.വി.തമ്പി
ലോകത്ത് പല ഭാഷകളിലും രാമായണം ലഭ്യമാണ്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള രാമായണം തുളസീദാസ് രചിച്ച പ്രസിദ്ധമായ രാമചരിതമാനസ് ആണ് . ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പഴക്കമുള്ള രാമായണ കൃതി തമിഴിലെ കമ്പരാമായണവും. ഇതിനെല്ലാം മുഖ്യ അവലംബം വാല്മീകി രാമായണം തന്നെ. പല ഇന്ത്യന്‍ ഭാഷകളിലേയും രാമായണ കഥകള്‍ വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഉള്ളവയാണ്.
ചില രാമായണ കഥകളില്‍ രാമനാണ് നായകനെങ്കില്‍ മറ്റു ചിലതില്‍ ഹനുമാനാണ് പ്രാമുഖ്യം. രാവണന്‍ നായകനായ രാമായണവും ഉണ്ട്. രാമകഥ നടക്കുന്ന രാജ്യങ്ങളില്‍ പ്രമുഖമാണല്ലോ ശ്രീലങ്ക . ഇവിടെ, പക്ഷെ, രാമന്‍ ഒറ്റയ്‌ക്കാണ് വനവാസം നടത്തുന്നത്.
പല ഏഷ്യന്‍ രാജൃങ്ങളിലും രാമായണം വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്. ഇതെല്ലാം കാണിക്കുന്നത് ഇതുപോലൊരു സാഹിത്യം, സംസ്‌ക്കാരം, ആചാരം വേറെ ഇല്ലെന്നാണ്. രാമന്‍ മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകമാണ്. വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ‘രാമായണത്തേക്കാള്‍ ശുദ്ധവും സദാചാരനിഷ്ഠവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌ക്കാര ചരിത്രത്തിലുണ്ടായിട്ടില്ല’. അതായത് എല്ലാ കാലത്തേയും ഊര്‍ജ്ജ സ്രോതസ്സാണ് രാമായണം . മനുഷ്യനായ രാമന്‍ ആവിഷ്‌ക്കരിക്കുന്നത് സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ്.
ദുഷ്‌കര്‍മ്മങ്ങള്‍ കൊണ്ട് ദുഃഖവും, വ്യാകുലതയും, അശാന്തിയും ഉണ്ടാകുന്നു. സദ്കര്‍മ്മങ്ങള്‍ കൊണ്ടാകട്ടെ സുഖവും, പരമാനന്ദവും, ശാന്തിയും ഉണ്ടാകുന്നു എന്നതും രാമായണത്തിന്റെ അന്തസത്തയാണ്.
‘ലക്ഷ്മണാ! ഞാന്‍ ഇത്രയും ഭാഗ്യഹീനനായി പോയല്ലോ. രാജ്യം ഉപേക്ഷിച്ച് വനവാസത്തിലായി. സുഖജീവിതം നയിക്കേണ്ട രാജകുമാരിക്ക് കാനനവാസം നല്‍കി. ചരാചരങ്ങളില്‍ വച്ച് ഇത്രയും നിര്‍ഭാഗ്യം മറ്റാര്‍ക്കെങ്കിലുമുണ്ടോ.’ സീതയെ രക്ഷിക്കുവാന്‍ പുറപ്പെട്ട ജടായു മരണത്തിന്റെ വക്കിലെത്തിയ ഘട്ടത്തില്‍ രാമനില്‍ നിന്നും പുറപ്പെടുന്ന നിരാശ കലര്‍ന്ന വാക്കുകളാണിവ. ഒരുവിധത്തില്‍, സീതാദേവിയെ രാവണന്‍ മോഷ്ടിച്ചു കൊണ്ടുപോയവിവരം അിയിച്ച ശേഷം ആ പക്ഷീന്ദ്രന്റെ വായില്‍ നിന്ന് രക്തം ഒഴുകി, ജീവന്‍ ആ ശരീരം വിട്ടു പോയി.
‘എന്റെ കൈയ്യും ഹൃദയവും വല്ലാതെ തുടിക്കുന്നു. അശുഭങ്ങളായ നിമിത്തങ്ങളാണ് കാണുന്നതും.’ എന്ന് ലക്ഷ്മണന്‍ പറയുമ്പോള്‍, രാമായണത്തില്‍ ഉടനീളം കാണുന്ന നിമിത്തങ്ങളുടേയും നിയോഗങ്ങളുടേയും ദൃശ്യങ്ങള്‍ നമുക്ക് ബോധ്യമാകും.
പമ്പാസരസിന്റെ പടിഞ്ഞാറു ഭാഗത്ത് ശബരിയുടെ ആശ്രമം കാണാം. വൃദ്ധതാപസിയായ ശബരി രാമനേയും ലക്ഷ്മണനേയും കണ്ട് പെട്ടെന്ന് എഴുന്നേറ്റു. ‘ശബരിമരുവിന മുനി വരാശ്രമെ ചെന്ന്’ ഇരുവരും ശബരിയെ വണങ്ങുന്നു. ആ ശരീരം തീക്കനല്‍ പോലെ ജ്വലിച്ചു. ആ ദിവ്യരൂപം രാമനെ ശിരസാ നമസ്‌ക്കരിച്ചു. പുണ്യവതിയായ ശബരിയുടെ മോക്ഷ പ്രാപ്തിയും ആനന്ദമേകുന്ന കാഴ്ചയായി . ഇങ്ങനെ രാമായണത്തില്‍ ആദിയോടന്തം നിയോഗങ്ങള്‍ വരുന്നുണ്ട്.
ആകാശ ചുംബികളായ വന്‍ മരങ്ങളും വള്ളി പടര്‍പ്പുകളുടെ മനോഹാരിതയും വണ്ടിണകള്‍ പാട്ടും പാടി നടക്കുന്നതും രാമന്റെ മനസ്സില്‍ സീതയെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തുന്നു. സീതാന്വേഷണത്വര ഉണ്ടാകുന്നു. ജീവിതം ഇങ്ങനെയാണ് ഒരു ‘പാമ്പും കോണി’യും കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: