പാര്‍ലമെന്ററി ജനാധിപത്യം എന്ന സംവിധാനത്തെയും, ജനപ്രതിനിധികള്‍ക്കുള്ള സവിശേഷാധികാരത്തെയും പ്രതിപക്ഷം ദുരുപയോഗിക്കുന്നതിന്റെ തെളിവാണ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്സഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം. പരാജയം ഉറപ്പാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ സമ്മതിച്ചിട്ടും ഇങ്ങനെയൊരു നടപടി അവരുടെ ഭാഗത്തുനിന്നുണ്ടായത് ജനാധിപത്യ മര്യാദയ്ക്കും രാഷ്ട്രീയ സദാചാരത്തിനും ചേര്‍ന്നതല്ല. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ലോക്സഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് സ്വാഭാവികം. ഇത് അറിയാമായിരുന്നിട്ടും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശം. എന്നാല്‍ മണിപ്പൂര്‍ ഉള്‍പ്പെടെ പാര്‍ലമെന്റിനു പുറത്ത് കുറെക്കാലമായി ഉന്നയിക്കപ്പെട്ടുപോരുന്നതും, ബിജെപിയും പ്രധാനമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കിക്കഴിഞ്ഞതുമായ പ്രശ്നങ്ങളാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉന്നയിച്ചത്. രംഗം കൊഴുപ്പിക്കാന്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഇതിനൊപ്പം ചേര്‍ത്തു എന്നതുമാത്രമായിരുന്നു പ്രത്യേകത. ആത്മാര്‍ത്ഥതയില്ലാതെയാണ് പ്രതിപക്ഷം പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചത്. ഇതിന് വായടപ്പിക്കുന്ന മറുപടികള്‍ ഭരണപക്ഷത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണമെന്ന ലക്ഷ്യം മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിനുണ്ടായിരുന്നത്. അതില്‍ അവര്‍ വിജയിച്ചില്ലെന്നു മാത്രമല്ല, സ്വയം പ്രതിക്കൂട്ടിലാവുകയും ചെയ്തു.
പ്രതിപക്ഷത്തിന് മറുപടി നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ദീര്‍ഘമായ പ്രസംഗം ഒരു റെക്കോര്‍ഡായിരുന്നു. ഇതിനു മുന്‍പ് പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ മറികടക്കുന്നതായിരുന്നു ഇത്. ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ ഷാ മറുപടി നല്കി. മണിപ്പൂരിലെ കലാപത്തിന്റെ പ്രശ്നമുന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുന്ന മറുപടിയാണ് ഷാ നല്‍കിയത്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയുമൊക്കെ പ്രധാനമന്ത്രിമാരായിരുന്ന കാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയവും വംശീയവുമായ കലാപങ്ങള്‍ നടന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കണക്കുകള്‍ നിരത്തി പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. ഇതിന് മറുപടി പറയാന്‍ പ്രതിപക്ഷത്തെ ആര്‍ക്കും കഴിഞ്ഞില്ല. ഇതിനുപകരം ഒച്ചവച്ച് പ്രസംഗം തടസ്സപ്പെടുത്തുകയും, മോശമായി പെരുമാറി അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുകയുമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരു വിരല്‍ചൂണ്ടിയപ്പോള്‍ ഒരുപാടു വിരലുകള്‍ അവര്‍ക്കെതിരെ തിരിയുന്നതാണ് കണ്ടത്. ചൈനയുടെ പണം വാങ്ങി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ന്യൂസ് ക്ലിക്ക് എന്ന മാധ്യമവുമായി പ്രതിപക്ഷ നേതാക്കള്‍ക്കുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ബിജെപി അംഗം നിഷികാന്ത് ദുബെ പുറത്തുവിട്ടപ്പോള്‍ ജനങ്ങള്‍ അവരുടെ വികൃതമുഖം തെളിഞ്ഞുകണ്ടു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയുമൊക്കെ നേതാക്കള്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രചാരവേലകള്‍ ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന സത്യവും വെളിപ്പെട്ടു.
പ്രതിപക്ഷത്തെ ആശയക്കുഴപ്പവും ഐക്യമില്ലായ്മയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പകല്‍പോലെ വ്യക്തമായി. സര്‍ക്കാരിനെതിരെ ആദ്യം സംസാരിക്കുക മാനനഷ്ടക്കേസില്‍ അംഗത്വം തിരിച്ചുകിട്ടിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ആയിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സമയമായപ്പോള്‍ രാഹുല്‍ പിന്മാറി. പിന്നീട് പ്രസംഗിച്ചപ്പോഴാകട്ടെ ഒരു പ്രശ്നവും ശരിയായി ഉന്നയിക്കാതെ കഥകള്‍ പറഞ്ഞ് സമയം കളഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റും രാഹുലിന്റെ അപക്വത തുറന്നുകാട്ടിയപ്പോള്‍ സഭയുടെ അന്തസ്സിന് നിരക്കാത്തവിധത്തില്‍ പെരുമാറി പുറത്തുപോവുകയാണ് അയാള്‍ ചെയ്തത്. നേതാവിനെ പ്രീതിപ്പെടുത്താനാവണം, മറ്റു പല കോണ്‍ഗ്രസ് നേതാക്കളും മോശമായി പെരുമാറി. പ്രതിപക്ഷം ഉന്നയിച്ചതും ഉന്നയിക്കാത്തതുമായ പ്രശ്നങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പാര്‍ലമെന്റിനകത്തും പുറത്തും ആത്മവിശ്വാസത്തിന്റെ അലകളുയര്‍ത്തി. താന്‍ അഞ്ച് വര്‍ഷം നല്‍കിയിട്ടും തയ്യാറെടുക്കാന്‍ കഴിയാത്തവരാണ് പ്രതിപക്ഷമെന്ന് പരിഹസിച്ച പ്രധാനമന്ത്രി, കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നും, അപ്പോള്‍ വീണ്ടും ഒരു അവിശ്വാസപ്രമേയം കൂടി അവതരിപ്പിക്കാമെന്നും പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസം സര്‍ക്കാരിനെയാണെന്നും പ്രതിപക്ഷത്തെയല്ലെന്നും അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, എതിര്‍ക്കുന്തോറും തങ്ങള്‍ കൂടുതല്‍ ശക്തരാവുകയാണെന്നും, കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും അതാണുണ്ടായതെന്നും ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നു പറഞ്ഞുകൊണ്ടിരുന്ന പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി അതിന് മുതിര്‍ന്നപ്പോള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ ഒളിച്ചോടുകയാണുണ്ടായത്. പ്രതിപക്ഷം എത്തിനില്‍ക്കുന്ന അധഃപതനത്തിന്റെ ആഴമാണ് ഇത് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: