തിരുവല്ല: നീന്തല്‍ക്കുളം അനാഥമായി കിടക്കുന്നു. കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം, ആരോഗ്യം ക്രമപ്പെടുത്താന്‍ എല്ലാവര്ക്കും നീന്താനുളള അവസരം. പ്രതീക്ഷകള്‍ നല്‍കിയാണ് ഒന്പതുവര്ഷംമുമ്പ് നഗരമധ്യത്തില്‍ നീന്തല്‍ക്കുളം പണിതുടങ്ങിയത്.
ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്. പണി തീര്‍ത്ത് നഗരസഭയ്ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍. 2014- ല്‍ തുടങ്ങിയ പണികള്‍ രണ്ടുവര്‍ഷത്തിനിടെ തീര്‍ന്നു. മേല്‍ക്കൂര, ചുറ്റുമതില്‍ എന്നിവ ഇല്ലാതെയാണ് പൂള് പണിതത്. പിന്നീട് 29.69 ലക്ഷം രൂപ നഗരസഭ മുന്‍കൈയെടുത്ത് മുടക്കി. മേല്‍ക്കൂരയിട്ടു. ചുറ്റുമതില്‍ പൂര്‍ത്തിയായില്ല. ഈ പണികളെല്ലാം പിന്നീട് വിവാദത്തിലുമായി. പുഷ്പഗിരി റോഡില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനോടുചേര്‍ന്നുള്ള അരേയക്കര്‍ സ്ഥലമാണ് പൂളിനായി നഗരസഭ വിട്ടുനല്‍കിയത്. ആധുനിക രീതിയില്‍ പണിത കുളവും മുകളിലെ മറയും എല്ലാം നാശാവസ്ഥയിലായി. പബ്ലിക് സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാനില്‍പ്പെടുന്ന സ്ഥലമാണ്്.
വന്‍തുക മുടക്കിയ കുളത്തിലെ ജല സംവിധാനങ്ങള്‍ കുറ്റമറ്റതായിരുന്നില്ല. ക്രമമായി വെള്ളം ഒഴുക്കിക്കളയുകയും പുതിയത് നിറയ്ക്കുകയും ചെയ്ത് ശുചീകരണ നിലവാരം നിലനിര്‍ത്താനുള്ള സംവിധാനം പാളി. നിരവധി പരിശോധനകള്‍ നടത്തിയശേഷം മോട്ടോറിലെ തകരാര്‍ പരിഹരിച്ചു. നടത്തിപ്പ് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി.
ജില്ലാ അക്വാട്ടിക് അസോസിയേഷന് സൗജന്യമായി നടത്തിപ്പ് വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. 2017-ലായിരുന്നു ഈ തര്‍ക്കങ്ങള്‍. ഭൂരിപക്ഷം കൗണ്‍സിലര്‍മാരും നഗരസഭ നേരിട്ട് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിന്നു.
നടത്തിപ്പിന് നഗരസഭ പലരില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചു. എന്നാല്‍, സ്വകാര്യ ഏജന്‍സി നീന്തല്‍ക്കുളം ഏറ്റെടുത്തുനടത്തുന്നത് കരാറിന് വിരുദ്ധമാണെന്ന് കായിക യുവജനക്ഷേമ വകുപ്പ് ചൂണ്ടിക്കാണിച്ചതോടെ നഗരസഭ പിന്മാറി. നീന്തല്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ പങ്കെടുക്കുന്നവരുടെ ഡ്രസിങ് മുറിയടക്കം പലകാര്യങ്ങളും ഇവിടെ പൂര്‍ത്തീകരിച്ചില്ല.
ഈ വിഷയം സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ 2018 ഒക്ടോബര്‍ 12-ലെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 28-ന് സ്പോര്‍ട്സ് ഡയറക്ടറുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടത്തി. കിറ്റ്കോയില്‍നിന്ന് എന്‍ജിനീയര്‍മാരെത്തി പണി പൂര്‍ത്തീകരിക്കുന്നതിന് 30 ലക്ഷം രൂപ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുനല്‍കി.
എസ്റ്റിമേറ്റ് സര്‍ക്കാറിന് അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍യാതൊരു നീക്കമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: