ഭോപ്പാല്‍ : 2023-24 സാമ്പത്തിക വര്‍ഷത്തേക്കുളള മുഖ്യമന്ത്രിയുടെ കിസാന്‍ കല്യാണ്‍ യോജന പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് മന്ത്രിസഭ അനുമതി നല്കി.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്റെ ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. ഇതിന് 178.88 കോടി രൂപയുടെ അധികച്ചെലവുണ്ടാകുമെന്നാണ് കണക്ക്.
നേരത്തേ,ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയും സെപ്തംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും രണ്ട് ഗഡുക്കളായി 4,000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, കര്‍ഷകര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയും, ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 30 വരെയും, ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും 2000 രൂപ വീതം ആകെ 6,000 രൂപ വിതരണം ചെയ്യും.
2491.91 കോടി രൂപ ചെലവില്‍ ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കുന്ന 53 സി എം റൈസ് സ്കൂളുകളുടെയും ഗോത്ര വിഭാഗം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന 19 കന്യാ ശിക്ഷാ പരിസാറുകളുടെയും നിര്‍മാണത്തിനും മന്ത്രിസഭ അംഗീകാരം നല്കി.1362.91 കോടി രൂപ ചെലവില്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 37 സ്കൂളുകളുടെ നിര്‍മാണത്തിന് യോഗത്തില്‍ അംഗീകാരം നല്കി.
16 സിഎം റൈസ് സ്കൂളുകള്‍ക്കായി 540 കോടി രൂപയ്ക്കും 19 കന്യാ ശിക്ഷാ പരിസാറുകള്ക്ക് 589 കോടി രൂപയ്ക്കും ആദിവാസി ക്ഷേമ വകുപ്പിന് അംഗീകാരം ലഭിച്ചതായി അറിയിപ്പില്‍ പറയുന്നു.
ഭിന്ദ് ജില്ലയിലെ മലന്പൂരില് സൈനിക സ്കൂള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു, പദ്ധതിക്കായി 100 കോടി രൂപ പ്രതിരോധ ഗവേഷണ വികസന സംഘടന നല്‍കും.സൈനിക സ്കൂളിന്റെ ഫര്‍ണിച്ചറുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: