ന്യൂദല്‍ഹി: പ്രതികളുടെ അസാന്നിധ്യത്തിലും ഇന്ത്യയില്‍ വിചാരണ നടത്താന്‍ (Trial in Absentia) അനുവദിക്കുന്ന വകുപ്പ് പുതിയ ക്രിമിനല്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താനുദ്ദേശിച്ച് അമിത് ഷാ വെള്ളിയാഴ്ച ലോക് സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍ പ്രതികള്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും അവരെ വിചാരണ ചെയ്യാനുള്ള വകുപ്പ് ചേര്‍ത്തിരിക്കുകയാണ്.
ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോകനായകര്‍ക്ക് ഈ നിയമം വിനയാകും. “പല കേസുകളിലും പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഓടിപ്പോയി. ഇന്ത്യയിലെ സെഷന്‍സ് കോടതി ജഡ്ജി ഒരാളെ പാപ്പരായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അയാള്‍ ഇന്ത്യയില്‍ ഇല്ലെങ്കില്‍പ്പോലും അയാള്‍ക്കെതിരായ കേസില്‍ ഇവിടെ വിചാരണ നടക്കും. ശിക്ഷ വിധിച്ചാല്‍ അയാള്‍ ലോകത്തെവിടെയാണെങ്കിലും ശിക്ഷിക്കപ്പെടും.”- അമിത് ഷാ പറഞ്ഞു.
ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം വിദേശരാജ്യങ്ങളില്‍ അഭയം തേടിയാല്‍ ആ കേസില്‍ വിചാരണ ഒച്ച് വേഗത്തിലിഴയുന്നതിനാല്‍ ഈ പ്രതികള്‍ക്ക് വര്‍ഷങ്ങളോളം, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാവുന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷം മാറും.
വിദേശത്ത് അഭയം തേടിയ കുറ്റവാളികളായ തഹവൂര്‍ റാണ, നീരവ് മോദി, വിജയ് മല്ല്യ തുടങ്ങിയവര്‍ക്കും പുതിയ വകുപ്പ് വെല്ലുവിളിയാകും. കുറ്റം ചെയ്ത ശേഷം ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാമെന്ന് ആലോചിക്കുന്നവര്‍ക്കും ഈ വകുപ്പ് താക്കീതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: