ന്യൂദല്‍ഹി: കിഴക്കന്‍ ഇന്ത്യക്ക് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമാകാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് പശ്ചിമ ബംഗാളിലെ കോലാഘട്ടില്‍ ക്ഷേത്രീയ പഞ്ചായത്ത് രാജ് പരിഷത്തിന്റെ ഉദ്ഘാടന വേളയില്‍ ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകരെ വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നാണ് പ്രതിപക്ഷമായ ഐഎന്ഡിഎയുടെ താത്പര്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നടത്തിയ അക്രമങ്ങളെയും മോദി വിമര്‍ശിച്ചു.സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയമാണ് രാജ്യം മുഴുവന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടിഎംസി കൃത്രിമം കാണിച്ചെന്നും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോലാഘട്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ നേരിട്ട് പങ്കെടുത്തു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ജെപി നദ്ദ ബംഗാള്‍ ബിജെപി കോര്‍ കമ്മിറ്റി, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള 134 പ്രവര്‍ത്തകരും ജില്ലാ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കുന്ന കിഴക്കന്‍ പഞ്ചായത്തിരാജ് പരിഷത്ത് ശില്പശാല (കിഴക്കന്‍ മേഖലാ സമ്മേളനം) പശ്ചിമ ബംഗാളില്‍ ഇന്ന് നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: